14 November Wednesday

കെഎസ്യു അക്രമം അഴിച്ചുവിടുന്നു: എസ്‌എഫ്‌ഐ

സ്വന്തം ലേഖകൻUpdated: Tuesday Sep 4, 2018

 കണ്ണൂർ

കണ്ണൂർ സർവകലാശാലയ്ക്കു കീഴിലെ കോളേജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ കെഎസ്യു ജാള്യം മറയ‌്ക്കാൻ  അക്രമം അഴിച്ചുവിട്ടിരിക്കുകയാണെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. കുത്തുപറമ്പ് നിർമലഗിരി  കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയംഗം അനസ് (19), ഇരിട്ടി എം ജി കോളേജിലെ  യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഷിബിൻ പുരുഷോത്തമൻ (19) എന്നിവരെ ക്രൂരമായി അക്രമിച്ചു പരിക്കേൽപിച്ചു. കോളേജുകളിൽ മനഃപൂർവം സംഘർഷം സൃഷ്ടിക്കാനാണ് കെഎസ്യു ശ്രമിക്കുന്നത്. ഇവർക്കെതിരെ കർശന നടപടിയെടുക്കാൻ അധികൃതർ തയ്യാറാവണം. അവർക്കെതിരെ വിദ്യാർഥികൾ ഒറ്റ മനസ്സോടെ പ്രതികരിക്കണമെന്നും  എസ‌്എഫ‌്ഐ അഭ്യർഥിച്ചു. 
കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ ക്ലാസ് മുറിക്കരികിൽ നിൽക്കുകയായിരുന്ന അനസിനെ കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ‌് ഷിബിൻ ഷിബുവിന്റെ  നേതൃത്വത്തിൽ 15 ഓളം വരുന്ന ക്രിമിനലുകളാണ‌്  ആക്രമിച്ചത്. സഹപാഠിയായ പെൺകുട്ടിയെ  ചീത്തവിളിക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ അനസിനെ കൂത്തുപറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
കണ്ണൂർ എസ്എൻ കോളേജിൽ മൂന്ന് വർഷം ഡിഗ്രി പഠനം നടത്തിയശേഷം, പൂർത്തിയാക്കാതെ നിർമലഗിരിയിൽ പുന: പ്രവേശം നേടിയ   ഷിബിൻ ഷിബുവിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. കണ്ണൂർ എസ്എൻ കോളേജിൽ നിരവധി അക്രമങ്ങൾക്ക് നേതൃത്വം നൽകിയ ഷിബിൻ ഷിബു  തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം  മൂന്ന് തവണയാണ് എസ്എഫ്ഐ പ്രവർത്തകരെ നിർമലഗിരിയിൽ ആക്രമിച്ചത്.
 ഇരിട്ടി എംജി കോളേജിൽ കെഎസ് യു യൂണിറ്റ് പ്രസിഡന്റ‌് നോബിൾ ജോസിന്റെ നേതൃത്വത്തിലാണ് ആക്രമണം.
ഈ അധ്യയന വർഷ ആരംഭത്തിൽ ആലക്കോട് മേരിമാത കോളേജിലും, ചെണ്ടയാട് എംജി കോളേജിലും എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായി. തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ എംഎസ്എഫുകാരും എസ്എഫ്ഐ പ്രവർത്തകരെ  ആക്രമിച്ചു.   അഞ്ചരക്കണ്ടി സ്കൂളിൽ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗമാണ് അക്രമത്തിനിരയായത്. 
 ഇതിനെയൊക്കെ അതിജീവിച്ച് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ജില്ലയിൽ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. പ്രബുദ്ധരായ വിദ്യാർഥി സമൂഹം അക്രമകാരികളെയും വർഗീയവാദികളെയും കലാലയങ്ങളിൽനിന്നും ജനാധിപത്യവകാശത്തിലൂടെ തുരത്തുകയായിരുന്നു﹣  പ്രസ്താവനയിൽ വ്യക്തമാക്കി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top