25 September Tuesday

കനത്ത മഴയിൽ 2 പാലങ്ങൾ ഒലിച്ചുപോയി; ഇടമലക്കുടി ഒറ്റപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Jul 28, 2018

പുതുക്കുടി‐ കണ്ടത്തിക്കുടി പാലം തകർന്ന നിലയിൽ

 മൂന്നാർ 
തുടർച്ചയായി പെയ്യുന്ന അതിശക്തമായ മഴയിൽ ഇടമലക്കുടിൽ തടികൊണ്ട് നിർമിച്ച രണ്ട് പാലങ്ങൾ ഒലിച്ചുപോയി. മീൻകുത്തി, ഇരുപ്പൽകുടി തുടങ്ങിയ കുടികളിലാണ് പാലം ഒലിച്ചുപോയത്. പുതുക്കുടി കണ്ടത്തിക്കുടി പാലം തകരുകയും ചെയ‌്തു. ഇടമലക്കുടിയിൽനിന്നും മാങ്കുളം, ആനക്കുളം ഭാഗത്തേക്ക് പോകുന്ന ഇരുപ്പൽകുടിയിലെ പാലം തകർന്നതിനാൽ ഇങ്ങോട്ടേക്കുള്ള സഞ്ചാരം തടസ്സപ്പെട്ടു. മീൻകുത്തി പാലം ഒലിച്ചുപോയതിനാൽ വിദൂര കുടികളിൽനിന്നും സൊസൈറ്റിക്കുടിയിലേക്ക് എത്തുന്നതിനും തടസ്സം നേരിടുന്നു.
 റേഷനരി കൃത്യമായി ലഭിക്കുന്നില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. പാലം തകർന്നതിനെ തുടർന്ന് സൊസൈറ്റിക്കുടിയിലെത്താൻ കഴിയാതെ വാൽപ്പാറയിൽചെന്ന് നിവാസികൾ പല വ്യജ്ഞന സാധനങ്ങളും വാങ്ങി വരവെ മുളകുതറക്കുടിക്ക് സമീപം പുഴ നീന്തി കടക്കുന്നതിനിടെ കാൽ വഴുതി 100 കിലോ അരി ചാക്ക് വെള്ളത്തിൽ വീണ് ഒലിച്ചുപോയി. ബുധനാഴ്ച രാവിലെ ഇരുപ്പുകൽ, നെന്മണൽ, കീഴ്പത്തം, കീഴ്വളയംപാറ തുടങ്ങിയ കുടികളിലെ സുബ്രഹ്മണി, സതീഷ്, ചന്ദ്രൻ, വിജയൻ എന്നിവരാണ് വാൽ പാറയിലെത്തി സാധനങ്ങൾ വാങ്ങിവന്നത്.
  പാലങ്ങൾ ഒലിച്ചുപോയതോടെ പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടിയിലേക്ക് എത്താനും ക്ലേശിക്കുന്നു. കൂടാതെ ഗിരിജൻ സഹകരണ സംഘത്തിൽനിന്നും നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ കഴിയാതെ ആദിവാസികൾ ദുരിതത്തിലുമായി. അംഗങ്ങൾ എത്താൻ കഴിയാത്തതുമൂലം പഞ്ചായത്ത‌് ഭരണസമിതി യോഗം ചേരാനും കഴിയുന്നില്ലെന്ന‌് ഇടമലക്കുടി പഞ്ചായത്ത് പ്രസിഡന്റ് എം ഗോവിന്ദരാജ് പറഞ്ഞു. ആദിവാസികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് അടിയന്തര നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. 
 
പ്രധാന വാർത്തകൾ
Top