Top
18
Monday, December 2017
About UsE-Paper

ക്ഷീരകൃഷി തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തണം: മന്ത്രി കെ രാജു

Friday Dec 8, 2017
വെബ് ഡെസ്‌ക്‌
ജില്ലാ ക്ഷീരകര്‍ഷക സംഗമത്തിന്റെ സമാപനം മുണ്ടേരിയില്‍ മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്യുന്നു.

 അഞ്ചരക്കണ്ടി > ക്ഷീരകൃഷി തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവണമെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ മന്ത്രി കെ രാജു ആവശ്യപ്പെട്ടു. ഏച്ചൂര്‍ സിആര്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ ക്ഷീരകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷീരകൃഷി തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെട്ടിട്ടും കേന്ദ്രം അംഗീകരിച്ചിട്ടില്ല. കേന്ദ്രം ഇതുവരെ ഈ മേഖല കൃഷിയായി പോലും അംഗീകരിച്ചിട്ടില്ല. ഇതുമൂലം മറ്റ് കര്‍ഷകര്‍ക്ക് നാല് ശതമാനം പലിശ നിരക്കില്‍ വായ്പ ലഭിക്കുമ്പോള്‍ ക്ഷീരകര്‍ഷകര്‍ 12 ശതമാനം പലിശ നല്‍കേണ്ടി വരുന്നു. 

സംസ്ഥാനത്തിന് ആവശ്യമുള്ള പാലിന്റെ 85 ശതമാനം ഇവിടെ ഉല്‍പാദിപ്പിക്കുന്നു. 15 ശതമാനത്തിന്റെ കുറവ് അടുത്ത വര്‍ഷം മറികടക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ 19 മൃഗാശുപത്രികളില്‍ 18ലും വെറ്ററിനറി ഡോക്ടര്‍മാരെ നിയമിച്ചു. തലശേരി, പയ്യന്നൂര്‍, തളിപ്പറമ്പ് ബ്ളോക്ക് പഞ്ചായത്തുകളിലും നാല് പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി ആലക്കോട് ആസ്ഥാനമായും ഡയറി സോണ്‍ പദ്ധതി നടപ്പാക്കും.  ഈ പദ്ധതിയിലൂടെ ഓരോ സോണിനും ഓരോ വര്‍ഷം 50 ലക്ഷം രൂപ വീതം അനുവദിക്കും. തുടര്‍ പദ്ധതിയായി രണ്ടര കോടി രൂപ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
ചടങ്ങില്‍ അധ്യക്ഷനായ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മൊബൈല്‍ ആപ് പ്രകാശനവും നിര്‍വഹിച്ചു. സണ്ണി ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, എടക്കാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം സി മോഹനന്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ വി കെ സുരേഷ്ബാബു, മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ  പങ്കജാക്ഷന്‍, ക്ഷീരകര്‍ഷക ക്ഷേമനിധി ചെയര്‍മാന്‍ അഡ്വ. എന്‍ രാജന്‍, കേരള ഫീഡ്സ് ചെയര്‍മാന്‍ കെ എസ് ഇന്ദുശേഖരന്‍ നായര്‍, മലബാര്‍ മേഖലാ ക്ഷീരോല്‍പാദക യൂനിയന്‍ ചെയര്‍മന്‍ കെ എന്‍ സുരേന്ദ്രന്‍ നായര്‍, പി ലിസി, കെ മഹിജ, ടി ഒ മോഹനന്‍, പി സി അഹമ്മദ് കുട്ടി, സി  ബാലകൃഷ്ണന്‍, കെ ശശീന്ദ്രന്‍, ജോസഫ് പരവന്‍ പറമ്പില്‍, എം എം ജോസഫ് എന്നിവര്‍ ക്ഷീരസംഘങ്ങളെയും ക്ഷീരകര്‍ഷകരെയും ആദരിക്കലും വിവിധ മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എബ്രഹാം ടി ജോസഫ് പദ്ധതി വിശദീകരിച്ചു. കട്ടേരി പ്രകാശന്‍ സ്വാഗതവും ജെയിന്‍ ജോര്‍ജ് നന്ദിയും പറഞ്ഞു.