21 September Friday

നീലക്കുറിഞ്ഞി സീസണിലെ ഒരുക്കങ്ങൾ; 7 ഹെൽപ്പ‌് ഡെസ‌്ക‌് സ്ഥാപിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jun 23, 2018

 

 
മൂന്നാർ
നീലക്കുറിഞ്ഞി സീസണിലെ ഒരുക്കങ്ങൾക്കായി ഏഴ‌് ഹെൽപ്പ‌് ഡെസ്‌ക‌് സ്ഥാപിക്കും. വെള്ളിയാഴ‌്ച ഉത്തരമേഖല ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തിൽ വിവിധ വകുപ്പു മേധാവികളുടെ അവലോകന യോഗം  മൂന്നാറിൽ നടന്നു. കുറിഞ്ഞി സീസണിൽ മറയൂർ മുതൽ അടിമാലി വരെയുള്ള ഭാഗങ്ങളിൽ എട്ട് സെക്ടറുകളിലായി 369 പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിക്കുമെന്ന് ഐജി പറഞ്ഞു. 
56 എസ്ഐമാർ, മൂന്ന് സിഐമാർ, ഒരു ഡിവൈഎസ‌്പി എന്നിവർ സുരക്ഷകൾക്ക‌് നേതൃത്വം നൽകും. ഒമ്പത‌് ബൈക്കുകളിലും 20 പൊലീസ് ജീപ്പുകളും മൂന്നാറിൽ 24 മണിക്കൂറും റോന്ത് ചുറ്റും. കൂടാതെ നിരീക്ഷണ ക്യാമറകൾ വഴിയുള്ള ദൃശ്യങ്ങളും പരിശോധിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തും. കുറിഞ്ഞി സീസണിൽ മൂന്നാറിൽ ഏർപ്പെടുത്തേണ്ട ഗതാഗത സൗകര്യങ്ങൾ, പാർക്കിങ‌് സ്ഥലങ്ങൾ, പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങൾ, കുടിവെള്ള‐ഭക്ഷണ സൗകര്യങ്ങൾ, ചികിത്സാസൗകര്യങ്ങൾ തുടങ്ങിയവ സംബന്ധിച്ചാണ് യോഗം നടന്നത്. യോഗത്തിൽ ദേവികുളം സബ‌് കലക്ടർ വി ആർ പ്രേംകുമാർ, ജില്ലാ പൊലീസ് മേധാവി കെ ബി വേണുഗോപാൽ, വൈൽഡ് ലൈഫ് വാർഡൻ ആർ ലക്ഷ്മി, ത്രിതല പഞ്ചായത്തംഗങ്ങൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
   തുടർന്ന‌് ഐജി രാജമല, പഴയ മൂന്നാർ ഹൈ അൾട്ടിറ്റ്യൂഡ് സ്റ്റേഡിയം, മാട്ടുപ്പെട്ടി റോഡ്, പഴയ മൂന്നാറിലെ പഞ്ചായത്തിന്റെ രണ്ട് പാർക്കിങ‌് ഗ്രൗണ്ടുകൾ എന്നിവിടങ്ങൾ സന്ദർശിച്ചു. കുറിഞ്ഞി സീസണിൽ മൂന്നാറിലെ ടാക്സികൾക്ക് പ്രീപെയ്ഡ് സംവിധാനം ഏർപ്പെടുത്തുമെന്നും ഐജി പറഞ്ഞു.
 
 
 
പ്രധാന വാർത്തകൾ
Top