21 September Friday

എലിപ്പനി പ്രതിരോധ മരുന്നിന് ക്ഷാമമില്ല: മന്ത്രി

സ്വന്തം ലേഖികUpdated: Tuesday Sep 4, 2018
കണ്ണൂർ
എലിപ്പനി പ്രതിരോധ മരുന്നുകൾ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ആവശ്യത്തിനുണ്ടെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. മലിനജലവുമായി സമ്പർക്കമുണ്ടാകുന്നവർ നിർബന്ധമായും പ്രതിരോധ ഗുളികകൾ കഴിക്കണം. ഈ ഗുളിക ലഭിച്ചിട്ടും കഴിക്കാത്തവരാണ് ഇപ്പോൾ എലിപ്പനി ബാധിച്ച് മരിച്ചവരിൽ ഏറെയും. അതിനാൽ പ്രതിരോധ ഗുളിക നിർബന്ധമായും കഴിക്കണം. ഇക്കാര്യത്തിൽ എല്ലാവരും ജാഗ്രത കാട്ടണമെന്നും മന്ത്രി പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട‌് സംസാരിക്കുകയായിരുന്നു അവർ. 
പ്രളയം കഴിഞ്ഞ് വെള്ളം ഇറങ്ങുന്നതോടെ എലിപ്പനി പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് തുടർച്ചയായി മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോഴും ഭയപ്പെടേണ്ട സാഹചര്യമില്ല. എന്നാൽ ജാഗ്രത വേണം. പനി ബാധിച്ച് ചികിത്സ തേടുന്നവരിൽ കാണുന്ന ലക്ഷണങ്ങൾ എലിപ്പനിയുടേതാണെന്ന സംശയം നിലനിൽക്കുന്നതിനാലാണ് എണ്ണം ഇത്രയേറെ കാണുന്നത്. ഇതിൽ മൂന്നിലൊന്നാണ് എലിപ്പനിയെന്ന് ഇതുവരെ ഉറപ്പാക്കിയത്. 
രക്ഷാപ്രവർത്തനത്തിന് പോയവരും പ്രളയബാധിത പ്രദേശത്ത് കുടുങ്ങിപ്പോയവരും ലക്ഷങ്ങളാണ്. ഇവരിൽ ഭൂരിഭാഗവും എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്സിസൈക്ലീൻ ഗുളിക കഴിച്ചിട്ടുണ്ട്. അതിനാലാണ് എലിപ്പനി പടരുന്നത് തടയാൻ സാധിച്ചത്.  ഡോക്സിസൈക്ലീൻ ഗുളിക സ്റ്റോക്ക് തീരുന്നതിന് മുമ്പുതന്നെ സംസ്ഥാന മെഡിക്കൽ സർവീസസ് കോർപറേഷനുമായി ബന്ധപ്പെടണമെന്ന് മുഴുവൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. പെൻസിലിൻ ഉൾപ്പെടെയുള്ള മരുന്നുകളും ആവശ്യാനുസരണം സ്റ്റോക്കുണ്ട് ﹣മന്ത്രി പറഞ്ഞു.
പ്രധാന വാർത്തകൾ
Top