Top
19
Sunday, November 2017
About UsE-Paper

മാഹിയിലെ ബൈപ്പാസ് ഭൂവുടമകള്‍ക്ക് ഒരുമാസത്തിനകം നഷ്ടപരിഹാരം

Tuesday Nov 7, 2017
സ്വന്തം ലേഖകന്‍

 മയ്യഴി > മാഹിയിലെ ബൈപ്പാസ് ഭൂവുടമകള്‍ക്ക് ഒരുമാസത്തിനകം നഷ്ടപരിഹാരം നല്‍കാനുള്ള നടപടിക്രമം പൂര്‍ത്തിയാവുന്നു. ദേശീയപാത അതോറിറ്റി കേരള റീജണല്‍ ഡയറക്ടര്‍ കേണല്‍ ആഷിഷ് ദിവേദിയുമായി ഡോ. വി രാമചന്ദ്രന്‍ എംഎല്‍എ സംസാരിച്ചതിനെതുടര്‍ന്നാണ് നഷ്ടപരിഹാരത്തുക വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങളുടെ പുരോഗതി അറിയിച്ചത്. 220 ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനായി തുക ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിക്കും. ഇതിനായി മാഹി ലാന്‍ഡ് അക്വിസിഷന്‍ ഓഫീസറുടെ (മാഹി അസ്മിനിസ്ട്രേറ്റര്‍) പേരില്‍ കൊടേക്ക് മഹീന്ദ്രാ ബാങ്കിന്റെ വടകര ശാഖയില്‍ അക്കൌണ്ട് തുടങ്ങി. ഇന്‍ഡസ് ഇന്‍ഡ് ബാങ്കിലും അക്കൌണ്ട് ഉടനെ തുടങ്ങും. ആകെ വിതരണം ചെയ്യാനുള്ള 95 കോടിയോളം (94,79,44,402 രൂപ) രണ്ട് ബാങ്ക് അക്കൌണ്ടുകളിലായാണ് നിക്ഷേപിക്കുക. കൊടേക് മഹീന്ദ്ര ബാങ്ക് അക്കൌണ്ടില്‍ 85 കോടിയും ബാക്കി തുക ഇന്‍ഡസ് ഇന്‍ഡ് ബാങ്കിലുമാണ് നിക്ഷേപിക്കുക. പ്രശ്നം പരിഹരിക്കപ്പെട്ടതോടെ ഹൈവെ അതോറിറ്റി നല്‍കിയ പുതുച്ചേരി പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് കോടതിയിലെ കേസ് 17 ന് പിന്‍വലിക്കും. 

തലശേരി- മാഹി ബൈപ്പാസ് പദ്ധതിയിലെ മാഹിയിലെ ഭൂവുടമകളുടെ ദുരിതത്തിനും കഷ്ടപ്പാടിനുമാണ് ഇതോടെ പരിഹാരമാവുന്നത്.ആഗസ്ത് 31-ന്  മുഖ്യമന്ത്രി വി നാരായണ സ്വാമിയുടെ നേതൃത്വത്തില്‍ പുതുച്ചേരിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. വി രാമചന്ദ്രന്‍ എംഎല്‍എയും ആര്‍ രാധാകൃഷ്ണന്‍ എംപിയും ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരും കര്‍മസമിതി ഭാരവാഹികളും സംബന്ധിച്ച യോഗത്തിലെ തീരുമാനമനുസരിച്ചുള്ള നഷ്ടപരിഹാരത്തുകയാണ് ഒടുവില്‍ അനുവദിച്ചത്. ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി നിശ്ചയിച്ച തുക 74 കോടി രൂപയും തുക നിശ്ചയിച്ച തിയതിമുതല്‍ ഈ തുകയ്ക്കുള്ള ഒമ്പതുശതമാനം പലിശയും നല്‍കാമെന്നായിരുന്നു ഉന്നതതല യോഗത്തിലെ തീരുമാനം. നാല് പതിറ്റാണ്ട് കാലത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ടാണ് നഷ്ടപരിഹാരത്തുക ലഭിക്കുന്നത്. കര്‍മസമിതിയുടെ നിരന്തര പ്രവര്‍ത്തനങ്ങളോടൊപ്പം ഡോ. വി രാമചന്ദ്രന്‍ എംഎല്‍എയുടെ തുടര്‍ച്ചയായ ശ്രമങ്ങളും ഗുണകരമായി. എംഎല്‍എയുടെ നേതൃത്വത്തില്‍ രണ്ടുതവണ കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്ക്കരിയെയും ഉന്നതതലത്തിലുള്ള ഉദ്യോഗസ്ഥരെയും കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി രൂപീകരിച്ച് കോടിയേരിയിലും മറ്റും നഷ്ടപരിഹാരത്തുക നിശ്ചയിച്ച രീതിയില്‍ നല്‍കണമെന്നാവശ്യപ്പെട്ട് 2013ലാണ് മദ്രാസ് ഹൈക്കോടതിയില്‍ കര്‍മസമിതിക്കു വേണ്ടി മണല്‍ കുന്നുമ്മല്‍ ശാന്ത റിട്ട. ഹരജി നല്‍കിയത്. നഷ്ടപരിഹാരത്തുക നേടിയെടുക്കാന്‍ നടത്തിയ നിയമ പോരാട്ടങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിയത് മാഹിയിലെ സാമൂഹിക പ്രവര്‍ത്തകനും അഭിഭാഷകനുമായ ടി അശോക്കുമാറാണ്.വര്‍ഷങ്ങളായി ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം നടത്തിയ കര്‍മസമിതി ഭാരവാഹികളായ കെ പി കുമാരന്‍, അഡ്വ. എ പി അശോകന്‍, ടി കെ ഗംഗാധരന്‍, കണ്ണിപ്പൊയില്‍ ബാബു, ഉത്തമന്‍ തിട്ടയില്‍ തുടങ്ങിയവര്‍ക്കും ഇത് അഭിമാനമുഹൂര്‍ത്തം. മാഹിയിലെ 220 ഭൂവുടമകളുടെയും അവരുടെ ഏതാണ്ട് രണ്ടായിരത്തില്‍പരം അവകാശികളുടെയും കണ്ണീരിന് ഇതോടെ അറുതിയാവും.