17 November Saturday

തലശേരിമാഹി ബൈപാസില്‍ ഉയരുന്നത് 12 മേല്‍പാലങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

ബാലത്തിൽ പുരോഗമിക്കുന്ന മേൽപാലം നിർമാണത്തിന്റെ പൈലിങ്ങ് ജോലി.

തലശേരി
തലശേരിമാഹി ബൈപാസിൽ പണിയുന്നത് നാലുപാലവും 12 മേൽപാലങ്ങളും. ആദ്യമേൽപാലത്തിന്റെ പണി ധർമടം ചിറുക്കുനിയിൽ പൂർത്തിയായി. ബാലം, കൊളശേരി,  ചോനാടം, കണ്ടിക്കൽ, പള്ളൂർ കോയ്യോട്ടുതെരു എന്നിവിടങ്ങളിൽ മേൽപാലം നിർമാണം പുരോഗമിക്കുകയാണ്. ആറു മേൽപാലങ്ങളുടെ പണികൂടി ആരംഭിക്കാനുണ്ട്. ബൈപാസിൽ ആവശ്യമായ 56 കലുങ്കുകളിൽ 13 എണ്ണവും പൂർത്തിയായി. പാലങ്ങളും കലുങ്കുകളും പണിയുന്നതിനൊപ്പം റോഡ് പ്രവൃത്തിയും ആരംഭിച്ചിട്ടുണ്ട്. കൊളശേരി, കണ്ടിക്കൽ ഭാഗങ്ങളിലാണ് റോഡ് നിർമാണം തുടങ്ങിയത്.
അഞ്ചരക്കണ്ടി, ധർമടം, കുയ്യാലി, മയ്യഴി പുഴകൾക്ക് കുറുകെ പാലയാട്, ബാലത്തിൽ, കണ്ടിക്കൽ, പാത്തിക്കൽ എന്നിവിടങ്ങളിലാണ് പാലം പണിയുന്നത്. ഇതിന് പുറമെ അഴിയൂരിൽ റെയിൽവെ മേൽപാലവുമുണ്ട്. മയ്യഴി പുഴക്ക് കുറുകെയുള്ള പാലത്തിന്റെ പൈലിങ്ങും ഡ്രഡ്ജിങ്ങുമടക്കമുള്ള പ്രവൃത്തിയും ആരംഭിച്ചിട്ടുണ്ട്. മറ്റുപാലങ്ങളുടെ ജോലി കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ തുടങ്ങിയതാണ്. റെക്കോഡ് വേഗത്തിലാണ് ബൈപാസിന്റെ ഓരോ പ്രവൃത്തിയും നീങ്ങുന്നത്. ഒരേ സമയം ഒരുഡസനിലേറെ കേന്ദ്രങ്ങളിലാണ് ജോലി നടക്കുന്നത്.
മുഴപ്പിലങ്ങാട് നിന്നാരംഭിച്ച് കോഴിക്കോട് ജില്ലയിലെ അഴിയൂരിലേക്ക് 18.6 കിലോമീറ്റർ നീളത്തിലാണ് ബൈപാസ്. മുഴപ്പിലങ്ങാട് മുതൽ പാറാൽവരെയുള്ള ഒന്നാംഘട്ട പ്രവൃത്തി 2017 ഡിസംബർ നാലിനാണ് ആരംഭിച്ചത്. പാറാൽ മുതൽ അഴിയൂർ വരെയുള്ള രണ്ടാംഘട്ട പ്രവൃത്തിയും ആരംഭിച്ചു. പുതുച്ചേരി സംസ്ഥാനത്തിൽപെട്ട മാഹി മേഖലയിൽ മരം മുറിക്കലും, മണ്ണ്‌ നിരപ്പാക്കലും ഉൾപ്പെടെയുള്ള ജോലികളും മേൽപാലം പണിയും ആരംഭിച്ചു. അഴിയൂരിൽ സ്ഥലമെടുപ്പ് നടപടികൾ പൂർത്തിയാക്കാനുണ്ടെങ്കിലും പ്രവൃത്തി അവിടെയും ആരംഭിച്ചു.
45 മീറ്റർ വീതിയിൽ നാലുവരിപാതയാണ് നിർമിക്കുന്നത്. ആവശ്യമായ സ്ഥലങ്ങളിൽ അഞ്ചു മീറ്റർ സർവീസ് റോഡുകളുമുണ്ട്. മുഴപ്പിലങ്ങാട് നിന്ന് മാഹി, തലശേരി ടൗണുകളെ തൊടാതെയാണ് ബൈപാസ് കടന്നുപോവുന്നത്. ചിറക്കുനി, ബാലത്തിൽ, കൊളശേരി, ചോനാടം, കണ്ടിക്കൽ, ഇല്ലത്ത്താഴെ, പാറാൽ, ഈസ്റ്റ്പള്ളൂർ, പള്ളിപ്രംവഴി മയ്യഴിപുഴയും കടന്നാണ് അഴിയൂരിലെത്തുന്നത്.
കരാർ കാലാവധി പ്രകാരമുള്ള 30 മാസംകൊണ്ട‌് പ്രവൃത്തി പൂർത്തിയാക്കുമെന്ന ദൃഢനിശ്ചയത്തോടെയാണ് പെരുമ്പാവൂർ ഇകെകെ ഇൻഫ്രാസ്ട്രക്ചർ പബ്ലിക്‌ ലിമിറ്റഡ് നീങ്ങുന്നത്. 883 കോടി രൂപയാണ് ബൈപാസിന് എസ്റ്റിമേറ്റ് കണക്കാക്കിയത്. തലശേരി, മാഹി ടൗണുകളിലെ ഗതാഗതകരുക്ക് ഒഴിവാക്കുന്നതിന് മൂന്നുപതിറ്റാണ്ട് മുൻപ് ആവിഷ്‌കരിച്ചതാണ് നിർദിഷ്ട ബൈപാസ്. വടക്കൻകേരളത്തിലെ പ്രധാന വാണിജ്യകേന്ദ്രങ്ങളായ തലശേരി, മാഹിടൗണുകളിലെ ഗതാഗതകുരുക്കിനും ബൈപാസ് വരുന്നതോടെ പരിഹാരമാവും.

 

പ്രധാന വാർത്തകൾ
Top