26 September Wednesday

ദുരിത മേഖലകളിൽ സാന്ത്വനം പകർന്ന‌് മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018

 

 
നെടുങ്കണ്ടം
കാലവർഷക്കെടുതികളെ തുടർന്ന് ദുരിതമനുഭവിക്കുന്ന മലയോര ജനതയ‌്ക്ക് മന്ത്രി എം എം മണിയുടെ സന്ദർശനം ആശ്വാസമായി. തിങ്കളാഴ‌്ച രാവിലെ പൂപ്പാറയിൽനിന്നും ആരംഭിച്ച സന്ദർശനം വൈകിട്ട് ചപ്പാത്തിലാണ് അവസാനിച്ചത്.
ചെമ്മണ്ണാർ, വട്ടപ്പാറ, തിങ്കൾക്കാട് കുടി, പള്ളിസിറ്റി, മാവടി കാലാക്കാട്, കൈലാസം, മഞ്ഞപ്പെട്ടി, ചാറൽമേട്, കട്ടക്കാല, പച്ചടി, മഞ്ഞപ്പാറ, ചേമ്പളം ദുരിതാശ്വാസ ക്യാമ്പുകളിലാണ് മന്ത്രി സന്ദർശിച്ച‌് സ്ഥിതിഗതികൾ വിലയിരുത്തിയത‌്. 
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി എൻ വിജയൻ, വി എൻ മോഹനൻ, പി എസ് രാജൻ, ശാന്തൻപാറ ഏരിയ സെക്രട്ടറി എൻ പി സുനിൽകുമാർ, നെടുങ്കണ്ടം ഏരിയ സെക്രട്ടറി ടി എം ജോൺ, മറ്റു ജനപ്രതിനിധികൾ എന്നിവരും മന്ത്രിക്കൊപ്പം ക്യാമ്പുകൾ സന്ദർശിച്ചു. 
 ഉരുൾപൊട്ടിയും ഭൂമി ഇടിഞ്ഞുതാണും ജീവിതത്തിൽ ആകെയുള്ള സമ്പാദ്യമായ വീടു നഷ്ടപ്പെട്ടവർ, കൃഷിഭൂമിയും വളർത്തു മൃഗങ്ങളും നഷ്ടപ്പെട്ടവർ തുടങ്ങി ക്യാമ്പുകളിൽ കഴിയുന്നവർ തങ്ങൾക്കു മുമ്പിലെത്തിയ ജനനായകനു മുമ്പിൽ ആവലാതികൾ നിരത്തി. റോഡുകൾ, കുടിവെള്ള പദ്ധതികൾ, വൈദ്യുതി ലൈൻ തുടങ്ങിയവ നശിച്ചതു സബന്ധിച്ച‌് ജനപ്രതിനിധികളും പൊതുപ്രവർത്തകരും വിവരിച്ചു.
 സംസ്ഥാനത്തെയാകെ ഗുരുതരമായി ബാധിച്ച കാലവർഷക്കെടുതിയെ നേരിടാൻ കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരും യോജിച്ച പ്രവർത്തനമാണ് നടത്തുന്നതെന്ന‌് മന്ത്രി എം എം മണി പറഞ്ഞു. സംസ്ഥാന സർക്കാർ സംവിധാനങ്ങൾക്കൊപ്പം വിവിധ കേന്ദ്ര സേനാ വിഭാഗങ്ങൾ, മത്സ്യത്തൊഴിലാളികൾ, പൊതുപ്രവർത്തകർ എല്ലാവരും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. പ്രതിസന്ധിയെ അതിജീവിക്കുന്നതിന് വിദേശ മലയാളികൾ, കേന്ദ്ര സർക്കാരും രാജ്യത്തെ വിവിധ സംസ്ഥാന സർക്കാരുകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെയെല്ലാം നല്ല നിലയിലുള്ള സഹായം ലഭ്യമാകുന്നതായും ദുരിതത്തിലായ ജനങ്ങൾക്കൊപ്പം സർക്കാരുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top