25 September Tuesday
പ്രളയദുരിതാശ്വാസം

പ്രചാരണത്തിന്‌ കണ്ണൂരിൽ സൈക്കിൾ ക്യാമ്പയിൻ

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018
കണ്ണൂർ
പ്രളയ ദുരിതാശ്വാസത്തിനായി ഫണ്ട് സ്വരൂപിക്കുന്നതിന‌് 10 മുതൽ 15 വരെ സർക്കാർ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി കണ്ണൂരിൽ ജില്ലാ അധികൃതരും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ജില്ലാ പഞ്ചായത്തും ചേർന്ന് സൈക്കിൾ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. പരിപാടി ഒമ്പതിന്‌ കരിവെള്ളൂരിൽനിന്ന‌് ആരംഭിക്കുമെന്ന‌്  കലക്ടർ മിർ മുഹമ്മദലി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി സുമേഷ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിൽനിന്ന‌് നമ്മുടെ നാടിനെ കരകയറ്റാൻ സർക്കാർ നടത്തുന്ന പരിശ്രമങ്ങളുടെ പ്രചാരണാർഥം വിവിധ കേന്ദ്രങ്ങളിൽനിന്ന‌്ആളുകൾക്ക് മുഴുവനായോ ഭാഗികമായോ പങ്കുചേരാം. കണ്ണൂരിൽനിന്ന് പങ്കെടുക്കുന്ന ആളുകളെയും സൈക്കിളുകളും കരിവെള്ളൂർവരെയും മാഹിയിൽനിന്ന‌് തിരികെ കണ്ണൂർവരെയും എത്തിച്ചു നൽകും. 
രാവിലെ 8.30ന് കരിവെള്ളൂരിൽ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ സൈക്കിൾ ക്യാമ്പയിൽ ഫ്‌ളാഗ് ഓഫ് ചെയ്യും. തുടർന്ന് കരിവെള്ളൂർ പഞ്ചായത്ത് ഓഫീസ്, കോത്തായിമുക്ക്, എടാട്ട്, പിലാത്തറ സർക്കിൾ വഴി പത്തിന‌് പഴയങ്ങാടി എത്തും. 
തുടർന്ന് ചെറുകുന്ന് പഞ്ചായത്ത് ഓഫീസ്, കണ്ണപുരം പഞ്ചായത്ത് ഓഫീസ്, ഇരിണാവ് കുളം, പാപ്പിനിശേരി വെസ്റ്റ്, വളപട്ടണം പാലം, വനിതാ കോളേജ് വഴി 12ന‌് കാൽടെക്‌സ് ജങ‌്ഷനിലെത്തും. തുടർന്ന് ചാല, എടക്കാട്, വഴി മൂന്നിന്‌   മുഴപ്പിലങ്ങാട്ടെത്തും. മീത്തലെപ്പീടിക, സഹകരണ ആശുപത്രി വഴി 4.30ന് തലശേരി കോട്ടവഴി മാഹി പാലത്തിൽ സമാപിക്കും. എടാട്ട്, പഴയങ്ങാടി, കാൽടെക്‌സ് ജങ‌്ഷൻ മുഴപ്പിലങ്ങാട്, തലശേരി കോട്ട എന്നിവിടങ്ങളിൽ സ്വീകരണം നൽകും. വിവിധ കേന്ദ്രങ്ങളിൽ മന്ത്രിമാരായ കെ കെ ശൈലജ, തുറമുഖ  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എംപിമാരായ പി കരുണാകരൻ, പി കെ ശ്രീമതി, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. രജിസ്‌ട്രേഷൻ ആവശ്യമില്ല. താൽപര്യമുള്ള എല്ലാവർക്കും പങ്കെടുക്കാം. ഫോൺ: 9497564545, 9497524545.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top