20 September Thursday

മേൽക്കൂരയില്ല റെയിൽവേ പ്ലാറ്റ‌്ഫോമിൽ യാത്രക്കാർ വഴുതി വീഴുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018
കണ്ണൂർ
 മേൽക്കുരയില്ല റെയിൽവേ പ്ലാറ്റ‌്ഫോമിൽ വഴുതി വീണ് യാത്രക്കാർക്ക് അപകടം പറ്റുന്നത് പതിവാകുന്നു. ജില്ലയിലെ പ്രധാന സ്റ്റേഷനുകളിൽ പോലും പ്ലാറ്റ‌്ഫോം ചോർന്നൊലിക്കുകയാണ്. കണ്ണൂരിൽ നിർമാണ പ്രവൃത്തിയില അപാകമാണ‌്  ചോർച്ചക്ക‌് കാരണം. പല സ്ഥലത്തും പ്ലാറ്റ‌്ഫോമിന‌് മേൽക്കുരയില്ല. 
കണ്ണൂരിൽ അടിപ്പാത നിർമിക്കുന്നതിന്റെ ഭാഗമായി ഒന്ന‌്,  രണ്ട‌് നമ്പർ പ്ലാറ്റ‌്ഫോമിൽ കുറച്ച് ഭാഗത്ത് മേൽക്കുരയില്ല. പ്രധാന ഭാഗത്ത് പുതിയ ടിക്കറ്റ് കൗണ്ടർ നിർമിച്ചപ്പോൾ ഉണ്ടായ അപാകത്താൽ മേൽപാലത്തിൽനിന്ന് ഒന്നാം നമ്പർ പ്ലാറ്റ‌്ഫോമിലേക്ക‌് ഇറങ്ങുന്ന സ്ഥലത്ത്  ചോർച്ചയുണ്ട‌്.  
ജില്ലയിലെ മറ്റ് സ്റ്റേഷനുകളിൽ പലതിലും മേൽക്കൂരയില്ല. മാഹി, തലശേരി, കണ്ണപുരം, പഴയങ്ങാടി, പയ്യന്നൂർ സ്റ്റേഷനുകൾ കൂടുതൽ ട്രെയിനുകൾ നിർത്തുന്ന സ്ഥലമാണ്. ഇവിടെയെത്തുന്ന ആയിരക്കണക്കിന് യാത്രക്കാർ മഴനനഞ്ഞാണ് ട്രെയിനിൽ കയറുന്നതും ഇറങ്ങുന്നതും. 
  ലോക്കൽ സ്റ്റേഷനുകളായ ജഗന്നാഥ ടെമ്പിൾ, ധർമടം, എടക്കാട്, കണ്ണൂർ സൗത്ത്, ചിറക്കൽ, വളപട്ടണം, പാപ്പിനിശേരി, ഏഴിമല തുടങ്ങിയ സ്റ്റേഷനുകളിൽ ചോർച്ച മാത്രമല്ല മറ്റ് സൗകര്യങ്ങളുമില്ല. ആവശ്യത്തിന് പ്ലാറ്റ‌്ഫോമിന‌് നീളവുമില്ല. യാത്രക്കാർ കാട്ടിലാണ് ട്രെയിനിറങ്ങേണ്ടത്.
പ്രധാന വാർത്തകൾ
Top