24 September Monday

പന്നിയാര്‍കുട്ടിയില്‍ ഉരുള്‍പൊട്ടല്‍: വീടുകളും കടകളും നശിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018
കട്ടപ്പന 
 പന്നിയാർകുട്ടിയിൽ ഉരുൾപൊട്ടി വീടുകളും കടകളും നശിച്ചു. ഒമ്പത‌് കടകളും രണ്ട് വീടുകളും കുരിശുപള്ളിയും നശിച്ചു. പുഴയിൽ മൺതിട്ട രൂപപ്പെട്ടതോടെ പുഴ കരകവിഞ്ഞു. പൊൻമുടി പുരിയിടം സിറ്റിയിൽ റോഡ് ഇടിഞ്ഞ് താഴ‌്ന്നു.  20 അടി വീതിയിൽ പത്ത് ഏക്കറോളം സ്ഥലമാണ് ഉരുൾപൊട്ടലിൽ ഒലിച്ച് പോയത്. ഉരുൽപൊട്ടലിനെ തുടർന്ന് മണ്ണ് പൊൻമുടി പന്നിയാർകുട്ടി പുഴയിലേയ്ക്കാണ് പതിച്ചത്. മണ്ണും മരങ്ങളും നിറഞ്ഞ് പുഴയിൽ ചെറിയ തടയണ രൂപപ്പെട്ടു. ഇതോടെ പുഴയിലെ നീരൊഴുക്ക് തടസ്സപ്പെടുകയും പുഴ കരകവിഞ്ഞ് ഒഴുകുകയും ചെയ്തു. പന്നിയാർകുട്ടിയിൽ കൊന്നത്തടി പഞ്ചായത്തിലെ പ്രദേശങ്ങളിലാണ് ഉരുൾപൊട്ടിയത്. മണ്ണും  മരങ്ങളും രാജാക്കാട് പഞ്ചായത്തിലെ പ്രദേശങ്ങളിൽ നാശം  വിതച്ചു. വലിയ ശബ‌്ദത്തോടെയാണ് ഉരുൾപൊട്ടിയത്. അമ്പലത്തിങ്കൽ തങ്കച്ചന്റെ വീട് പൂർണമായും ഒഴുകയിൽ ജയിംസിന്റെ വീട് ഭാഗികമായും തകർന്നു. പുഞ്ചക്കുഴിയിൽ ഷൈജു, കച്ചടിയിൽ തങ്കച്ചൻ, ചുരുളിയിൽ സൂര്യൻ, ചുരുളിയിൽ ചന്ദ്രൻ, വാലുപാറ പുരുഷോത്തമൻ, കുട്ടിയമ്മ മത്തായി, കുട്ടപ്പൻ തുടങ്ങിയവരുടെ സ്ഥാപനങ്ങളാണ് നശിച്ചത്. 
 ഈട്ടിക്കൽ മണി, പശുതൊട്ടി ഉണ്ണി, ഒറ്റപ്ലാക്കൽ മനോജ്, മാണി പറമ്പിൽ ശശി, പുത്തൻപുരയ്ക്കൽ വക്കച്ചൻ, വാഴച്ചാലിൽ സാജൻ, മധു ഈട്ടിക്കൽ എന്നിവരുടെ കൃഷിയിടങ്ങളാണ് നശിച്ചത്.
 
 
പ്രധാന വാർത്തകൾ
Top