18 October Thursday

പിണറായി സിഎച്ച്സിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണം

വെബ് ഡെസ്‌ക്‌Updated: Friday Dec 8, 2017

സിപിഐ എം പിണറായി ഏരിയാസമ്മേളന പൊതുസമ്മേളനം കിണവക്കലിലെ സേലം ജയില്‍ രക്തസാക്ഷി നഗറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

 കിണവക്കല്‍ > പിണറായി കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തണമെന്ന് സിപിഐ എം പിണറായി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പിണറായി, പാറപ്രം, ധര്‍മടം, വടക്കുമ്പാട്, എരഞ്ഞോളി, കതിരൂര്‍, പാതിരിയാട്, പടുവിലായി, വേങ്ങാട് തുടങ്ങിയ പ്രദേശങ്ങളില്‍നിന്നായി നൂറുകണക്കിന് രോഗികളാണ് ദിവസേന ഇവിടെ ചികിത്സതേടിയെത്തുന്നത്. ഇത്രയും രോഗികളെ പൂര്‍ണമായി തൃപ്തിപ്പെടുത്താന്‍ നിലവിലുള്ള സംവിധാനത്തിന് സാധിക്കുന്നില്ല. ചികിത്സാരംഗത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍കൂടി കണക്കിലെടുത്ത് പിണറായി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെ അടിയന്തരമായി അപ്ഗ്രേഡ് ചെയ്യണമെന്ന് സമ്മേളനം പ്രമേയത്തില്‍ പറഞ്ഞു.

ട്രാക്കോ കേബിളിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുകയും നിയമനപ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യുക, ഗവ. ബ്രണ്ണന്‍ കോളേജിലും പാലയാട് യൂണിവേഴ്സിറ്റി സെന്ററിലും പുതിയ കോഴ്സുകള്‍ ആരംഭിക്കുക, ഇവിടങ്ങളിലെ അടിസ്ഥാന സൌകര്യം മെച്ചപ്പെടുത്തുക, പിണറായി ഐഎച്ച്ആര്‍ഡി കോളേജിന് പുതിയ കെട്ടിടം പണിയുക, ഇതിനായി കോളേജ് ഡയറക്ടറുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ഭൂമി യുഡിഎഫ് ഭരണകാലത്ത് വനം വകുപ്പ് പിടിച്ചെടുത്ത നടപടി റദ്ദാക്കി കോളേജിന് തന്നെ വിട്ടുകൊടുക്കുക,  ധര്‍മ്മടം റെയില്‍വേ സ്റ്റേഷന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണുക, എല്ലാ പാസഞ്ചര്‍ ട്രെയിനുകള്‍ക്കും ഇവിടെ സ്റ്റോപ്പ് അനുവദിക്കുക, വേങ്ങാട് വിത്തുല്‍പാദന കേന്ദ്രത്തില്‍ കാര്‍ഷിക പോളിടെക്നിക് ആരംഭിക്കുക, തട്ടാരി പാലം പുതുക്കിപ്പണിയുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു
വ്യാഴാഴ്ച പ്രതിനിധി സമ്മേളനത്തില്‍ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചകള്‍ക്ക് ഏരിയാ സെക്രട്ടറി കെ ശശിധരനും ജില്ലാ സെക്രട്ടറി പി ജയരാജനും മറുപടി നല്‍കി. തുടര്‍ന്ന് ഇരുപതംഗ ഏരിയാ കമ്മിറ്റിയെയും 24 ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. ക്രഡന്‍ഷ്യല്‍ കമ്മിറ്റി കണ്‍വീനര്‍ എം മോഹനന്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ പി സഹദേവന്‍, ജില്ലാ സെക്രട്ടറിയറ്റംഗം എം പ്രകാശന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു. സ്വാഗതസംഘത്തിനുവേണ്ടി സി രാജീവന്‍ നന്ദി പറഞ്ഞു. 
വൈകിട്ട് പുറക്കളം പോസ്റ്റ് ഓഫീസ് കേന്ദ്രീകരിച്ച് ആരംഭിച്ച വളണ്ടിയര്‍ മാര്‍ച്ചും ബഹുജന പ്രകടനവും ഏരിയയില്‍ പാര്‍ടിയുടെ കരുത്ത് വിളിച്ചോതുന്നതായി. നാടിനെ ചെങ്കടലാക്കിയ റാലിക്കുശേഷം കിണവക്കലിലെ സേലം ജയില്‍ രക്തസാക്ഷി നഗറില്‍ ചേര്‍ന്ന പൊതുസമ്മേളനം പാര്‍ടി പൊളിറ്റ് ബ്യൂറോ അംഗംകൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 
ഏരിയാസെക്രട്ടറി കെ ശശിധരന്‍ അധ്യക്ഷനായി. കെ കെ നാരായണന്‍, എം പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. കെ മനോഹരന്‍ സ്വാഗതം പറഞ്ഞു. കലാപരിപാടികളും അരങ്ങേറി.
പ്രധാന വാർത്തകൾ
Top