26 September Wednesday
പ്രസവചികിത്സ

ഓക്സിടോസിൻ നിരോധനം നീക്കാൻ ശുപാർശ

വെബ് ഡെസ്‌ക്‌Updated: Sunday Aug 5, 2018
 
കണ്ണൂർ
രാജ്യമാകെ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ പ്രസവചികിത്സയിലെ ജീവൻരക്ഷാ മരുന്ന് 'ഓക്സിടോസിൻ’ നിരോധനം നീക്കാൻ ഡ്രഗ് ടെക്നിക്കൽ ഉപദേശക ബോർഡി(ഉഠഅആ) ന്റെ ശുപാർശ. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തോടാണ് ബോർഡിന്റെ ശുപാർശ. ക്ഷീരമേഖലയിൽ അവധാനതയില്ലാതെ ഉപയോഗിക്കുന്നതിന്റെ പേരിലാണ് ഈ ജീവൻരക്ഷാ ഔഷധത്തിന്റെ ഉൽപാദനം, ഇറക്കുമതി, വിതരണം എന്നിവ കേന്ദ്ര സർക്കാർ നിരോധിച്ചത്. പൊതുമേഖലാ സ്ഥാപനമായ കർണാടക ആന്റിബയോട്ടിക്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിന് മാത്രമായി ഉൽപ്പാദന‐വിതരണാധികാരം നിജപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇറക്കിയ ഉത്തരവ് ആരോഗ്യമേഖലയിൽ വൻ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. ഇതോടെയാണ് ഏപ്രിൽ 27ന് ഓക്സിടോസിന്റെ ഉപയോഗം നിരോധിച്ചുള്ള ശുപാർശയിൽ ഭേദഗതി വരുത്താൻ ഡിടിഎബി നിർബന്ധിതമായത്. 1940ലെയും 1945ലെയും ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് റൂൾ പ്രകാരമാണ‌് മനുഷ്യരിലെ ചികിത്സാ പ്രവൃത്തിക്കുള്ള നിരോധനം നീക്കാൻ ശുപാർശചെയ്തത്.  ജൂൺ 27ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇറക്കിയ ഉത്തരവിൽ കർണാടക കമ്പനിക്ക് കുത്തകാവകാശം നൽകിയ തീരുമാനത്തെക്കുറിച്ച്  ഡിടിഎബി ശുപാർശയിൽ പരാർശമില്ല. 
പ്രസവം സുഗമമാക്കുന്നതിലും അതുവഴി പ്രസവാനന്തരമുള്ള രക്തപ്രവാഹം (പോസ്റ്റ് പാർടം ഹെമറേജ്‐പിപിഎച്ച്)നിയന്ത്രിക്കുന്നതിലും ഈ ഔഷധത്തിന് നിർണായക പങ്കുണ്ട‌്. അതിനാൽ ജീവൻരക്ഷാ മരുന്നുകളുടെ പട്ടികയിൽപ്പെടുന്നതാണ് ഓക്സിടോസിൻ. ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ ഉൾപ്പെടെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകൾ വിവാദ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു.
2016ൽ ഹിമാചൽപ്രദേശ് ഹൈക്കോടതി നടത്തിയ ഉത്തരവിനെ അടിസ്ഥാനമാക്കിയായിരുന്നു കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഓക്സിടോസിൻ പശുക്കളിൽ പ്രയോഗിക്കുന്നത് തടയുകയായിരുന്നു ലക്ഷ്യം. മരുന്ന് സുലഭമായി ലഭിക്കുന്നതാണ് ദുരുപയോഗത്തിന് കാരണമെന്നായിരുന്നു കണ്ടെത്തൽ. മുൻകാലങ്ങളിലെന്നതുപോലെ സ്വകാര്യകമ്പനികൾക്കും മരുന്ന് ഉൽപ്പാദനത്തിന് അനുമതി നൽകണമെന്നാണ് ആവശ്യമുയരുന്നത്. ഉൽപ്പാദനം കുത്തകവൽക്കരിക്കുന്നത് വിലവർധനയ്ക്കും ലഭ്യതക്കുറവിനും കാരണമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രധാന വാർത്തകൾ
Top