20 September Thursday

ദുരിതാശ്വാസസമാഹരണം അട്ടിമിറക്കാനുള്ള നീക്കം ചെറുക്കണം: എഫ്എസ്ഇടിഒ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018
തൊടുപുഴ 
സർക്കാർ ജീവനക്കാരും അധ്യാപകരും അവരുടെ രണ്ടുദിവസത്തെ വേതനത്തിനുപുറമെ ഉത്സവബത്തയും ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്ന സംഘടനകുടെ യോഗം കൈക്കൊണ്ട തീരുമാനം ചിലർ സാമൂഹ്യമാധ്യമങ്ങളിലൂടെ തെറ്റായി പ്രചരിപ്പിക്കുകയാണെന്ന് എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.  ബത്ത ദുരിതാശ്വാസനിധിയിലേക്ക് മാറ്റാനെടുത്ത തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ വേതനം നൽകേണ്ടതില്ലെന്ന പ്രചാരണമാണ് നടക്കുന്നത്. 
  കേരളചരിത്രത്തിലിന്നുവരെ ഉണ്ടായിട്ടില്ലാത്ത മഹാപ്രളയത്തെയും അതുണ്ടാക്കിയ ദുരന്തത്തെയും സംസ്ഥാനം ഒറ്റക്കെട്ടായി നേരിടുകയാണ്. പിഞ്ചുകുഞ്ഞുങ്ങളുടേതടക്കം 225 മനുഷ്യജീവനാണ് പൊലിഞ്ഞത്. ഏഴ് ലക്ഷത്തിൽപരം ആളുകൾസർവ്വസ്വവും  നഷ്ടപ്പെട്ട് ദുരിതാശ്വാസക്യാമ്പുകളിലാണ്. തകർന്ന റോഡുകളുടെയും പാലങ്ങളുടേയും കെട്ടിടങ്ങളുടെയും നഷ്ടവും കാർഷികനഷ്ടവും സംസ്ഥാനത്തിന് താങ്ങാനാവുന്നതിനുമപ്പുറമാണ്.
ദുരന്തത്തിലകപ്പെട്ടവരെ സഹായിക്കുന്നതിനും സംസ്ഥാനത്തിന്റെ പുനർനിർമിതിക്കുമായി സർക്കാരിന്റെ അഭ്യർഥന മാനിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സുമനസ്സുകൾ അകമഴിഞ്ഞ് സംഭാവന നൽകിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനജീവനക്കാർ രണ്ടുദിവസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന സർക്കാർ അഭ്യർഥന സംബന്ധിച്ച് നടത്തിയ ചർച്ചയിൽ എല്ലാ സംഘടനകളും സർക്കാരിന്റെ അഭ്യർഥനയക്ക് പൂർണപിന്തുണയാണ് നൽകിയത്. ഇതിനുപറമെ ഉത്സവബത്ത നിധിയിലേക്ക് മാറ്റണമെന്ന നിർദേശവും സംഘടനകൾ അംഗീകരിച്ചു. ഇതിനെയാണ് ചില കേന്ദ്രങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് ദുരിതാശ്വാസനിധിയിലേക്കുള്ള വിഭവസമാഹരണം തകർക്കാനും ജീവനക്കാരെ സമൂഹമധ്യത്തിൽ അവഹേളിക്കാനും ശ്രമിക്കുന്നത്. 
  ദുരന്തത്തിനിരയായ സഹജീവികളുടെ കണ്ണീരൊപ്പാനും സംസ്ഥാനത്തെ പുന:സൃഷ്ടിക്കാനുമായി സമൂഹം ഒറ്റക്കെട്ടായി നടത്തുന്ന വിഭവസമാഹരണത്തിൽ പങ്കാളികളാകാനും രണ്ട് ദിവസത്തെ ശമ്പളം നിധിയിലേക്ക് സംഭാവന ചെയ്യാനും മുഴുവൻ ജീവനക്കാരോടും ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.
 
 
പ്രധാന വാർത്തകൾ
Top