19 June Tuesday

ഗോപിനാഥ് മുതുകാടിന്റെ 'കഥയുടെ ഇന്ദ്രജാലം' ഇന്ന്

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018
കണ്ണൂർ > മജീഷ്യൻ ഗോപിനാഥ് മുതുകാട് അവതരിപ്പിക്കുന്ന 'കഥയുടെ ഇന്ദ്രജാലം' വെള്ളിയാഴ്ച അരങ്ങിലെത്തും. വൈകിട്ട് ആറിന് കണ്ണൂർ ടൗൺസ്ക്വയറിലാണ് പരിപാടി.  30 വർഷം മുമ്പ്  ടി പത്മനാഭൻ എഴുതിയ 'ഒടുവിലത്തെ പാട്ട്' എന്ന കഥയുടെ ആവിഷ്കാരമാണിത്. 
പ്രശസ്ത ജാലവിദ്യക്കാരൻ വാർധക്യത്തിൽ നേരിടുന്ന അവഗണനയാണ്  ഇതിവൃത്തം. ജീവിതകാലം മുഴുവനെടുത്തു പഠിച്ച ജാലവിദ്യ മൂന്ന് മണിക്കൂർകൊണ്ടു പഠിച്ച നൃത്തത്തിന് മുന്നിൽ  അപമാനിക്കപ്പെടുന്നു. വേദനയോടെ ഇറങ്ങിപ്പോകുന്ന മജീഷ്യനെ മുസ്തഫ എന്ന ബാലൻ പിന്തുടരുന്നു. മാജിക് പെട്ടി ചുമന്നതിന് പണം നൽകിയപ്പോൾ പണം വേണ്ട മാജിക് പഠിപ്പിച്ചാൽ മതിയെന്നു  ബാലൻ പറയുന്നു. എത്ര അവഗണനയും അവഹേളനവും നേരിട്ടാലും നന്മയുടെ പ്രകാശം ഏറ്റുവാങ്ങാൻ പുതിയ തലമുറ വരുമെന്ന സന്ദേശത്തോടെയാണ് അവസാനിക്കുന്നത്.  
മാജിക്, നാടകം, സ്ക്രീനിങ്  എന്നീ സങ്കേതങ്ങൾ ഉപയോഗിച്ചാണ് കഥയിലെ ചിന്തകളും യാഥാർഥ്യങ്ങളും അവതരിപ്പിക്കുന്നത്. ഗോപിനാഥ് മുതുകാട് മജീഷ്യനായി എത്തുന്നു. ശ്രീകാന്ത് കോട്ടയ്ക്കലാണ് രചന. ജിത്തു കോളയാട് സംവിധാനവും.
 
പ്രധാന വാർത്തകൾ
Top