26 September Wednesday

മാധ്യമ പ്രവർത്തകനെയും ഭാര്യയെയും ആക്രമിച്ച‌് വീട് കൊള്ളയടിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

 

കണ്ണൂർ
മാതൃഭൂമി ന്യൂസ് എഡിറ്റർ കെ വിനോദ് ചന്ദ്രനെയും  ഭാര്യ സരിതയെയും ആക്രമിച്ച്  പരിക്കേൽപ്പിച്ചശേഷം കെട്ടിയിട്ട് വീട് കൊള്ളയടിച്ചു.വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ താഴെചൊവ്വ സ്പിന്നിങ‌് മില്ലിനടുത്തുള്ള വാടകവീട്ടിലാണ്  നാടിനെ നടുക്കിയ അക്രമവും കൊള്ളയും. വിനോദ് ചന്ദ്രനും തളിപ്പറമ്പ് എൽഐസി ഓഫീസ‌് ജീവനക്കാരിയായ ഭാര്യ  സരിതയും താമസിക്കുന്ന വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത‌് അകത്തുകടന്ന നാലംഗ സംഘം  കിടപ്പു മുറിയിൽ കയറി ഇരുവരെയും അടിച്ചു വീഴ്ത്തി. തുടർന്ന് കട്ടിലിൽ കെട്ടിയിട്ടു. സരിത ധരിച്ച ആഭരണങ്ങളടക്കം 30 പവൻ സ്വർണവും വിനോദ് ചന്ദ്രന്റെ പേഴ്സും 15,000 രൂപയും മൂന്ന് മൊബൈൽ ഫോണും  ലാപ‌്ടോപ്പും എടിഎം കാർഡുകളും അക്രമികൾ കൊള്ളയടിച്ചു. മുറികളിലെ സാധനങ്ങൾ മുഴുവൻ വാരിവലിച്ചിട്ട നിലയിലാണ്. ആക്രമണത്തിൽ   വിനോദ്ചന്ദ്രന് തലക്കും മുഖത്തും കഴുത്തിനും പരിക്കുണ്ട്.  സരിതയ‌്ക്ക‌് മുഖത്താണ‌് അടിയേറ്റത‌്. ഇരുവരും എ കെ ജി ആശുപത്രിയിൽ ചികിത്സയിലാണ്.  
 ഒരു മണിക്ക് വീട്ടിൽ കയറിയ മുഖംമൂടി സംഘം പുലർച്ചെ മൂന്നുവരെ അതിക്രമം തുടർന്നു. കവർച്ചാസംഘത്തിലുള്ളവർ ഹിന്ദിയിലാണ‌് സംസാരിച്ചതെന്നാണ‌് വിനോദ്ചന്ദ്രന്റെ മൊഴി. അന്യസംസ്ഥാനക്കാരാണ് മോഷ്ടാക്കളെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇൻഡിഗോ കാറിലാണ് കവർച്ചക്കെത്തിയതെന്നാണ് സൂചന. വിനോദ് ചന്ദ്രനും ഭാര്യയുംമാത്രമാണ് വീട്ടിൽ താമസം.  രണ്ട് മക്കളും  കർണാടകത്തിൽ പഠിക്കുകയാണ്. മോഷ്ടാക്കൾ പോയതോടെ കൈയിലെയും മുഖത്തെയും  കെട്ട് ശ്രമപ്പെട്ട് ഊരി വിനോദ് ചന്ദ്രൻ മാതൃഭൂമിയിൽ വിളിച്ചറിയിച്ചു. ആളുകളെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റി. തൊട്ടടുത്ത വീട്ടിലും കവർച്ചാശ്രമം നടന്നിട്ടുണ്ട‌്.  
ഡിവൈഎസ്പി പി പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ‌് അന്വേഷണച്ചുമതല. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും  പരിശോധന നടത്തി. സമീപത്തെ സിസി ടിവികളും പരിശോധിക്കുന്നുണ്ട്. മന്ത്രി ഇ പി ജയരാജൻ വിനോദ് ചന്ദ്രനെ വിളിച്ച് ആശ്വസിപ്പിച്ചു. അക്രമികളെ കണ്ടെത്താൻ കർശന നടപടി സ്വീകരിക്കുമെന്ന‌് അറിയിച്ചു.
പ്രധാന വാർത്തകൾ
Top