17 July Tuesday

ഒക്ടോബര്‍ വിപ്ളവ ശതാബ്ദി നായനാര്‍ അക്കാദമിയിലും

വെബ് ഡെസ്‌ക്‌Updated: Wednesday Nov 8, 2017

ഒക്ടോബര്‍ വിപ്ളവ ശതാബ്ദിയാഘോഷ സമാപനത്തിന്റെ ഭാഗമായി നായനാര്‍ അക്കാദമിയില്‍ സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പതാക ഉയര്‍ത്തുന്നു

കണ്ണൂര്‍> നിര്‍മാണ പ്രവൃത്തി അന്തിമഘട്ടത്തിലെത്തിനില്‍ക്കുന്ന കണ്ണൂര്‍ ബര്‍ണശേരിയിലെ നായനാര്‍ അക്കാദമിയില്‍ ചെങ്കൊടി ഉയര്‍ന്നു. ഒക്ടോബര്‍ വിപ്ളവ ശതാബ്ദിയാഘോഷ സമാപനത്തിന്റെ ഭാഗമായി സിപിഐ എം നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ ബ്രാഞ്ചിലും ചൊവ്വാഴ്ച പതാക ഉയര്‍ത്തി. ഇതോടനുബന്ധിച്ചായിരുന്നു അക്കാദമി അങ്കണത്തില്‍ അക്കാദമി ട്രസ്റ്റ് അംഗവും സിപിഐ എം ജില്ലാ സെക്രട്ടറിയുമായ പി ജയരാജന്‍ പതാക ഉയര്‍ത്തിയത്.
അടിമകളെപോലെ ജീവിച്ചിരുന്ന നിസ്വവര്‍ഗത്തെ മനുഷ്യരാക്കി മാറ്റിയത് ഒക്ടോബര്‍ വിപ്ളവമാണെന്ന് പി ജയരാജന്‍ പറഞ്ഞു. മുതലാളിമാരും ഭൂസ്വാമിമാരുമില്ലാതെ വ്യവസായ വിപ്ളവവും കാര്‍ഷിക വിപ്ളവവും സാധിക്കുമെന്ന് തെളിയിച്ചത് ഒക്ടോബര്‍ വിപ്ളവമായിരുന്നു. സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭ്യമാക്കുന്നതടക്കം ജനാധിപത്യബോധം ഇന്നത്തെ നിലയില്‍ വളര്‍ത്തിയെടുക്കുന്നതിലും ഒക്ടോബര്‍ വിപ്ളവത്തിന് നിര്‍ണായക പങ്കുണ്ട്. 74 വര്‍ഷം ലോകത്തിനാകെ ആവേശവും പ്രചോദനവുമായി നിലകൊണ്ട സോവിയറ്റ് യൂണിയന്റെ പതനത്തിനിടയാക്കിയത് അവിടത്തെ കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കളുടെ മൂല്യത്തകര്‍ച്ചയായിരുന്നു. ജനസേവകരായി മാറുന്ന കമ്യൂണിസ്റ്റ് നേതൃത്വത്തിനു മാത്രമേ മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂവെന്നാണ് ഇതു നല്‍കുന്ന പാഠം. ഇന്ത്യയില്‍ ജനകീയ പ്രശ്നം ഏറ്റെടുത്താണ് കമ്യൂണിസ്റ്റ് പാര്‍ടി മുന്നോട്ട് പോകുന്നതെന്നും ജയരാജന്‍ പറഞ്ഞു. ഏരിയാ സെക്രട്ടറി കെ പി സുധാകരന്‍ അധ്യക്ഷനായി.  കെ വി ദിനേശന്‍ സ്വാഗതം പറഞ്ഞു.
തിരുവനന്തപുരത്തെ ഇ എം എസ് അക്കാദമി മാതൃകയില്‍ പഠനഗവേഷണ കേന്ദ്രം, ചരിത്ര മ്യൂസിയം, കോണ്‍ഫറന്‍സ് ഹാള്‍ എന്നിങ്ങനെ വിപുല സൌകര്യങ്ങളോടെ ഒരുങ്ങുന്ന നായനാര്‍ അക്കാദമി ജനുവരിയോടെ നാടിന് സമര്‍പ്പിക്കും. 22-ാം പാര്‍ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുള്ള ജില്ലാ സമ്മേളനത്തിന് വേദിയാകുന്നതും അക്കാദമിയാണ്.
 
പ്രധാന വാർത്തകൾ
Top