20 November Tuesday
കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേള

ഓണം ‐ ബക്രീദ‌് ആഘോഷം; നാടൊരുങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018

കൈത്തറി വസ്ത്ര പ്രദർശനവിപണന മേള ഇ പി ജയരാജൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ
ഓണത്തെ വരവേൽക്കാൻ കൈത്തറി വസ്ത്ര പ്രദർശനവിപണന മേള തുടങ്ങി. കണ്ണൂർ പൊലീസ‌് മൈതാനിയിൽ ഇ പി ജയരാജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.  ടി വി രാജേഷ് എംഎൽഎ അധ്യക്ഷനായി. 
തൊഴിൽ രഹിതർക്ക് തൊഴിൽ ലഭ്യമാക്കാൻ കഴിയത്തക്കവിധം കൈത്തറി മേഖലയെ വിപുലീകരിക്കണമെന്ന‌് ഇ പി ജയരാജൻ പറഞ്ഞു. അതിനായി തൊഴിലാളികൾക്ക് മെച്ചപ്പെട്ട കൂലി നൽകേണ്ടതുണ്ട‌്. സർക്കാരിന്റെ പദ്ധതികളിലൂടെ മാത്രമേ കൈത്തറി മേഖലയെ വിപുലീകരിക്കാൻ കഴിയൂ. തൊഴിലാളികൾക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങളും ലഭ്യമാക്കണം. എൽഡിഎഫ‌് സർക്കാർ അതിനുള്ള പരിശ്രമത്തിലാണ‌്. സ‌്കൂൾ കുട്ടികളുടെ യൂണിഫോം പദ്ധതിയടക്കം ഇതിന്റെ ഭാഗമാണ‌്. പൂർണതോതിൽ ലഭ്യമാക്കാൻ കഴിയുന്നില്ലെന്നതാണ‌് ഇപ്പോഴത്തെ പ്രശ‌്നം. ഉൽപാദനത്തിൽ വർധന സാധ്യമാകുന്നതോടെ ആനുകൂല്യങ്ങൾ വർധിപ്പിക്കാനും അതുവഴി പുതിയ തൊഴിലാളികളെ ഈ മേഖലയിലേക്കെത്തിക്കാനും സാധിക്കും. പുതിയ ഡിസൈനുകളും മറ്റും വരുന്നതോടെ പുതിയ മാർക്കറ്റ‌് സാധ്യതകളും ഉണ്ടാകും. എല്ലാ വിശേഷ വേളകളിലും ഉപയോഗിക്കാനാകുന്ന വസ‌്ത്രങ്ങൾ ലഭ്യമാക്കിയാൽ   കൈത്തറിക്ക‌് ഇനിയുമേറെ മുന്നേറാനാകുമെന്നും ഇപി പറഞ്ഞു.  ലോകനാഥ് വീവേഴ്‌സിന്റെ പുതിയ ഷാളിന്റെയും ചിറക്കൽ വീവേഴ്‌സിന്റെ പുതിയ ഉൽപ്പന്നമായ ഈസി സ്ലീപ്പിങ്ങ് ബേബി ബെഡ്, പിണറായി വീവേഴ്‌സിന്റെ പ്രീമിയം ഷർട്ട് എന്നിവയുടെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.
മേളയിലെ ആദ്യ വിൽപന കണ്ണൂർ കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ അരക്കൻ ബാലനു നൽകി  ടി വി രാജേഷ‌്എംഎൽഎ നിർവഹിച്ചു. കാൻലൂം ട്രേഡ്മാർക്ക്  സർട്ടിഫിക്കറ്റിന്റെ പ്രകാശനവും മുഖ്യ പ്രഭാഷണവും കലക്ടർ മീർ മുഹമ്മദ് അലി നടത്തി. കണ്ണൂർ കോർപറേഷൻ കൗൺസിലർ അഡ്വ. ലിഷ ദീപക്,  ഹാൻവീവ് ചെയർമാൻ കെ പി സഹദേവൻ,  ജില്ലാ യാൺ സൊസൈറ്റി പ്രസിഡന്റ് കെ മനോഹരൻ, ഐഎൻടിയുസി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ, സംസ്ഥാന കൈത്തറി സൊസൈറ്റീസ് അസോസിയേഷൻ പ്രസിഡന്റ് പി ബാലൻ,  ജില്ലാ ബാങ്ക് ജനറൽ മാനേജർ എ കെ പുരുഷോത്തമൻ,  താവം ബാലകൃഷ്ണൻ,  കെ വി കുമാരൻ, എസ് ടി യു ദേശീയ സെക്രട്ടറി എൻ എ കരീം എന്നിവർ സംസാരിച്ചു. ടി അബ്ദുൾ വഹാബ‌് സ്വാഗതവും കെ വി സന്തോഷ‌് കുമാർ നന്ദിയും പറഞ്ഞു. മേളയിൽനിന്ന് വാങ്ങുന്ന തുണിത്തരങ്ങൾക്ക് 20 ശതമാനം ഗവ. റിബേറ്റ് ഉണ്ടാകും. കൈത്തറി സംഘങ്ങൾക്കു പുറമെ ഹാൻടെക്‌സ്, ഹാൻവീവ്, കേരള ദിനേശ് സഹകരണ സംഘം തുടങ്ങിയ സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഉണ്ട്. സംസ്ഥാന സർക്കാരും കൈത്തറി ടെക്സ്റ്റയിൽസ് വകുപ്പും ജില്ലാ വ്യവസായ കേന്ദ്രവും കൈത്തറി വികസന സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന മേള  24വരെ തുടരും.
പ്രധാന വാർത്തകൾ
Top