14 November Wednesday

കുരുമുളകിന് വില ഉയരുമെന്ന് ഉറപ്പുനൽകിയതായി ജോയ്സ് ജോർജ‌് എംപി

വെബ് ഡെസ്‌ക്‌Updated: Thursday Jul 19, 2018
 ചെറുതോണി
കുരുമുളകിന്റെ വില ഉയർത്തുന്നതിന് കർശനമായ നടപടികൾ സ്വീകരിച്ചതായി കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രി ഡോ.  സുരേഷ് പ്രഭു ജോയ്സ് ജോർജ‌് എംപിയെ രേഖാമൂലം അറിയിച്ചു. ശ്രീലങ്കയിൽ നിന്നും വ്യാപകമായ തോതിൽ ഗുണനിലവാരം കുറഞ്ഞ കുരുമുളക് ഇറക്കുമതി ചെയ്യുന്നതുമൂലം ആഭ്യന്തര കമ്പോളത്തിൽ കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് കൃഷിക്കാർ ഉൽപാദിപ്പിക്കുന്ന മെച്ചപ്പെട്ട കുരുമുളകിന് വില ലഭിക്കാതെ വരുന്ന സാഹചര്യവും കർഷകർ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയും എംപി പാർലമെന്റിന്റെ ശ്രദ്ധയിൽപെടുത്തി. അയൽ രാജ്യങ്ങളായ നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും കുരുമുളക് കള്ളക്കടത്തായി ഇന്ത്യയിലെത്തിക്കുകയും വൻതോതിൽ നികുതി വെട്ടിപ്പ് നടന്നുവരുന്ന കാര്യവും എംപി പാർലമെന്റിൽ ചൂണ്ടിക്കാട്ടി. 
     വ്യവസായ വാണിജ്യ മന്ത്രാലയം എംപി ഉന്നയിച്ച കാര്യങ്ങൾ ഗൗരവമായി പരിഗണിക്കുകയും ഇറക്കുമതി വ്യവസ്ഥകളിൽ മാറ്റം വരുത്തുകയും ചെയ്തു. 2018 മാർച്ച് 21 ന് തയ്യാറാക്കിയ ഇറക്കുമതിയുമായി ബന്ധപ്പെട്ട പുതിയ ഉത്തരവിൽ സ്വതന്ത്രമായ ഇറക്കുമതി എന്നതിന് പകരം നിരോധിതം എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. അതായത് കുരുമുളകിന്റെ താങ്ങുവിലയായ 500 രൂപയിൽ താഴെയുള്ള ഇറക്കുമതിയെ പൂർണമായും നിരോധിച്ചു. ഇതിലൂടെ അയൽ രാജ്യങ്ങളിൽ നിന്നുള്ള കള്ളക്കടത്തും ഇറക്കുമതിയും ഇല്ലാതാവുകയും ഗാർഹിക കമ്പോളത്തിൽ വരുന്ന കൃഷിക്കാരുടെ സ്വാഭാവിക കുരുമുളകിന് ഉയർന്ന വില ലഭിക്കുകയും ചെയ്യുന്ന അവസരമാണ് കൃഷിക്കാർക്ക് വന്നു ചേരുന്നത്. പുതിയ ഇറക്കുമതി നയത്തിന്റെ ഗൗരവം ഉൾക്കൊണ്ട‌്  ധനകാര്യ വകുപ്പിന് കർശനമായ പരിശോധനകൾക്ക് നിർദേശം നൽകുകയും അതിർത്തി പ്രദേശങ്ങളിൽ കൂടുതൽ കസ്റ്റംസ് ഓഫീസർമാരെ നിയമിച്ച് കള്ളക്കടത്ത് തടയുന്നതിനും വ്യവസായ വാണിജ്യ മന്ത്രാലയം തീരുമാനിച്ചതായി മന്ത്രി രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി.
   കേരളത്തിലെ കുരുമുളക് കർഷകർക്ക് വലിയ ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണ് വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനം. പാർലമെന്റ് ചട്ടം 377 പ്രകാരം എംപി ലോക്സഭയിൽ ഈ വിഷയം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ‌് വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.
 
പ്രധാന വാർത്തകൾ
Top