14 December Friday
കണ്ണൂരിന്റെ 'ഹെലൻ കെല്ലർ'

അകക്കണ്ണിൽ നിറയുന്നു കരവിരുതിന്റെ വെളിച്ചം

രഷ്‌നദാസ്Updated: Thursday Nov 1, 2018

സിഷ്‌ന ആനന്ദ് നിർമിച്ച കരകൗശല വസ്തുക്കൾ.

തലശേരി
അകക്കണ്ണിന്റെ വെളിച്ചത്തിൽ കാണാക്കാഴ‌്ചകൾക്ക് നിറം പകരുകയാണ് പൊന്ന്യം കുണ്ടുചിറയിലെ സിഷ‌്ന ആനന്ദ്. പരിമിതികളെ മറികടന്ന് ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കുകയാണ് ഇൗ മിടുക്കി. മനോഹരമായ പൂക്കൾ, പേപ്പർ ബാഗുകൾ, ചന്ദനത്തിരി, പലതരത്തിലുള്ള ഡിസൈൻ മാറ്റുകൾ, കുടകൾ, പ്രകൃതിസൗഹൃദ പേപ്പർ, പെന്നുകൾ തുടങ്ങി ഈ കരവിരുതിൽ പിറവിയെടുക്കുന്നതെല്ലാം ഒന്നിനൊന്നു മികച്ചവ. 
പൊന്ന്യം കുണ്ടുചിറയിലെ കാരുണ്യ വീട്ടിൽ ആനന്ദകൃഷ്ണന്റെയും പ്രീത ആനന്ദിന്റെയും മൂത്ത മകളായ സിഷ‌്ന ജന്മനാ അന്ധയും ബധിരയും മൂകയുമാണ‌്. ഇരുപത്താറുകാരിയായ സിഷ‌്നയ‌്ക്ക‌് ഹൃദയത്തിന‌് തകരാറും രണ്ട‌് കണ്ണിനും തിമിരവും ഉണ്ടായിരുന്നു. രണ്ടാം വയസിൽ മുംബൈയിൽ നടത്തിയ ഹൃദയശസ്ത്രക്രിയ വിജയകരമായി. മുംബൈയിലെ ഹെലൻ കെല്ലർ ഇൻസ്റ്റിറ്റ്യൂഷൻ ഡെഫ് ബ്ലൈൻഡ് സ്‌കൂളിലായിരുന്നു പഠനം. കഴിഞ്ഞ വർഷമാണ് കുടുംബം നാട്ടിലെത്തുന്നത്.
കരകൗശലവസ്തുക്കളുടെ കലവറ തന്നെയുണ്ട് ഈ കൊച്ചു കലാകാരിയുടെ വീട്ടിൽ. മകളുടെ കഴിവുകളെ ലോകത്തിനുമുന്നിൽ പ്രദർശിപ്പിക്കാനാണ് സിഷ്നയുടെ അച്ഛൻ മുൻകൈയെടുത്ത് 2017ൽ മാടപ്പീടികയിൽ കീവിസ് പോസിറ്റീവ് അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയത്. സിഷ്നയുടെ സൃഷ്ടികളുടെ പ്രദർശനവും പരിശീലനവും ഇവിടെയുണ്ട‌്. 
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഓപ്പൺ സ്‌കൂളിങ‌് സിലബസ് പ്രകാരം വീട്ടിലിരുന്ന് അച്ഛന്റെ സഹായത്തോടെയാണ് പഠനം. എസ്എസ്എൽസി പരീക്ഷ എഴുതണമെന്നും മോഹമുണ്ട്. സിഷ്നയിലെ ഇഷ്ടാനിഷ്ടങ്ങൾക്കും താൽപര്യങ്ങൾക്കും ഇടയ്ക്കിടെ മാറ്റം വരും. ഇടക്കാലത്ത് കുട നിർമിതിയിലായിരുന്നു താൽപര്യം. 300ൽപരം കുടകൾ നിർമിച്ചു. പിന്നീട് പേപ്പർബാഗ് നിർമാണത്തിലായി ശ്രദ്ധ. ശാസ്ത്രീയനൃത്തം പഠിക്കണമെന്ന താൽപര്യമാണിപ്പോൾ. 
കഠിനാധ്വാനവും ആത്മവിശ്വാസവുംകൊണ്ട് വൈകല്യത്തെ തോൽപിക്കുകയാണ് ഈ കുഞ്ഞു 'ഹെലൻ കെല്ലർ'. സിഷ്നക്ക് താങ്ങും തണലുമായി മാതാപിതാക്കൾ എന്നും ഒപ്പമുണ്ട്. സഹോദരൻ വൈഷ്ണവ് ആനന്ദ് വടക്കുമ്പാട് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ്ടു വിദ്യാർഥിയാണ്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top