21 July Saturday

ദേശാഭിമാനിക്ക് ഷെയര്‍ പിരിക്കല്‍ എ കെ ജിയെ അവര്‍ വിലക്കി: രേഖ പ്രദര്‍ശനത്തിലുണ്ട്

സ്വന്തം ലേഖകന്‍Updated: Wednesday Dec 6, 2017

മോഹന്‍ ചാലാട് സ്മാരക ആര്‍ട് ഗാലറിയില്‍ പുരാരേഖാ വകുപ്പ് സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍നിന്ന്

കണ്ണൂര്‍ > ദേശാഭിമാനി പത്രത്തിന് വേണ്ടി ഷെയര്‍ പിരിക്കാന്‍ കണ്ണൂരില്‍ എത്തിയ എ കെ ജിക്ക് പ്രസംഗിക്കാന്‍ വേദിപോലും പൊലീസ് നല്‍കിയില്ല. കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ പൊതുയോഗം നിഷേധിച്ചപ്പോള്‍ മുന്‍സിഫ് കോടതി മൈതാനിയില്‍യോഗം നടത്തിയാണ് എ കെ ജി അന്ന് പ്രസംഗിച്ചത്. മോഹന്‍ ചാലാട് സ്മാരക ആര്‍ട് ഗാലറിയില്‍ പുരാരേഖാ വകുപ്പ് സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തിലാണ് സംഭവത്തിന്റെ രേഖയുള്ളത്. പള്ളിക്കുളം ട്രേഡ് കൌണ്‍സില്‍, കേരള വീവിങ് തൊഴിലാളികള്‍, മുണ്ടച്ചാലി രാഘവന്‍ എന്നിവര്‍ ഓട്ടമുക്കാല്‍ മാലയിട്ടാണ് സ്വീകരിച്ചത്. മര്‍ദകരായ പൊലീസ് മേധാവികളെ എ കെ ജി പ്രസംഗത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു. അധികാരികളുടെ കടുത്ത എതിര്‍പ്പിനിടയിലും ദേശാഭിമാനിക്ക് വേണ്ടി 647 ഷെയര്‍ നല്‍കാന്‍ ജനങ്ങള്‍ മുന്നോട്ടുവന്നു. പഴയ പത്രത്താളുകള്‍ അക്കാര്യം വിവരിക്കുന്നു. കേരളത്തിന്റെ ഇത്തരം ചരിത്രം ഓര്‍മിപ്പിച്ചുകൊണ്ടാണ് അത്യപൂര്‍വ പ്രദര്‍ശനം നടക്കുന്നത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി  ഉദ്ഘാടനം ചെയ്തു. സ്വാതന്ത്യ്രത്തിനും മുമ്പും ശേഷവുമുള്ള, ചരിത്രാന്വേഷികള്‍ക്ക് വിലപ്പെട്ട രേഖകള്‍ പ്രദര്‍ശനത്തിലുണ്ട്. 
ക്ഷേത്രപ്രവേശന വിളംബരം, ഗാന്ധിജി കേരള സന്ദര്‍ശന വേളയില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം, 1947ല്‍ എകെജി കണ്ണൂരില്‍ നടത്തിയ പ്രസംഗം സംബന്ധിച്ച് മദ്രാസ് സര്‍ക്കാറിന്റെ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിസിറ്റി വകുപ്പിന്റെ റിപ്പോര്‍ട്ട് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1946ലെ കരിവെള്ളൂര്‍ പൊലീസ് വെടിവയ്പ്പ് സംബന്ധിച്ച ചരിത്രരേഖ  കര്‍ഷക സമരത്തെക്കുറിച്ച് പഠിക്കുന്നവര്‍ക്ക് വഴികാട്ടിയാവും. കോണ്‍സ്റ്റാന്റിനോപ്പിള്‍ ചക്രവര്‍ത്തി കണ്ണൂര്‍ അറയ്ക്കല്‍ ബീവിക്ക് അറബി ഭാഷയില്‍ അയച്ച കത്തിന്റെ ഇംഗ്ളീഷ് വിവര്‍ത്തനവുമുണ്ട്. പ്രദര്‍ശനം ബുധനാഴ്ച സമാപിക്കും.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top