Top
17
Sunday, December 2017
About UsE-Paper

പയ്യന്നൂരും ആലക്കോടും ചെങ്കൊടി ഉയര്‍ന്നു

Friday Dec 8, 2017
വെബ് ഡെസ്‌ക്‌
സിപിഐ എം ആലക്കോട് ഏരിയാ സമ്മേളനത്തിന് തുടക്കംകുറിച്ച് പൊതുസമ്മേളന നഗരിയായ ഫിദല്‍ കാസ്ട്രോ നഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എന്‍ എം രാജു പതാക ഉയര്‍ത്തുന്നു.

 കരിവെള്ളൂര്‍ > കരിവെള്ളൂര്‍ സമരത്തിന്റെ രണസ്മരണകള്‍ ഇരമ്പുന്ന പോരാട്ട ഭൂമിയില്‍ സിപിഐ എം പയ്യന്നൂര്‍ ഏരിയാ സമ്മേളനത്തിന് ചെങ്കൊടി ഉയര്‍ന്നു. കരിവെള്ളൂര്‍ രക്തസാക്ഷികളായ തിടില്‍ കണ്ണന്റെയും കീനേരി കുഞ്ഞമ്പുവിന്റെയും പെരളം രക്തസാക്ഷി പുന്നക്കോടന്റെയും സ്മരണകള്‍ തുടിക്കുന്ന അന്തരീക്ഷത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ അഡ്വ. കെ വിജയകുമാര്‍ പതാക ഉയര്‍ത്തി. 

ഏരിയാ സെക്രട്ടറി ടി ഐ മധുസൂദനന്‍ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗം സി കൃഷ്ണന്‍ എംഎല്‍എ, ജില്ലാ കമ്മിറ്റിയംഗം അഡ്വ. പി സന്തോഷ്, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ കെ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. മുനയന്‍കുന്ന് സമരസേനാനി പരിയാരത്ത് കുഞ്ഞികൃഷ്ണന്‍ നായരടക്കം പഴയപോരാളികളും ചടങ്ങിനെത്തി. 22-ാം പാര്‍ടി കോണ്‍ഗ്രസിനെ സുചിപ്പിക്കുംവിധം 22 അമിട്ടുകള്‍ ആകാശത്ത് ഉയര്‍ന്ന്പൊട്ടി.  
 പതാകജാഥ കോറോം രക്തസാക്ഷികളുടെ സ്മൃതി മണ്ഡപത്തില്‍നിന്ന് പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി ഐ മധുസൂദനന്‍ ജാഥാ ലീഡര്‍ പി വി കുഞ്ഞപ്പന് നല്‍കി  ഉദ്ഘാടനം ചെയ്തു. കെ പി മധു അധ്യക്ഷനായി. എ വി കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു.  
കൊടിമരജാഥ പെരളം രക്തസാക്ഷി പുന്നക്കോടന്‍ കുഞ്ഞമ്പുവിന്റെ ബലികുടീരത്തില്‍നിന്നും കെ രാഘവന്‍ ജാഥാലീഡര്‍ എം രാഘവന് കൈമാറി ഉദ്ഘാടനം ചെയ്തു. ടി ഗോപാലന്‍ അധ്യക്ഷനായി. എം വി അപ്പുക്കുട്ടന്‍ സംസാരിച്ചു. പി പി സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു. ഇരു ജാഥകളും പലിയേരിയില്‍ കേന്ദ്രീകരിച്ച് ബൈക്കുകളില്‍ ചെങ്കോടിയേന്തിയ ചുവപ്പ് വളണ്ടിയര്‍മാരുടെയും ബാന്റ്വാദ്യത്തിന്റെയും അകമ്പടിയോടെയാണ് ഇരുജാഥകളും എ വി നഗറിലേക്ക് പ്രയാണം തുടങ്ങിയത്. 
കരിവെള്ളൂര്‍ ബസാര്‍ വഴി ആയിരങ്ങളുടെ അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങിയാണ് ജാഥകള്‍ പൊതുസമ്മേളന നഗരിയായ ഓണക്കുന്ന് എ വി നഗറിലെത്തിയത്. ജാഥാലീഡര്‍ എം രാഘവനില്‍നിന്ന് കൊടിമരം എം വി അപ്പുക്കുട്ടന്‍ ഏറ്റുവാങ്ങി. പതാക ജാഥാ ലീഡര്‍ പി വി കുഞ്ഞപ്പനില്‍ അപ്യാല്‍ രാഘവന്‍ ഏറ്റുവാങ്ങി. പതാക ഉയര്‍ത്തല്‍ ചടങ്ങിന് സാക്ഷിയാകാന്‍ കരിവെള്ളൂര്‍ ഗ്രാമം ഒന്നാകെ പൊതുസമ്മേളന നഗരിയായ എ വി നഗറിലേക്ക് ഒഴുകിയെത്തി.
വെള്ളിയാഴ്ച രാവിലെ പ്രതിനിധി സമ്മേളനം കരിവെള്ളൂര്‍ രക്തസാക്ഷിനഗറിലെ ഇ പി തമ്പാന്‍ മാസ്റ്റര്‍ നഗറില്‍ ഉയര്‍ത്താനുള്ള പതാക കുണിയനിലെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും പാവൂര്‍ നാാരായണന്റെ നേതൃത്വത്തില്‍ എത്തിക്കും. തുടര്‍ന്ന് കരിവെള്ളൂരിലെ ആദ്യകാലപ്രവര്‍ത്തകനും മുതിര്‍ന്ന പാര്‍ടി അംഗവുമായ ഇ അമ്പുവൈദ്യര്‍ പതാക ഉയര്‍ത്തും. 
രാവിലെ പത്തിന് പ്രതിനിധി സമ്മേളനം സംസ്ഥാനകമ്മിറ്റിയംഗം കെ കെ രാഗേഷ് എംപി ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച   വൈകിട്ട് നാലിന് പാലക്കുന്ന് കേന്ദ്രീകരിച്ച് വളണ്ടിയര്‍ മാര്‍ച്ചും പൊതുപ്രകടനവും നടക്കും. തുടര്‍ന്ന് ഓണക്കുന്ന് എ വി നഗറില്‍ പൊതുസമ്മേളനം പി കെ ബിജു എംപി ഉദ്ഘാടനം ചെയ്യും.  തുടര്‍ന്ന് കെ പി ആര്‍ പണിക്കര്‍ ഗായകസംഘത്തിന്റെ വിപ്ളവഗാനമേളയും നടക്കും.
ആലക്കോട് > സിപിഐ എം ആലക്കോട് ഏരിയാ സമ്മേളനത്തിന് കാര്‍ത്തികപുരത്ത് പതാകയുയര്‍ന്നു. പൊതുസമ്മേളന നഗരിയായ ഫിദല്‍ കാസ്ട്രോ നഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എന്‍ എം രാജു പതാക ഉയര്‍ത്തി. പി വി ബാബുരാജ് സംസാരിച്ചു. വെള്ളി, ശനി ദിവസങ്ങളില്‍ കാര്‍ത്തികപുരത്തെ വി വി ദക്ഷിണാമൂര്‍ത്തി നഗറിലാണ് പ്രതിനിധി സമ്മേളനം. 
പതാക മഠംതട്ട് ജോസ് രക്തസാക്ഷി നഗറില്‍ ജില്ലാ സെക്രട്ടറിയറ്റംഗം കെ എം ജോസഫ്  ലീഡര്‍ പി രവീന്ദ്രന് കൈമാറി. പി ജെ ജോസ് അധ്യക്ഷനായി. കെ കുഞ്ഞിക്കോരന്‍ സംസാരിച്ചു. കെ അനൂപ് സ്വാഗതം പറഞ്ഞു. ദീപശിഖ മാമ്പളം രാജീവന്‍ രക്തസാക്ഷി നഗറില്‍ ഏരിയാ സെക്രട്ടറി പി വി ബാബുരാജ് ലീഡര്‍ ടി പ്രഭാകരന് കൈമാറി. ലക്ഷ്മി രാഘവന്‍ അധ്യക്ഷയായി. പി രാമചന്ദ്രന്‍ സംസാരിച്ചു. സാജു ജോസഫ് സ്വാഗതം പറഞ്ഞു. 
കൊടിമരം പൂവംചാലില്‍ വി സി അഗസ്റ്റ്യന്‍ സ്മൃതി മണ്ഡപത്തില്‍നിന്ന് ജില്ലാ കമ്മിറ്റിയംഗം എം കരുണാകരന്‍ ലീഡര്‍ വി പി ഗോവിന്ദന് കൈമാറി. രാജി രഞ്ജിത് അധ്യക്ഷയായി. ടി സുബൈര്‍ സ്വാഗതം പറഞ്ഞു.  മൂന്ന് ജാഥകളും പൊതു സമ്മേളന നഗരിയായ ഫിദല്‍ കാസ്ട്രോ നഗറില്‍ സംഗമിച്ചു. പതാക കെ എസ് ചന്ദ്രശേഖരനും കൊടിമരം സാജന്‍ കെ ജോസഫും ദീപശിഖ വി പി ചെറിയാനും ഏറ്റുവാങ്ങി. 
വെള്ളിയാഴ്ച രാവിലെ പത്തിന് പ്രതിനിധി സമ്മേളനം വി വി ദക്ഷിണാമൂര്‍ത്തി നഗറില്‍ സംസ്ഥാനകമ്മിറ്റിയംഗം എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച വൈകിട്ട് നാലിന് റെഡ് വളണ്ടിയര്‍ മാര്‍ച്ചും പ്രകടനവും ഉദയഗിരിയില്‍നിന്നാരംഭിച്ച് പൊതുസമ്മേളന നഗരിയായ കാര്‍ത്തികപുരത്ത് ഫിദല്‍ കാസ്ട്രോ നഗറില്‍ സമാപിക്കും. പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം സൂസന്‍ കോടി ഉദ്ഘാടനംചെയ്യും.