17 November Saturday
പൈക്കോ ഹൈഡ്രോ പദ്ധതി നിലവിൽ വന്നു

കൂടുതൽ ചെറുകിട ജലസേചന പദ്ധതികൾ ഉണ്ടാകണം‐ മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 27, 2018
ചെറുതോണി
സംസ്ഥാനത്ത് കൂടുതൽ ചെറുകിട ജലസേചന പദ്ധതികൾ ഉണ്ടാകണമെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. മുരിക്കാശേരിയിൽ വാത്തിക്കുടി പഞ്ചായത്തും എനർജി മാനേജ്മെന്റ് സെന്ററും സംയുക്തമായി നിർമിച്ച പൈക്കോ ഹൈഡ്രോ പ്രോജക്ടിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 
   വൈദ്യുതിയുടെ ഉപയോഗത്തിന്റെ അളവും ആവശ്യകതയും അനുദിനം വർധിക്കുകയാണ്. ഭാവിയിൽ ഉണ്ടാകാവുന്ന വൈദ്യുതി ഉപഭോഗം മുന്നിൽ കണ്ടുകൊണ്ടുള്ള കർമപദ്ധതികളാണ് ഉണ്ടാകേണ്ടത‌്. ഇപ്പോൾ തന്നെ നമ്മൾ വൈദ്യുതി പുറത്തുനിന്ന് വാങ്ങുകയാണ്. ചെറുകിട ജലസേചന പദ്ധതികളാണ് ഒരു അളവുവരെ ഇതിനു പരിഹാരമാർഗം. ചെലവുകുറഞ്ഞ ഇത്തരം പദ്ധതികൾ വികസന രംഗത്ത് കൂടുതൽ കരുത്ത് പകരുമെന്നും മന്ത്രി പറഞ്ഞു. 
     വാത്തിക്കുടി പഞ്ചായത്തിനെ ഊർജ കാര്യക്ഷമത പദ്ധതിയിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നു. കുത്തുങ്കൽ നിർമിച്ച പൈക്കോ പ്രോജക്ടിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി മുരിക്കാശേരി പൊലീസ് സ്റ്റേഷനു നൽകുന്നതിന്റെ ഉദ‌്ഘാടനവും മന്ത്രി നിർവഹിച്ചു. സംസ്ഥാനത്ത് വൈദ്യുതി സ്വയം പര്യാപ്തത നേടുന്ന ആദ്യത്തെ പൊലീസ് സ്റ്റേഷനായി മുരിക്കാശേരി മാറി. സമ്മേളനത്തിൽ വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് പി കെ രാജു അധ്യക്ഷനായി.
  ജില്ലാ പഞ്ചായത്തംഗം നോബിൾ ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആർ ശ്രീജ, എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ജി അനിൽ, ജനപ്രതിനിധികളായ പ്രദീപ് ജോർജ‌്, സുനിത സജീവ്, ബിന്ദു സ്കറിയ, കെ പി സുരേന്ദ്രൻ, സിപിഐ എം ഇടുക്കി ഏരിയ സെക്രട്ടറി പി ബി സബീഷ്, സിപിഐ മണ്ഡലം സെക്രട്ടറി എം കെ പ്രിയൻ, കോൺഗ്രസ‌് മണ്ഡലം പ്രസിഡന്റ് അബ്രഹാം ഫ്രാൻസിസ്, ഡിവൈഎസ്പി കെ പി ജോസ്, സി ഐ സിബിച്ചൻ ജോസഫ് എന്നിവർ സംസാരിച്ചു. 
 
 
 
പ്രധാന വാർത്തകൾ
Top