19 November Monday

കോളേജുകളിൽ തരംഗമായി എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018

മാടായി കോളേജിൽ വിജയിച്ച സ്ഥാനാർഥികളെ ആനയിച്ച്‌ എസ്‌എഫ്‌ നടത്തിയ പ്രകടനം

കണ്ണൂർ

കണ്ണൂർ സർവകലാശാലയ്ക്കുകീഴിലെ കോളേജുകളിൽ  എസ്എഫ്ഐക്ക് അത്യുജ്വല വിജയം. കണ്ണൂർ ജില്ലയിൽ 45 ൽ 39 നേടിയാണ് എസ്എഫ്ഐ കുത്തക നിലനിർത്തിയത്. തെരഞ്ഞെടുപ്പ് നടന്ന 21ൽ 15 കോളേജ് യൂണിയനുകൾ എസ്എഫ്ഐ നേടി. 12 ഇടത്ത് മുഴുവൻ സീറ്റും എസ്എഫ്ഐക്കാണ്. 24 കോളേജുകളിൽ എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചിരുന്നു. കള്ളപ്രചാരണങ്ങളെയും അവിശുദ്ധ സംഖ്യങ്ങളെയും പരാജയപ്പെടുത്തിയാണ‌് എസ‌്എഫ‌്ഐ ക്യാമ്പസുകളിൽ വിജയക്കൊടി  പാറിക്കുന്നത‌്. 
കഴിഞ്ഞ വർഷം കെഎസ്യു വിജയിച്ച മാടായി, ഇരിട്ടി എംജി, എടത്തൊട്ടി ഡീപോൾ, ചെണ്ടയാട് എം ജി കോളേജും എസ്എഫ്ഐ പിടിച്ചടക്കി. കഴിഞ്ഞ വർഷം സംഘർഷത്തെതുടർന്ന് തെരഞ്ഞെടുപ്പ് റദ്ദാക്കിയ പയ്യന്നൂർ കോളേജിലും മുഴുവൻ സീറ്റിലും വിജയിച്ചാണ് യൂണിയൻ തിരിച്ചുപിടിച്ചത്.
കണ്ണൂർ എസ്എൻ, തലശേരി ബ്രണ്ണൻ, മട്ടന്നൂർ പഴശ്ശിരാജ എൻ എസ് എസ്്, പെരിങ്ങോം ഗവ.,തലശേരി ഗവ., വീർപാട് എസ് എൻ, തോട്ടട എസ് എൻ ജി, ശ്രീകണ്ഠപുരം എസ് ഇ എസ് സെൽഫിനാൻസ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. പൈസക്കരി ദേവമാതാ കോളേജിലും എട്ടിൽ അഞ്ച് സീറ്റ് നേടി യൂണിയൻ ഭരണം നിലനിർത്തി. കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ നാല് സീറ്റ് എസ്എഫ്ഐക്കാണ്. തളിപ്പറമ്പ് സർ സയിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ 3 സീറ്റിലും  വിജയിച്ചു. കെഎസ്യു﹣എംഎസ്എഫ് സംഖ്യമായി മത്സരിച്ച കണ്ണൂർ കൃഷ്ണമേനോൻ ഗവ. വനിതാ കോളേജിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐയാണ്.  
സമരോത്സുകമായ മതനിരപേക്ഷത, സമരസപ്പെടാത്ത വിദ്യാർഥിത്വം എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഇത്തവണ എസ്എഫ്ഐ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്.  സ്ഥാനാർഥികളുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോഴേക്കും 24 കോളേജിൽ എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചിരുന്നു.   ശ്രീകണ്ഠപുരം എസ്ഇഎസ്, മാത്തിൽ ഗുരുദേവ്, കുറ്റൂർ ആദിത്യകിരൺ, പയ്യന്നൂർ ഡബ്ല്യൂഎച്ച്ഒ, പയ്യന്നൂർ നെസ്റ്റ് കോളേജ്, സ്വാമി ആനന്ദതീർഥ ക്യാമ്പസ് പയ്യന്നൂർ, പിലാത്തറ കോ﹣ഓപ‌്. കോളേജ്, നെരുവമ്പ്രം ഐഎച്ച്ആർഡി, മോറാഴ കോളേജ്, കാഞ്ഞിരങ്ങാട് കോളേജ്, പട്ടുവം ഐഎച്ച്ആർഡി, ഔവർ കോളേജ് തിമിരി, ഇരിട്ടി ഇഎംഎസ് ഐഎച്ച്ആർഡി, കൂത്തുപറമ്പ് എംഇഎസ്, പിണറായി ഐഎച്ച്ആർഡി, പുറക്കളം ഐഎച്ച്ആർഡി, ആംസ്റ്റക‌് കല്യാശേരി, മാങ്ങാട്ടുപറമ്പ് സർവകലാശാല ക്യാമ്പസ്, ഐടിഎം ആർട്സ് ആൻഡ് സയൻസ് കോളേജ് മയ്യിൽ, ഐടിഎം ഇൻസ്റ്റിറ്റ്യൂട്ട് മയ്യിൽ എന്നിവിടങ്ങളിലാണ് എതിരില്ലാതെ വിജയിച്ചത്. തലശേരി ഗവ. ബ്രണ്ണൻ, ചൊക്ലി ഗവ.കോളേജ് എന്നിവിടങ്ങളിൽ ഭൂരിഭാഗം മേജർ സീറ്റുകളിലും എതിരില്ലാതെ വിജയിച്ചിരുന്നു.  
എസ്എഫ്ഐയെ വിജയിപ്പിച്ച മുഴുവൻ വിദ്യാർഥികളെയും  ജില്ലാ സെക്രട്ടറിയറ്റ‌് അഭിവാദ്യം ചെയ്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top