16 November Friday

ബ്രണ്ണൻ കോളേജിൽ 33സീറ്റിൽ എബിവിപി വിജയിച്ചെന്ന് നുണപ്രചാരണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018
തലശേരി> ഗ വ. ബ്രണ്ണൻ കോളേജിൽ  33 സീറ്റിലും എബിവിപി വിജയിച്ചുവെന്ന് നവമാധ്യമങ്ങളിലൂടെ പ്രചാരണം. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘികൾ  ഒരു ഉളുപ്പുമില്ലാതെ കള്ളപ്രചാരവുമായി രംഗത്തെത്തിയത്.  മുഖ്യമന്ത്രി പിണറായി വിജയൻ പഠിച്ച കോളേജിൽ എബിവിപിക്ക്  വൻവിജയം എന്നാണ് കാഞ്ചൻ സിങ് റാത്തോഡ് എന്ന  സംഘി പോസ്റ്റിട്ടത്.  എബിവിപി സ്ഥാനാർഥികളെ വിജയിപ്പിക്കുക എന്ന ബാനറുമായി ബ്രണ്ണൻ കോളേജിന്റെ വരാന്തയിൽ നിൽക്കുന്ന ഏതാനും  പ്രവർത്തകരുടെ  ഫോട്ടോയും പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട്. കേരളത്തിൽ വേവില്ല എന്നതിനാൽ ഈ നുണബോംബ്  കേരളത്തിന് പുറത്താണ് സംഘികൾ  പൊട്ടിച്ചത്. ആവേശംപൂണ്ട് ചില സംഘികൾ അത് കേരളത്തിലുള്ളവർക്കും അയച്ചുകൊടുത്തു. അതോടെയാണ് കള്ളം പൊളിഞ്ഞത്. 30 സീറ്റ് മാത്രമുള്ള ബ്രണ്ണൻകോളേജ് യൂണിയനിലേക്ക്  എബിവിപി 33 സീറ്റിൽ വിജയിച്ചുവെന്നാണ് പോസ്റ്റിൽ പറയുന്നത്.   
 
സംഘപരിവാരത്തിന്റെ നട്ടാൽ മുളക്കാത്ത നുണകൾക്ക്  പുതിയ ഉദാഹരണമാണ് ബ്രണ്ണൻ കോളേജിലെ 'എബിവിപി വിജയം’.  കേരളത്തിലെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്  നിരവധി നുണകൾ  സംഘികൾ  ഫേസ് ബുക്കിലൂടെയും വാട്സാപ് വഴിയും ലോകമെങ്ങും പ്രചരിപ്പിച്ചിരുന്നു. അതൊക്കെ അതേ വേഗത്തിൽ  ജനം പൊളിച്ചടുക്കിയിരുന്നു. സേവാഭാരതിയുടെ പേരിൽ  നാടുനീളെ കാലിവണ്ടി ഓടിച്ചും വെള്ളം വിതരണം ചെയ്തുവെന്ന് മേനി നടിച്ചും ജനങ്ങളെ കബളിപ്പിച്ചത് നവമാധ്യമങ്ങളിലൂടെയും പത്ര‐ ദൃശ്യമാധ്യമങ്ങളിലൂടെയും പുറത്തുവന്നിരുന്നു.   അതൊന്നും പോരാഞ്ഞാണ് ബ്രണ്ണനിലെ എബിവിപി വിജയം. 
 
കണ്ണൂർ സർവകലാശാലക്ക് കീഴിലുള്ള തലശേരി ബ്രണ്ണൻ കോളേജിൽ വെള്ളിയാഴ്ച നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും എസ്എഫ്ഐയാണ് വൻ ഭൂരിപക്ഷത്തോടെ നേടിയത്. ചെയർമാൻ, ജനറൽ സെക്രട്ടറി, യുയുസി അടക്കമുള്ള ഒമ്പത് മേജർ സീറ്റും ക്ലാസ് റപ്രസന്റേറ്റീവ് അടക്കമുള്ള 21 സീറ്റും എസ്എഫ്ഐക്ക് ലഭിച്ചു. കെഎസ്യുവിനോ എബിവിപിക്കോ ഒരു സീറ്റുപോലും ലഭിച്ചില്ല. ബ്രണ്ണൻ കോളേജിന്റെ ചരിത്രത്തിൽ ഇതുവരെ ഒരുമേജർ സീറ്റ് നേടാൻ എബിവിപിക്കായിട്ടില്ല.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top