Top
23
Thursday, November 2017
About UsE-Paper

കണ്ണൂര്‍ കോര്‍പറേഷന് ആസ്ഥാനമന്ദിരം 20 മാസത്തിനുള്ളില്‍

Thursday Nov 2, 2017
സ്വന്തം ലേഖകന്‍
കണ്ണൂര്‍ > കണ്ണൂര്‍ കോര്‍പറേഷന് ഒമ്പത് നിലയുള്ള അത്യാധുനിക സംവിധാനത്തോടെയുള്ള ആസ്ഥാനമന്ദിരം പണിയാന്‍ കൌണ്‍സില്‍ യോഗം അനുമതി നല്‍കി. 55.89 കോടിയുടെ നിര്‍മാണ പ്രവൃത്തി  20 മാസത്തിനകം പൂര്‍ത്തിയാക്കും. നേരത്തെ കണ്ണൂര്‍ നഗരസഭ ആസ്ഥാനമന്ദിരത്തിന് തറക്കല്ലിട്ടെങ്കിലും പ്രവൃത്തിപഥത്തിലെത്തിയില്ല. കോര്‍പറേഷന്‍ പ്രഥമ ഭരണസമിതിയുടെ മുഖ്യഅജന്‍ഡ ആസ്ഥാന മന്ദിരം നിര്‍മിക്കുക എന്നതായിരുന്നു. കണ്ണൂരിന്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന മന്ദിരമാണ് പണിയുന്നത്. വര്‍ഷങ്ങള്‍ക്കുമുന്നേ ടൌണ്‍ഹാള്‍ പൊളിച്ച് മാറ്റിയിരുന്നു. കണ്ണൂരിന്റെ പാരമ്പര്യമുള്ള ടൌണ്‍ഹാള്‍ പൊളിക്കുമ്പോള്‍ ഉടന്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞിരുന്നു. മുനിസിപ്പല്‍ ഭരണസമിതിയുടെ അലംഭാവം കാരണം നഗരത്തില്‍ സാംസ്കാരിക പരിപാടിക്ക് ഇടമില്ലാതെയായി. 
പുതിയ കെട്ടിടത്തില്‍ 700 പേര്‍ക്കിരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍, കൌണ്‍സില്‍ ഹാള്‍, മേയര്‍, ഡെപ്യൂട്ടി മേയര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍, അംഗങ്ങള്‍ എന്നിവര്‍ക്കുള്ള പ്രത്യേക മുറി, ലൈബ്രറി, വായനശാല, എക്സിബിഷന്‍ ഹാള്‍, പാര്‍ക്കിങ് സൌകര്യം തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കും. 
സംസ്ഥാനത്ത് രൂപീകരിച്ച പുതിയ കോര്‍പറേഷന് ആസ്ഥാന മന്ദിരം പണിയാന്‍ സര്‍ക്കാര്‍ ബജറ്റില്‍ 100 കോടി രൂപ മാറ്റി വെച്ചിരുന്നു. ആദ്യം പദ്ധതി സമര്‍പ്പിക്കുന്നവര്‍ക്ക് ആദ്യം പണം എന്നതായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. കണ്ണൂര്‍ കോര്‍പറേഷന്റെ 55.89 കോടിയുടെ പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഇനി വിശദമായ റിപ്പോര്‍ട്ട് സഹിതം എന്‍ജിനിയറിങ് വിഭാഗത്തിന് സമര്‍പ്പിച്ച് അംഗീകാരം വാങ്ങിയാല്‍ നിര്‍മാണം ആരംഭിക്കാം. 
2017-18 വര്‍ഷത്തെ 85.89 കോടിയുടെ പദ്ധതിക്കും കൌണ്‍സില്‍ യോഗം അംഗീകാരം നല്‍കി. നേരത്തെ ശുപാര്‍ശ ചെയ്ത ചില പദ്ധതി ഒഴിവാക്കുകയും ചിലത് മാറ്റം വരുത്തി നടപ്പാക്കുകയും ചെയ്യും. യോഗത്തില്‍ മേയര്‍ ഇ പി ലത അധ്യക്ഷയായി. ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ വെള്ളോറ രാജന്‍, ടി ഒ മോഹനന്‍, കൌണ്‍സിലര്‍മാരായ എന്‍ ബാലകൃഷ്ണന്‍, ടി രവീന്ദ്രന്‍, സി സമീര്‍, സുമാ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. 

Related News

കൂടുതൽ വാർത്തകൾ »