14 November Wednesday

കാന്തല്ലൂരിലെ തോട്ടങ്ങളിൽ പച്ച ആപ്പിളും

വെബ് ഡെസ്‌ക്‌Updated: Sunday Jun 24, 2018

 

 
മറയൂർ
മറയൂർ മലനിരകളിലെ പഴം, പച്ചക്കറി തോട്ടങ്ങളിൽനിന്നും മറ്റൊരു കാർഷിക വിസ്മയം കൂടി. ആപ്പിൾ എന്ന കേൾക്കുമ്പോൾ പൊതുവേ മനസ്സിൽ ഓടിയെത്തുക ചുവന്നു തുടുത്ത പഴങ്ങളാണ്. എന്നാൽ, മറയൂർ‐ കാന്തല്ലൂർ റോഡിൽ വെട്ടുകാട് വാഴയിൽ വീട്ടിൽ ഷിൽജു സുബ്രഹ്മണ്യം എന്ന യുവ കർഷകന്റെ തോട്ടത്തിലാണ‌് ആരെയും ആകർഷിക്കുന്ന പച്ചനിറത്തിലുള്ള ആപ്പിളുകൾ വിളഞ്ഞുനിൽക്കുന്നത‌്. 
    ഷിൽജുവിന്റെ കൃഷിയിടത്തിൽ ഇരുപത് ആപ്പിൾ മരങ്ങളാണുള്ളത്. ഇവയിൽ ഒരെണ്ണത്തിലെ പഴങ്ങൾ മുഴുവൻ പച്ച നിറത്തിലാണ‌്. നാല് വർഷം മുമ്പാണ് ഈ യുവ കർഷകൻ ഇരുപത് ആപ്പിൾ തൈകൾ വാങ്ങി തോട്ടത്തിലെത്തിച്ചത്. കഴിഞ്ഞ വർഷം മുതൽ ഇവയെല്ലാം കായ്ച്ചു തുടങ്ങി. കഴിഞ്ഞ വർഷവും ഇതേ മരത്തിൽ പച്ച ആപ്പിൾ പഴങ്ങളാണ് ഉണ്ടായത്. എണ്ണം കുറവായതിനാൽ കാര്യമായി ശ്രദ്ധിച്ചില്ല. ഈ വർഷവും ഈ മരത്തിൽ നാൽപതിലധികം പച്ച ആപ്പിൾ പഴങ്ങളാണ് ഉണ്ടായത്. 
     വിളവായിട്ടും കൗതുകമായി മാറിയ ആപ്പിൾ ചെടി പ്രത്യേക പരിചരണം നൽകി സംരക്ഷിച്ചുപോരുന്നു. ചുവന്ന ആപ്പിൾ പഴങ്ങളുടെ അത്ര മധുരം ഇതിനില്ലെന്നും പുളിപ്പ് കലർന്ന മധുരമുള്ള ആസ്വാദ്യകരമായ രുചിയാണെന്നും ഷിൽജു പറയുന്നു. പച്ചനിറത്തിൽ ആസ്വാദ്യകരമായ രുചി അനുഭപ്പെടുന്ന ആപ്പിളിനെ ഗ്രാനിസ്മിത്ത് എന്ന പേരിലാണ് അറിയപ്പെടുന്നത‌്. ചുവന്ന ആപ്പിൾ ചെടികളോടൊപ്പം കാന്തല്ലൂരിലെത്തി അനുയോജ്യമായ കാലാവസ്ഥയിലും പരിചരണത്തിലും വിളഞ്ഞു പാകമായതാകാമെന്നാണ് കാർഷിക വിദഗ‌്ധർ പറയുന്നത്.
    ആസ്ത്രേലിയായിലെ സൗത്ത് വെയിൽസിൽ നിന്നാണ് പച്ച ആപ്പിൾ ചെടിയും പഴങ്ങളും കണ്ടെത്തുന്നത്. കുടിയേറിയ മറിയ ആൻ സ്മിത്തും ഭർത്താവ് തോമസുമാണ് ചെടികൾ കണ്ടെത്തി കൃഷി ആരംഭിച്ചത്. ഇപ്പോൾ ആസ്ത്രേലിയയിൽ വിളയുന്ന ആപ്പിൾ പഴങ്ങളിൽ 45 ശതമാനവും പച്ചനിറത്തിലുള്ള ഗ്രാനിസ്മിത്ത് എന്ന പച്ച ആപ്പിളാണ്.
 
 
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top