21 September Friday

മുഴുവൻ സ്‌കൂളുകളും ഹൈടെക് ആക്കും‐ മന്ത്രി സി രവീന്ദ്രനാഥ്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018
മൂന്നാർ
സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളും അന്താരാഷ്ട്ര നിലാവരത്തിലേക്ക് ഉയർത്തികൊണ്ടിരിക്കുകയാണെന്നും വരുന്ന അധ്യായന വർഷത്തോടെ മുഴുവൻ  സ്‌കൂളുകളെയും ഹൈടെക് ആക്കി മാറ്റുമെന്നും മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. മൂന്നാർ ശിക്ഷക് സദന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ഇതിനകം 45000 സ്‌കൂളുകളിൽ ഹൈടെക്  സംവിധാനങ്ങൾ ഒരുങ്ങി കഴിഞ്ഞു. പ്രതീക്ഷക്കൊത്ത വിദ്യാഭ്യാസം  പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി വിദ്യാർഥികൾക്ക് നൽകുക, അത്യാധുനിക സജ്ജീകരണങ്ങളോടെ പഠിക്കാനുള്ള സാഹചര്യം ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ ശ്രദ്ധ ചെലുത്തിവരുന്നു എന്നും മന്ത്രി പറഞ്ഞു. അധ്യാപക സമൂഹത്തിനും വിദ്യാർഥികൾക്കും മികച്ച സംഭാവന നൽകാൻ കഴിയുന്നതാണ് ശിക്ഷക് സദനുകളുടെ പ്രവർത്തനം. 
അധ്യാപകർക്കും വിദ്യാർഥികൾക്കും കുറഞ്ഞ ചെലവിൽ താമസവും ഭക്ഷണവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് ശിക്ഷക് സദനുകൾ പ്രവർത്തിക്കുന്നത‌്. സംസ്ഥാനത്തെ പത്താമത്തെ ശിക്ഷക് സദനാണ് മൂന്നാറിൽ ആരംഭിച്ചിരിക്കുന്നത്. വിനോദ സഞ്ചാര മേഖലയിൽ പൊതുജനങ്ങൾക്കുകൂടി പ്രയോജനം ലഭിക്കും വിധം ശിക്ഷക് സദനുകൾക്ക് പ്രവർത്തിക്കാൻ കഴിയും. വിനോദ സഞ്ചാര  മേഖലയായ  മൂന്നാറിൽ ശിക്ഷക് സദൻ പോലുള്ള സംവിധാനങ്ങൾ ഏറെ പ്രയോജനകരമാണെന്ന്‌ ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിച്ച മന്ത്രി എം എം മണി പറഞ്ഞു. ഏഴുകോടി രൂപ മുതൽ മുടക്കി നിർമിച്ച ശിക്ഷക് സദനിൽ 31 മുറികൾ, അമ്പത്‌പേർക്ക് താമസിക്കാൻ കഴിയു രണ്ട് ഡോർമെറ്ററി, പാർക്കിങ‌് സംവിധാനം മുന്നൂറ‌് പേർക്ക് ഇരിക്കാൻ കഴിയുന്ന ഓഡിറ്റോറിയം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്കും പൊതുജനങ്ങൾക്കും അത്യാധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ശിക്ഷക് സദന്റെ സേവനം പ്രയോജനപ്പെടുത്താനും സാധിക്കും. 
  എസ് രാജേന്ദ്രൻ എംഎൽഎ,  പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ വി മോഹൻകുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ എ അബൂബക്കർ, ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു. മൂന്നാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും അധ്യാപകരും വിദ്യാർഥികളും ജനപ്രതിനിധികളും അണിനിരന്ന റാലിയുടെ അകമ്പടിയോടെയായിരുന്നു ഉദ്ഘാടന ചടങ്ങ് നടന്നത്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top