21 November Wednesday
മുൻകരുതലൊരുക്കി ജില്ലാ ഭരണകൂടും

ജലനിരപ്പുയരുന്നു; സർവേ നടത്തി വിവരങ്ങൾ ശേഖരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018

 

 
ഇടുക്കി
ഇടുക്കി, മുല്ലപ്പെരിയാർ സംഭരണികളിൽ ജലനിരപ്പ‌് ഉയരുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി എം എം മണിയുടെ സാന്നിധ്യത്തിൽ അടിയന്തര യോഗം ചേർന്നു. ജനതയുടെ ആശങ്ക ഇല്ലാതാക്കാൻ എല്ലാ സുരക്ഷാനടപടികളും സ്വീകരിക്കാൻ തീരുമാനമായി. ഇടുക്കിയിൽ വെള്ളം പൂർണതോതിൽ ഉയരാതെതന്നെ ചെറുതോണി ഷട്ടർ തുറക്കാനാണ‌് തീരുമാനമെന്നും എല്ലാ മുൻകരുതലും സ്വീകരിക്കുമെന്നും പെരിയാർ തീരവാസികൾക്ക‌് ആശങ്ക വേണ്ടെന്നും മന്ത്രി എം എം മണി പറഞ്ഞു. ഇടുക്കി, മുല്ലപ്പെരിയാർ ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ മന്ത്രിയെ കൂടാതെ കലക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ബന്ധപ്പെട്ട വകുപ്പ‌് മേധാവികളും പങ്കെടുത്തു. അണക്കെട്ട‌് അടിയന്തര സാഹചര്യത്തിൽ തുറക്കേണ്ടിവന്നാൽ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും തുറന്നുവിടുന്ന വെള്ളം ഉണ്ടാക്കുന്ന ആഘാതം ഇല്ലാതാക്കാൻ നടപടികൾ തുടങ്ങിയെന്നും ജില്ലാ കലക്ടർ കെ ജീവൻ ബാബു പറഞ്ഞു. അപായ സൈറൺ മുഴക്കി 15 മിനിറ്റിന് ശേഷമേ അണക്കെട്ട‌് തുറക്കുകയുള്ളൂ. ജീപ്പിൽ മൈക്ക് അനൗൺസ്‌മെന്റ് നടത്തും. വെള്ളം തുറന്നുവിടുന്ന സമയത്ത് ആളുകൾ പുഴയിൽ പോകുന്നത് ഒഴിവാക്കും. സെൽഫി എടുക്കാനും വീഡിയോ എടുക്കാനും ആളുകൾ തടിച്ചുകൂടുന്നത് നിരുത്സാഹപ്പെടുത്തും. ഇക്കാര്യത്തിൽ ബോധവൽക്കരണം നടത്തും. ഇതിനുമുമ്പ് അണക്കെട്ട‌് തുറന്നത് ജലനിരപ്പ‌് 2401 ൽ എത്തിയപ്പോഴാണെന്നും അന്ന് അഞ്ച് ഗേറ്റുകളും അരമീറ്റർ ഉയർത്തിയാണ് വെള്ളം പുറത്തേക്ക് വിട്ടതെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top