25 September Tuesday

മണലും മണ്ണും കുന്നുകൂടി പുഴകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018

 കണ്ണൂർ 

പെരുമഴയെ തുടർന്ന് പുഴകളിൽ മണ്ണും മണലും ഒഴുകിവന്നു കുന്നുകൂടുന്നത് കടവുകളിൽ സാമൂഹിക﹣പാരിസ്ഥിതികപ്രശ്നം സൃഷ‌്ടിക്കുന്നു. അമിതമായി വന്നടിയുന്ന മണൽ നീക്കുന്നതിനോ വാരുന്നതിനോ ഔദ്യോഗികസംവിധാനമില്ലാത്തതിനാൽ കടവുകളിൽ  മണൽകള്ളക്കടത്ത് വൻതോതിൽ വർധിക്കുകയാണ്. കഴിഞ്ഞ മഴക്കാലത്ത് മലയോരത്തുണ്ടായ ഉരുൾപൊട്ടലുകളുടെ ഫലമായി വൻതോതിൽ മണ്ണാണ് ജില്ലയിലെ പുഴകളിൽ വന്നടിഞ്ഞത്. അവ  കൃത്യമായി നീക്കിയില്ലെങ്കിൽ വരുന്ന മഴക്കാലത്ത‌് പുഴ വഴിമാറി ഒഴുകുന്നതടക്കമുള്ള പ്രത്യാഘാതത്തിനും സാധ്യതയുണ്ട്.
ജില്ലയിൽ മണൽവാരുന്ന 87 കടവുകളുണ്ട്. ചിറക്കൽ, പാപ്പിനിശേരി, മയ്യിൽ, നാറാത്ത്, കൊളശേരി, ശ്രീകണ്ഠപുരം, ചെങ്ങളായി, മലപ്പട്ടം, പിണറായി പഞ്ചായത്തുകളിലാണ് ഏറെയും. വളപട്ടണം പുഴയിലാണ് കൂടുതലും മണൽവാരൽകടവുകൾ. മൂന്നുവർഷമായി പഞ്ചായത്തുകളിലെ കടവുകളിൽ മണൽവാരൽ ഔദ്യോഗികമായി നടക്കുന്നില്ല. പരിസ്ഥിതി ആഘാത പഠന കമ്മിറ്റി നൽകിയ ഹർജിയിൽ സുപ്രീംകോടതിയാണ് മണൽവാരൽ നിരോധനം ഏർപ്പെടുത്തിയത്. കലക്ടർമാർക്കാണ് മോണിറ്റർ ചെയ്യാനുള്ള ചുമതല. ജൂണോടെ മണൽകടത്തിനുള്ള സുപ്രീംകോടതിയുടെ നിരോധന ഉത്തരവിന്റെ കാലാവധി കഴിഞ്ഞു.
നേരത്തെ കടവ് കമ്മിറ്റികൾക്കായിരുന്നു അധികാരം. മണൽവാരൽ സഹകരണസംഘങ്ങളും പ്രവർത്തിച്ചിരുന്നു. ആയിരക്കണക്കിന് തൊഴിലാളികൾ ഈ രംഗത്ത് ജോലിചെയ്തിരുന്നു. സുപ്രീംകോടതി ഉത്തരവ്  വന്നതോടെ അവരൊക്കെ വഴിയാധാരമായി. ലഭ്യത കുറഞ്ഞതോടെ മണലിന് കുത്തനെ വില വർധിക്കുകയും ചെയ‌്തു. അതോടെ നിർമാണമേഖലയും കടുത്ത പ്രതിസന്ധിയിലായി. 
അഴീക്കൽപോർട്ടിൽനിന്ന് മാത്രമാണിപ്പോൾ ഔദ്യോഗിക മണൽ ലഭിക്കുന്നത്. പുഴകളിൽ മണൽ വന്നടിയുന്ന സാഹചര്യത്തിൽ  പാരിസ്ഥിതികപഠനം നടത്തി  നിശ്ചിത അളവിൽ മണൽ എടുക്കാൻ സർക്കാർ അടിയന്തര നിയമനിർമാണം നടത്തണമെന്നാണ് ആവശ്യമുയരുന്നത്. 
നിശ്ചിത അളവിൽ മണലും ചെളിയും മാറ്റി പുഴകളും കടവുകളും സംരക്ഷിക്കണമെന്ന് ശാസ്ത്രസംഘടനകളും ആവശ്യപ്പെടുന്നു.  പുതിയ സാഹചര്യത്തിൽ കേരളത്തിലെ നിർമാണപ്രവർത്തനങ്ങൾക്ക് പുഴകളിലെ മണലും ചെളിയും ഉപയോഗപ്പെടുത്താനാവും.
പ്രധാന വാർത്തകൾ
Top