Top
17
Sunday, December 2017
About UsE-Paper

ആ'സ്വപ്നം' മിഴിതുറന്നു 200ാം തവണ

Saturday Oct 7, 2017
പി പി സതീഷ് കുമാര്‍

 കണ്ണൂര്‍ > ജില്ലാ ഹോമിയോ ആശുപത്രിയിലെ വന്ധ്യതാ ചികിത്സാ കേന്ദ്രമായ 'ജനനി'ക്ക് ഇരുന്നൂറാം കണ്‍മണിയുടെ ആഹ്ളാദം. ചെങ്ങളായി നിടുവാലൂരിലെ പുളുക്കൂല്‍ വിനോദ് - സതി ദമ്പതികള്‍ക്കാണ് കഴിഞ്ഞദിവസം പെണ്‍കുഞ്ഞ് പിറന്നത്. വിവാഹിതരായി 13വര്‍ഷം പിന്നിടുമ്പോഴാണ് ജീവിതത്തില്‍ ആഹ്ളാദം നിറച്ച് കുഞ്ഞെത്തുന്നത്. വിവിധ ആശുപത്രികളില്‍ അലോപ്പതിയും ആയുര്‍വേദവും മാറിമാറി പരീക്ഷിച്ചശേഷമാണ് ഇവര്‍ ജനനിയിലെത്തിയത്.  മൂന്ന് വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങള്‍ ഇവര്‍ക്ക് ഐവിഎഫ് ചികിത്സ നിര്‍ദേശിച്ചെങ്കിലും സാമ്പത്തിക പ്രയാസംമൂലം പിന്മാറി. നിരവധിതവണ ഐയുഐ  ചെയ്തെങ്കിലും വിജയം കണ്ടില്ല.

ഐവിഎഫ് ചികിത്സക്കാവശ്യമായ ഏഴുലക്ഷംകണ്ടെത്താനാകാതെ നിരാശരായഘട്ടത്തിലാണ് രണ്ടു വര്‍ഷംമുമ്പ് ദേശാഭിമാനി 'നാട്ടുവിശേഷ'ത്തില്‍ ഹോമിയോപ്പതി വന്ധ്യതാ ചികിത്സാ കേന്ദ്രത്തെക്കുറിച്ചുള്ള‘'താരാട്ട് പിറക്കുന്നിടം'’ ഫീച്ചര്‍ വായിച്ച് വിനോദും സതിയും ജനനിയിലെത്തിയത്. രണ്ടുവര്‍ഷം നീണ്ട ചികിത്സക്കൊടുവിലാണ് കുഞ്ഞുപിറന്നത്. ഫര്‍ണിച്ചര്‍ ഷോപ്പില്‍ തൊഴിലെടുക്കുന്ന വിനോദ് ഇതിനകം ചികിത്സക്കായി നാലുലക്ഷം രൂപ ചെലവഴിച്ചു.
“'ജീവിതത്തിലെ സകല പ്രതീക്ഷകളും നശിച്ച ഘട്ടത്തിലാണ് ഇത് സംഭവിച്ചത്. ഒരു രൂപപോലും ചെലവഴിക്കാതെയാണ് ജനനിയിലെ ചികിത്സ. ഇതുപോലുള്ള ചികിത്സാ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ വ്യാപിപ്പിക്കണം'- വിനോദ് പറയുന്നു.
2008ലാണ് അമ്മയും കുഞ്ഞും എന്ന പേരില്‍ വന്ധ്യതാ ചികിത്സാ കേന്ദ്രം ആരംഭിച്ചത്. മാസങ്ങള്‍ക്കു മുമ്പാണ് അമ്മയും കുഞ്ഞും ക്ളിനിക്ക് ജനനിയെന്ന പേര് സ്വീകരിച്ചത്. പെരുമാച്ചേരിയിലെ ബീന- രജിത്ത് ദമ്പതികള്‍ക്ക് ജനിച്ച നന്ദിതാണ് ഇവിടുത്തെ ആദ്യത്തെ കുഞ്ഞ്. ഇരുന്നൂറാമത്തെ കണ്‍മണിയുടെ പിറവിയോടൊപ്പം 80 പേര്‍ ഗര്‍ഭം ധരിച്ചതിന്റെ ആഹ്ളാദവും ജനനിക്കുണ്ട്. ജില്ലാ പഞ്ചായത്ത് അധീനതയിലുള്ള ജില്ലാ ഹോമിയോ ആശുപത്രിയിലെ വന്ധ്യതാ ചികിത്സയുടെ വിജയമാണ് അടുത്തിടെ കോഴിക്കോടും തിരുവനന്തപുരത്തും ഈ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാരിന് പ്രചോദനമായത്.
2018 ജനുവരിവരെയുള്ള രോഗികള്‍ രജിസ്റ്റചെയ്ത് ഊഴം കാത്തിരിപ്പാണിവിടെ. ഹോമിയോപ്പതിയില്‍ ഇന്ത്യയിലെ  ആദ്യത്തെ വന്ധ്യതാ ചികിത്സാ ഗവേഷണ കേന്ദ്രത്തിന് കെട്ടിടവും ഇവിടെ ഉയരുന്നു. ഇരുന്നൂറാമത്തെ കുഞ്ഞിന്റെ ജനനം  ശനിയാഴ്ച പകല്‍ 12.30 ന് ലളിതമായ ചടങ്ങുകളോടെ ജനനിയില്‍ ആഘോഷിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് കേക്ക് മുറിച്ചാണ് ഇരുന്നൂറിന്റെ മധുരം പങ്കുവയ്ക്കുക.