17 November Saturday

ദുരിതവഴിയിൽ പതറാതെ നെടുനായകത്വം വഹിച്ച‌് എംപി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018

 

 
ഇടുക്കി
ജില്ലയെ പിടിച്ചുകുലുക്കിയ നൂറ്റാണ്ടിലെ മഹാപ്രളയത്തിന്റെ പ്രതിരോധസേനയുടെ അമരത്ത‌് ജോയ‌്സ‌് ജോർജ‌് എംപി.  മലയോരമണ്ണിന്റെ നേതൃസ്ഥാനത്തേക്ക‌് ഉയർന്നുവന്ന ജനപ്രതിനിധി  പ്രളയക്കെടുതിയിൽ തകർന്നടിഞ്ഞ ജനതയ‌്ക്ക‌് സാന്ത്വനം പകരുകയാണ‌്.  കുടിയേറ്റ കർഷകന്റെ നൊമ്പരമറിയാവുന്ന  എംപി , ഉരുൾപൊട്ടൽ ഭീതിയിൽ തെല്ലും പതറാതെ  കർമഭൂമിയിൽ  തന്നെയാണ‌്.  ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്ന 33,835 പേർക്ക‌് ഭക്ഷണവും വസ‌്ത്രവും മരുന്നും എത്തിക്കുന്നതിനുള്ള ഓട്ടം നടത്തുന്നു. കട്ടപ്പനയിലെ ബേസ‌് ക്യാമ്പ‌് കേന്ദ്രീകരിച്ചാണ‌് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുവരുന്നത‌്.  ജില്ലയിലെ ഒരു ക്യാമ്പിലും  പരാതികൾക്ക‌് ഇടനൽകാതെ പഴുതടച്ചുള്ള പ്രവർത്തനമാണ‌് നടത്തുന്നത‌്. രാജ്യത്തെ മറ്റു എംപിമാരുമായി ഉണ്ടാക്കിയെടുത്ത  ഊഷ‌്മളമായ സൗഹൃദം തുണയായി മാറിയിട്ടുണ്ട‌്.   ന്യൂഡൽഹി ഓഫീസ‌് കേന്ദ്രീകരിച്ച‌് സോഷ്യൽ മീഡിയയിലൂടെയും നേരിട്ട‌് ടെലിഫോണിലൂടെയും നടത്തിയ അഭ്യർഥനെയെ തുടർന്ന‌്  കോടിക്കണക്കിന‌് രൂപയുടെ ഭക്ഷ്യധാന്യങ്ങളുടൈ സഹായം ലഭിച്ചു.  ദിണ്ഡിക്കൽ എംപി ഉദയകുമാർ ഏഴ‌് ട്രക്കുകൾനിറയെ ഒരുകോടി രൂപയുടെ ഭക്ഷ്യോൽപന്നങ്ങളും വസ‌്ത്രങ്ങളും എത്തിച്ചു. എം ബി രാജേഷ‌് എംപിയുടെ നേതൃത്വത്തിൽ പാലക്കാട‌്, കോയമ്പത്തൂർ കേന്ദ്രീകരിച്ച‌് വിപുലമായ സഹായങ്ങളും എത്തിച്ചു.
തമിഴ‌്നാട്ടിലെയും കർണാടകത്തിലെയും എംപിമാരാണ‌് വലിയ സഹായങ്ങളുമായി മുന്നോട്ടുവന്നത‌്. കൂടാതെ, നിരവധി സന്നദ്ധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും വലിയതോതിൽ ഭക്ഷ്യോൽപന്നങ്ങൾ എത്തിച്ചുകൊണ്ടിരിക്കുന്നു. നൂറിലധികംപേരാണ‌് കട്ടപ്പനയിൽ ക്യാമ്പ‌്  ചെയ‌്ത‌് വസ‌്ത്രങ്ങളും മരുന്നുകളും ഭക്ഷ്യോൽപന്നങ്ങളും വിതരണം ചെയ്യുന്നത‌്. സർക്കാർ ഉദ്യോഗസ്ഥർ കൃത്യമായ മാർഗനിർദേശം നൽകി സാധനങ്ങളുടെ വിതരണം സുഗമമാക്കുന്നുണ്ട‌്. ജില്ലാ ഭരണകൂടത്തിനും കൃത്യമായ നിർദേശം നൽകി സർക്കാരുമായി നിരന്തരം ബന്ധപ്പെട്ടാണ‌് പ്രവർത്തനങ്ങൾക്ക‌് നേതൃത്വം നൽകുന്നത‌്. സംസ്ഥാന സർക്കാരിൽനിന്നുള്ള സഹായപ്രവാഹവും എത്തിത്തുടങ്ങി. ഉച്ചവരെ കട്ടപ്പനയിലെ പ്രധാന ക്യാമ്പിൽ വിതരണ പ്രവർത്തനങ്ങൾക്ക‌് നേതൃത്വം നൽകിയശേഷം ഉച്ചകഴിഞ്ഞ‌് ദുരിതാശ്വാസ ക്യാമ്പുകളിലെത്തി എല്ലാവരെയുംകണ്ട‌് സംസാരിച്ച‌് കുറവുകൾ അന്വേഷിച്ച‌് പരിഹാരം കാണാനും സമയം കണ്ടെത്തുന്നു. മാതൃകാപരമായ പ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ ജനങ്ങൾക്കും സംതൃപ‌്തിയുണ്ട‌്.
 
 
പ്രധാന വാർത്തകൾ
Top