17 November Saturday

കേന്ദ്രനയം വിചാരണ ചെയ‌്ത ‘കണ്ണന്താനം ശൗചാലയം’

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018

പെട്രോൾ ഡീസൽ വിലവർധനക്കെതിരെ ഡിവൈഎഫ്‌ഐ ബ്ലോക്ക്കമ്മിറ്റി തലശേരി ടെലിഫോൺ ഭവനിലേക്ക് നടത്തിയ മാർച്ചിന്റെ മുൻനിരയിൽ കൈവണ്ടിയിൽ വലിച്ചുകൊണ്ടുവരുന്ന കണ്ണന്താനം ശൗചാലയം.

തലശേരി

‘കണ്ണന്താനം ശൗചാലയം’ ഉദ്ഘാടനത്തിന് ‘നരേന്ദ്രമോഡി’യെ ക്ഷണിച്ചപ്പോൾ കൗതുകത്തോടെയാണ് ജനങ്ങൾ തടിച്ചുകൂടിയത്. പ്രതീകാത്മക ശൗചാലയം തുറന്നതിന് പിന്നാലെ ഭായിയോം ഓർ ബഹനോം.. മേരേ പ്യാരി ദേശവാസിയോം....എന്ന മധുരംപൊതിഞ്ഞ മോഡിവചനങ്ങൾ. പെട്രോൾഡീസൽ വിലവർധിപ്പിക്കുന്നത് ശൗചാലയം പണിയാനാണെന്ന കണ്ണന്താനത്തിന്റെ പരാമർശവും കോർപറേറ്റുകളെ സഹായിക്കുന്ന കേന്ദ്രസർക്കാർ നയങ്ങളെയും വിചാരണ ചെയ്യുന്നതായി തലശേരിയിലെ ഡിവൈഎഫ്‌ഐ പ്രതിഷേധം.
പെട്രോൾഡീസൽ വിലവർധനക്കെതിരെ തലശേരി ടെലിഫോൺ ഭവനിലേക്ക് നടത്തിയ മാർച്ചാണ് വിചാരണക്കും പ്രതീകാത്മക ശൗചാലയം ഉദ്ഘാടനത്തിനും വേദിയായത്. മാർച്ചിന് മുന്നിലായി കൈവണ്ടിയിലാണ് കണ്ണന്താനം ശൗചാലയത്തെ സമരകേന്ദ്രത്തിലെത്തിച്ചത്. കൈവണ്ടിയിൽ ശൗചാലയവും വലിച്ച് പോവുന്ന മോഡിയുടെ മുഖംമൂടിധരിച്ച പ്രച്ഛന്നവേഷധാരിയും കൗതുകക്കാഴ്ചയായി.
പുതിയബസ്‌സ്റ്റാൻഡിൽ നിന്നാരംഭിച്ച മാർച്ച് പഴയബസ്‌സ്റ്റാൻഡിലെ ടെലിഫോൺ ഭവൻ പരിസരത്താണ് സമാപിച്ചത്. ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് അഫ്‌സൽ ഉദ്ഘാടനം ചെയ്തു. എൻ പി ജസീൽ അധ്യക്ഷനായി. സി എൻ ജിഥുൻ, എ കെ രമ്യ, മുഹമ്മദ് ഫാസിൽ എന്നിവർ സംസാരിച്ചു. കണ്ണൂർ ആർഎസ്‌ പോസ്‌റ്റ്‌ ഓഫീസിനുമുന്നിൽ ജില്ലാസെക്രട്ടറി വി കെ സനോജ്‌ ഉദ്‌ഘാടനം ചെയ്‌തു. 
പ്രധാന വാർത്തകൾ
Top