15 November Thursday

പകൽവീട് വിളിക്കുന്നു, വാർധക്യം മറക്കാൻ

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018

 തൊടുപുഴ

മക്കളും മരുമക്കളും കൊച്ചുമക്കളും ജോലിസ്ഥലത്തുനിന്ന് മടങ്ങിയെത്തുന്നതുവരെ വിധിയെ പഴിച്ച് ഇനി വീട്ടിൽ ചുരുണ്ടുകൂടേണ്ട. കളിയും ചിരിയും തമാശകളുമായി സമപ്രായക്കാർക്കൊപ്പം ഇനി 'ഡേ കെയറിൽ' പകൽ മുഴുവൻ അടിച്ചുപൊളിക്കാം. മുതിർന്ന പൗരന്മാർക്കായി തൊടുപുഴ നഗരസഭ നിർമിക്കുന്ന പകൽവീടിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. 
അറുപതു കഴിഞ്ഞവർക്കാണ് പകൽ വീട്ടിൽ പ്രവേശനം. മനം മടുപ്പിക്കുന്ന ഏകാന്തതയ‌്ക്ക് അവധി നൽകിയെത്തുന്നവരെ   സന്തോഷിപ്പിക്കാനുള്ള സൗകര്യങ്ങളെല്ലാം 29‐ാം വാർഡിൽ പഞ്ചവടിപ്പാലത്തിനു സമീപം പൂർത്തിയാകുന്ന ഈ 'ഡേ കെയറിൽ' ഒരുക്കുന്നുണ്ട്. രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെയായിരിക്കും പ്രവർത്തനം.  
സങ്കടങ്ങളും സന്തോഷങ്ങളും പങ്കിടാൻ കഴിയാത്തതാണ് വാർധക്യത്തിന്റെ പ്രധാന പ്രശ്നമെന്ന് തിരിച്ചറിഞ്ഞാണ് നഗരസഭ ഈ സംരംഭത്തിന് ഒരുങ്ങിയത്. പല വീടുകളിലും സംസാരിക്കാൻ പോലും ആളില്ല. പ്രായംചെന്ന അച്ഛനോ അമ്മയോ വീട്ടിലുണ്ടെങ്കിൽ അവരെ ഒറ്റയ്ക്കാക്കി ജോലിക്കുപോകാൻ കഴിയാത്തതിന്റെ വേവലാതി മക്കൾക്ക്. പകൽവീട് പ്രവർത്തനസജ്ജമാകുന്നതോടെ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകുമെന്ന് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി കരുതുന്നു. 
തോണിക്കുഴി റോഡിൽ നഗരസഭ വാങ്ങിയ സ്ഥലത്താണ് ആയിരം ചതുരശ്രയടി കെട്ടിടം ഉയരുന്നത്. വിശാലമായ ഹാൾ, അടുക്കള, കക്കൂസ്, സ്റ്റോർ എന്നിവ ഇവിടെയുണ്ട്. ടെലിവിഷൻ കണ്ട്, ചായയും കുടിച്ച് പകൽ മുഴുവൻ കഴിച്ചുകൂട്ടാം. തളർച്ച തോന്നിയാൽ വിശ്രമിക്കാൻ കട്ടിലുകളും റെഡി. 
മരുന്നുകൾ മുടങ്ങുമോയെന്നും ഭയപ്പെടേണ്ട. രോഗമുള്ളവരെ പരിചരിക്കാനും യഥാസമയം മരുന്നുകൾ എടുത്തുകൊടുക്കാനും ജീവനക്കാരെ നഗരസഭ ഇവിടെ നിയോഗിക്കും. 
പകൽവീട് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ അങ്കണവാടി പ്രവർത്തിക്കും. ഇപ്പോൾ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടി മികച്ച സൗകര്യങ്ങളൊരുക്കിയാണ് ഇങ്ങോട്ടു മാറ്റുന്നത്.
പ്രധാന വാർത്തകൾ
Top