21 May Monday

ഉടമസ്ഥ തര്‍ക്കം; തട്ടിക്കൊണ്ടുപോയ കാര്‍ മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2017

 ചെറുതോണി > വാഹന വില്‍പനയും കൈമാറ്റവും സംബന്ധിച്ച് തര്‍ക്കം നിലനിലനിന്ന കാര്‍ തട്ടികൊണ്ടു പോകുന്നതിനിടെ മറിഞ്ഞു.  മറ്റൊരു ജീപ്പിലും കാറിലും ഇടിച്ചശേഷം കടയുടെ  മുന്‍പിലേയ്ക്ക് മറിഞ്ഞ് കടയുടെ മുന്‍വശം തകര്‍ന്നു. തിങ്കളാഴ്ച  രാവിലെ  11ന്  ചെറുതോണി ടൌണിലാണ് സംഭവം.  കെഎല്‍ 9 എഡി 999 നമ്പരിലുള്ള ഡസ്റ്റര്‍ കാറാണ്  മറിഞ്ഞത്. 

  ഇതിടിച്ച് സ്വിഫ്ട് കാറിന്റെ മുന്‍വശം തകര്‍ന്നു. കാര്‍ വാങ്ങിയ കുതിരക്കല്ല് പാലിയത്ത് അബ്ദുള്‍ സലാം  കാറുമായി  രാവിലെ ചെറുതോണി പമ്പിന് സമീപമുള്ള ഓട്ടോ കണ്‍സള്‍ട്ടന്‍സി ഓഫീസിലെത്തിയതായിരുന്നു. വാഹനം പാര്‍ക്കുചെയ്ത ശേഷം സലാം ഓഫീസിലേയ്ക്ക് കയറിപ്പോയി. ഈ സമയം   നെടുംങ്കണ്ടം സ്വദേശിയായ യഥാര്‍ത്ഥ ഉടമ ഷജില്‍ ഇസ്മയില്‍ കാര്‍ തട്ടികൊണ്ടു പോവുകയായിരുന്നു. അമിത വേഗതയിലെത്തിയ കാര്‍ ടൌണിന് സമീപം ഒരു ജീപ്പിനെ മറികടക്കുന്നതിനിടെ ജീപ്പിലുരസിയശേഷം എതിരെ വന്ന  കാറില്‍ ഇടിക്കുകയും സമീപത്തുള്ള റാഫേല്‍ ഒപ്ടിക്കല്‍ എന്ന കടയുടെ  മുന്‍പിലേയ്ക്ക് മറിയുകയായിരുന്നു. മറിയുന്നതിനിടെ  കടയുടെ  മുന്‍വശം തകര്‍ന്നു. ഈ സമയം കാല്‍നടയാത്രികര്‍  ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. അപകടത്തില്‍ വാഹനങ്ങളിലുണ്ടായിരുന്ന ആര്‍ക്കും പരുക്കേറ്റില്ല.   മറിഞ്ഞ ശബ്ദംകേട്ട്  നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍  മറിഞ്ഞ കാറിന്റെ ഡോറിന്റെ വിടവിലൂടെ ഒരാള്‍  ഇറങ്ങി വന്നു. ഇയാള്‍ക്ക് പരുക്കുകള്‍ ഇല്ലെന്നും മറ്റാരും വാഹനത്തിലില്ലെന്നും പറഞ്ഞതിന് ശേഷം  ഇയാള്‍ ഓടി  രക്ഷപെട്ടു. 
  അപകടം പറ്റിയത് കാണാനെത്തിയ സലാം തന്റെ കാറാണ് അപകടത്തില്‍പ്പെട്ട് മറിഞ്ഞതെന്നും മറ്റാരോ തട്ടികൊണ്ടു പോയതാണെന്നും നിലവിലെ ഉടമ താനാണെന്നും പൊലീസിനോട് പറഞ്ഞു. വാഹനം അഡ്വാന്‍സ് നല്‍കി വാങ്ങിയശേഷം വാഹന വായ്പ അടച്ചു തീര്‍ക്കുമ്പോള്‍ ബാക്കി പണം നല്‍കാമെന്നായിരുന്നു വ്യവസ്ഥ.  കഴിഞ്ഞ ഡിസംബറിലാണ് വാഹനം  വാങ്ങിയത്. എന്നാല്‍  മുന്‍ ഉടമ വായ്പ അടച്ചു തീര്‍ക്കാത്തതിനാലാണ്  ബാക്കി തുക നല്‍കാത്തതെന്ന് പറയുന്നു. ഇതുസംബന്ധിച്ച് നെടുംങ്കണ്ടം സ്റ്റേഷനില്‍ കേസ് നല്‍കിയിരുന്നതാണ്.  പരിഹാരമുണ്ടാകാത്തതിനെ തുടര്‍ന്ന്  ഈ വാഹനത്തിന്റെ പേരില്‍ നിലവിലെ ഉടമ കോടതിയില്‍  കേസ് നല്‍കിയിരിക്കുകയാണ്. ഇതിനിടെയാണ്  വാഹനം  തട്ടികൊണ്ടു പോയത്. 
പ്രധാന വാർത്തകൾ
Top