11 December Tuesday

നമ്മളെങ്ങനെ നമ്മളായെന്ന് കുട്ടികളെ പഠിപ്പിക്കണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Nov 4, 2018

 

കോട്ടയം
നാടിന്റെ പഴയകാല ചരിത്ര, സാമൂഹ്യപാഠങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർ എന്നും ഓർമിക്കപ്പെടുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 
എങ്ങനെയാണ് നമ്മൾ നമ്മളായതെന്നതടക്കമുള്ള കാര്യങ്ങൾ അധ്യാപകർ വിദ്യാർഥികളെ പഠിപ്പിക്കണം.  പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതിനൊപ്പം സമൂഹത്തിലെ കാര്യങ്ങളും പഠിപ്പിക്കുന്നതിന‌് അധ്യാപകർ മുൻകൈയെടുക്കണമെന്നും  മുഖ്യമന്ത്രി  പറഞ്ഞു. കോട്ടയം പഞ്ചായത്ത് ദേശീയ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടയം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമിച്ച ഇ കെ നായനാർ സ്മാരക ഓപ്പൺ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 
പണ്ട് ഒരു കൂട്ടർക്ക് വിദ്യാഭ്യാസത്തിന് അവകാശമുണ്ടായിരുന്നില്ല. പ്രക്ഷോഭങ്ങളുടെ ഫലമായാണ് എല്ലാവർക്കും വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചത്. നമ്മുടെ പൊതുവിദ്യാലയങ്ങൾ നാടിന്റെ മതനിരപേക്ഷത ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചു. 
സർക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഫലമായി സ്‌കൂളുകളിൽ കുട്ടികൾ വർധിച്ചത് യാദൃച്ഛികമല്ല. ഈ പ്രതികരണം 
നിലനിർത്താൻ കഴിയുക പ്രധാനമാണ്. സംസ്ഥാനത്തെ 4775 സ്‌കൂളുകളിൽ 45,000 ക്ലാസ് മുറികൾ ഹൈടെക് ആക്കി കഴിഞ്ഞു. പതിനായിരം പ്രൈമറി സ്‌കൂളുകളിൽ ഹൈടെക് ഐടി ലാബുകൾ സ്ഥാപിക്കുന്ന പ്രവർത്തനം നടന്നുവരുന്നു.  സംസ്ഥാനത്ത‌് ആയിരം സ്‌കൂളുകളെയാണ് മികവിന്റെ കേന്ദ്രമാക്കുന്നത്. ആദ്യഘട്ടമായി 141 സ്‌കൂളുകളിൽ അഞ്ചു കോടി രൂപ വീതവും 229 സ്‌കൂളുകളിൽ മൂന്നുകോടി രൂപ വീതവും മുതൽമുടക്കിയുള്ള അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഈ വർഷം ആകെ 370 സ്‌കൂളുകളിലായി 1392 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടക്കുക. അടുത്ത വർഷം ആദ്യം ഈ പദ്ധതി പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 മന്ത്രി കെ കെ ശൈലജ  അധ്യക്ഷയായി. നവീകരിച്ച ക്ലാസ് റൂം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷും പെൺകുട്ടികളുടെ റെസ‌്റ്റ‌് റൂം   ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ ടി ടി റംലയും ഉദ‌്ഘാടനം ചെയ‌്തു.  കോട്ടയം പഞ്ചായത്ത്  പ്രസിഡന്റ‌് ടി ഷബ്‌ന സ്വാഗതം പറഞ്ഞു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അശോകൻ, ബ്ലോക്ക് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി കെ അബൂബക്കർ, എം സുധാകരൻ,  സി രാജീവൻ,  സി ലത,  എം സുരേന്ദ്രൻ,  എഇഒ സി ഉഷ, ബിപിഒ പി പി അജിത്ത് കുമാർ,  കെ മനോഹരൻ, പി പി അശോകൻ, എൻ ബാലൻ,  ടി കെ ഖാദർ, പഞ്ചായത്ത് സെക്രട്ടറി പി എൻ മഞ്ജുഷ, സ്‌കൂൾ പ്രിൻസിപ്പൽ സി രാജൻ, ഹെഡ്മിസ്ട്രസ് ഗീത എറോത്ത് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top