20 September Thursday
മഴക്കെടുതി നാശനഷ്ടം

പഞ്ചായത്തുകൾ വാർഷിക പദ്ധതി ഭേദഗതി ചെയ്യണം: ആസൂത്രണ സമിതി

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018
കണ്ണൂർ
മഴക്കെടുതിയിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് നാശനഷ്ടങ്ങളുണ്ടായ തദ്ദേശസ്ഥാപനങ്ങൾ അവയിൽ അടിയന്തര പ്രാധാന്യമുള്ളവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിന് വാർഷിക പദ്ധതികൾ ഭേദഗതി ചെയ്യണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിർദേശം നൽകി. റോഡുകൾ, കലുങ്കുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയവ പൂർണമായോ ഭാഗികമായോ തകർന്ന കേസുകളിൽ അടിയന്തര പ്രാധാന്യത്തോടെ പുനഃസ്ഥാപിക്കേണ്ടവ ഉൾപ്പെടുത്തിയാണ് പദ്ധതി ഭേദഗതി ചെയ്യേണ്ടത്. പഞ്ചായത്തുകൾക്ക് സ്വന്തമായി നടപ്പാക്കാൻ കഴിയാത്ത പദ്ധതികളാണെങ്കിൽ അവ സംയുക്ത പദ്ധതിയാക്കി മാറ്റുന്നതിന‌് സംവിധാനമുണ്ടാക്കണം. അത്തരം കേസുകളിൽ പഞ്ചായത്തുകൾ നിശ്ചിത വിഹിതം വകയിരുത്തുന്നതോടൊപ്പം ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സഹകരണം തേടണമെന്നും യോഗം നിർദേശിച്ചു. 
സെപ്തംബർ 15നുമുമ്പ‌് പദ്ധതി ഭേദഗതികൾ ആസൂത്രണ സമിതി മുമ്പാകെ സമർപ്പിക്കണം. മഴക്കെടുതി നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനുള്ള പദ്ധതികൾക്കാവശ്യമായ തുക, നിലവിലെ വാർഷിക പദ്ധതികളിൽ നടപ്പാവാൻ സാധ്യതയില്ലാത്തതും അടിയന്തര പ്രാധാന്യമില്ലാത്തതുമായ പദ്ധതികൾ ഒഴിവാക്കിക്കൊണ്ട് കണ്ടെത്തണം. 
പൂർണമായും തകർന്ന റോഡുകൾ, കെട്ടിടങ്ങൾ എന്നിവയുടെ നിർമാണത്തിന് ആവശ്യത്തിന് ഫണ്ടില്ലെങ്കിൽ പ്രത്യേക സാഹചര്യത്തിൽ മെയിന്റനൻസ് ഫണ്ടിൽനിന്ന‌് തുക ചെലവഴിക്കണം.  
 വീടിനും കൃഷിക്കും മറ്റും നാശനഷ്ടങ്ങളുണ്ടായവർക്കുള്ള നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യണമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയർമാൻകൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. 
ശക്തമായ മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും തദ്ദേശ സ്ഥാപനങ്ങൾക്കുകീഴിലുള്ള റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, കൃഷി, മൃഗങ്ങൾ, വിദ്യാലയങ്ങൾ തുടങ്ങിയവയ്ക്കുണ്ടായ നഷ്ടങ്ങൾ യോഗം വിലയിരുത്തി. മഴക്കെടുതിമൂലം കൂടുതൽ നഷ്ടങ്ങളുണ്ടായ തദ്ദേശ സ്ഥാപനങ്ങളുടെ പ്രത്യേക യോഗം  ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
ജില്ലാ ആസൂത്രണ കമ്മിറ്റി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എഡിഎം ഇ മുഹമ്മദ് യൂസുഫ്, ആസൂത്രണ സമിതി അംഗങ്ങളായ മേയർ ഇ പി ലത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, കെ പി ജയബാലൻ, വി കെ സുരേഷ്ബാബു, ടി ടി റംല, എം സുകുമാരൻ, പി ജാനകി, അജിത്ത് മാട്ടൂൽ, സുമിത്ര ഭാസ്കരൻ, കെ വി ഗോവിന്ദൻ, ഡിപിഒ കെ പ്രകാശൻ, തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, വകുപ്പ് തലവൻമാർ തുടങ്ങിയവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top