14 November Wednesday

കാന്തല്ലൂരിലെ ശീതകാല വിളകൾ വിൽക്കാനാവാതെ കർഷകർ

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018

 മറയൂർ

വൈദ്യുതി മുടക്കവും വാർത്താവിനിമയ ബന്ധങ്ങളും വാഹന ഗതാഗതവും ദിവസങ്ങളോളം തടസ്സപ്പെട്ട അഞ്ചുനാട്ടിലെ ശീതകാല പച്ചക്കറി കർഷകർ ദുരിതത്തിൽ. ഓണക്കാലം മുന്നിൽകണ്ട് മറയൂർ, കാന്തല്ലൂർ മേഖലയിൽ കർഷകർ വിളയിച്ചെടുത്ത ടൺ കണക്കിന് പച്ചക്കറികളാണ് പാടങ്ങളിൽ വിളവെടുക്കാതെ കിടക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും വിളയിച്ചെടുത്ത പച്ചക്കറികൾ വിൽപനക്കായി വിപണിയിലെത്തിക്കാൻ കഴിയാതെ കർഷകർ വലയുന്നു. മറയൂർ, കാന്തല്ലൂർ ഉൾപ്പെടുന്ന അഞ്ചുനാട് മേഖലകളിലാണ‌് കാലങ്ങളായി ഓണക്കാലത്തേക്കുള്ള പച്ചക്കറി വിളയുന്നത‌്. ഓണം ഉൾപ്പെടെയുള്ള ഉത്സവകാലങ്ങളിൽ പച്ചക്കറി വില അമിതമായി ഉയരുമ്പോൾ ആശ്വസമാകുന്നത് മറയൂർ മലനിരകളിൽ ഉൽപാദിപ്പിക്കപ്പെടുന്ന പച്ചക്കറി വിപണിയിലെത്തുന്നതാണ്.
മേഖലയിൽ അണക്കെട്ടുകൾ ഇല്ലെങ്കിലും കനത്ത മഴയെ തുടർന്ന് ശബരിമല‐ പഴനി തീർഥാടന പാതയുടെ ഭാഗമായുള്ള മറയൂർ‐ മൂന്നാർ റോഡ് നിരവധി സ്ഥലങ്ങളിൽ പൂർണമായും തകർന്നതും ചരക്ക് വാഹങ്ങളുടെ ഗതാഗതം നിലച്ചതുമാണ് ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാൻ കഴിയാത്ത സഹചര്യത്തിൽ എത്തിച്ചത്. ഹോർട്ടികോർപ്പ്, വെജിറ്റബിൾ ആൻഡ‌് ഫ്രൂട്ട് പ്രെമോഷൻ കൗൺസിൽ എന്നിവയാണ് കഴിഞ്ഞ രണ്ടുവർഷമായി പച്ചക്കറികൾ പൂർണമായും സംഭരിക്കുന്ന സർക്കാർ ഏജൻസികൾ. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുൾപ്പെടെ പച്ചക്കറികൾ തമിഴ്നാട്ടിൽ നിലവിൽ വാങ്ങുന്നത്. 
  തൃശ്ശൂർ, പാലക്കാട് ജില്ലകളിലേക്ക് പച്ചക്കറികൾ എത്തിക്കാൻ കഴിയുമെങ്കിലും തമിഴ്നാട്ടിലൂടെ 70 കി. മീറ്ററുകൾ സഞ്ചരിക്കണം. ഹോർട്ടി കോർപ്പ് കാന്തല്ലൂരിലെ കർഷകർക്കായി വാങ്ങി നൽകിയ വാഹനത്തിന് ഇതര സംസ്ഥാന പെർമിറ്റില്ലാത്തതും വിനയായി. 10 ടണ്ണിലധികം ക്യാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ഉൾപ്പെടെയുള്ള വിളകളാണ് തോട്ടങ്ങളിൽ തന്നെ വിളഞ്ഞ് പാകമായിരിക്കുന്നത്. ഒരാഴ‌്ച പിന്നിട്ടതിനാൽ ഉപയോഗ ശൂന്യമായി തീരുമെന്ന‌് കർഷകർ പറയുന്നു. കാന്തല്ലൂരിൽനിന്നും തമിഴ്നാട്ടിലുടെയുള്ള മാർഗം ഉപയോഗപ്പെടുത്തി ഹോർട്ടികോർപ്പ് സംഭരിക്കാനും വിതരണം ചെയ്യാനുമുള്ള സാഹചര്യം ഒരുക്കണമെന്ന് ശീതകാലപച്ചക്കറി ഉൽപാദക സംഘത്തിന്റെ ചുമതലക്കാരായ രാമകൃഷ്ണൻ, മൂർത്തി എന്നിവർ പറയുന്നു. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top