28 May Monday
ജീപ്പ് സര്‍വീസ് നടത്തരുതെന്ന നിബന്ധനയും

സഞ്ചാരികളുടെ പറുദീസയായ കാന്തല്ലൂര്‍ അസൌകര്യങ്ങളുടെ നടുവില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jul 18, 2017

വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കാന്തല്ലൂരില്‍നിന്ന് മറയൂരിലേയ്ക്കുള്ള വിദൂര ദൃശ്യം

 മറയൂര്‍> പശ്ചിമഘട്ടത്തിന്റെ കിഴക്കന്‍ പ്രദേശമായ മറയൂര്‍ മലനിരകളിലെ ആപ്പിളും സ്ട്രോബറിയും വിളയുന്ന കാന്തല്ലുരിലെ ടൂറിസം വികസനം ഇഴയുന്നു.  അസൌകര്യങ്ങളും വനം വകുപ്പിന്റെ കടുംപിടുത്തവും ടൂറിസ വികസനം താളംതെറ്റുന്നു. 

 കേരളത്തില്‍ ശീതകാല പച്ചക്കറികളും  ആപ്പിളും വിളയുന്ന ഏക സ്ഥലമായ പ്രധാന ടൂറിസം കേന്ദ്രംകൂടിയായ  കാന്തല്ലൂര്‍ അസൌകര്യങ്ങളില്‍ വീര്‍പ്പ്മുട്ടുകയാണ്. മന്നവന്‍ ചോലയിലേക്കുള്ള ജീപ്പ് സഫാരി നടത്തരുതെന്ന് വനം വകുപ്പ് നിബന്ധന വച്ചിരിക്കുകയാണ്. 
  അവധി ദിവസങ്ങളില്‍ സന്ദര്‍ശനത്തിനായി നിരവധി വിനോദ സഞ്ചാരികളാണ് മറയൂര്‍, കാന്തല്ലൂര്‍ മേഖലയിലേയ്ക്ക് എത്തുന്നത്. കഴിഞ്ഞ മധ്യവേനല്‍ അവധിക്കാലത്ത്  കാന്തല്ലൂരില്‍ മാത്രം ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍  വന്നുപോയി. എന്നാല്‍ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൌകര്യം പോലും ഒരുക്കിയിട്ടില്ല.  അവധി ദിവസങ്ങളില്‍ വൈദ്യുതിയും  മുടങ്ങുന്നു. കുടിവെള്ളം ദൌര്‍ലഭ്യവും സഞ്ചാരികള്‍ക്ക്  ദുരിതമുണ്ടാക്കുന്നു. പ്രകൃതിഭംഗി ആസ്വദിക്കാന്‍  കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് ധാരാളം വിനോദ സഞ്ചാരികളാണ് നിരവധി വാഹനങ്ങളില്‍ എത്തുന്നത്. എന്നാല്‍  സഞ്ചാരികളുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍  സൌകര്യമില്ലാത്തത് അവരെ വലയ്ക്കുന്നു.  സഞ്ചാരികള്‍ക്ക് വിശ്രമിക്കാനോ ബസ് കാത്ത് നില്‍ക്കുന്നതിന് വെയിറ്റിംഗ് ഷെഡും ഇല്ല.  പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് നിലവാരമുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 
കാന്തല്ലൂര്‍ ടൌണില്‍ തന്നെ സ്ഥിതി ചെയ്യുന്ന പ്രാഥമിക ആശുപത്രി, ആയുര്‍വേദ ആശുപത്രി, വില്ലേജ് ഓഫീസ്, ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ വരുന്നവരും  അനുബന്ധ സൌകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ്. വിദേശികളടക്കം നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നുണ്ട്.  
കീഴാന്തൂര്‍, കച്ചാരം വെള്ളച്ചാട്ടം, കണ്ണെത്താ ദൂരത്ത് തട്ട് തട്ടായുള്ള നിലങ്ങളില്‍ ഒരുക്കിയിരിക്കുന്ന ശീതകാല പച്ചക്കറി കൃഷിയിടങ്ങള്‍, ആപ്പിള്‍, സ്ട്രോബറി, ബ്ളാക്ക് ബറി തോട്ടങ്ങള്‍ അടക്കമുള്ള പഴത്തോട്ടങ്ങള്‍ എന്നിവ കാന്തല്ലൂരിന്റെ മാത്രം പ്രത്യേകതയാണ്. എന്നാല്‍ വരുന്ന സഞ്ചാരികള്‍ക്ക് ഈ ടൂറിസം സ്പോട്ടിലേയ്ക്ക് എത്തുന്നതിനുള്ള സൂചന ബോഡുകളും സ്ഥാപിച്ചിട്ടില്ല. 
കാന്തല്ലൂര്‍ ടൌണിന് നടുവിലായി ബസ് സ്റ്റേഷനും കാത്തിരിപ്പ് കേന്ദ്രവും സ്ഥാപിക്കാന്‍  നീക്കി വച്ചിരുന്ന റവന്യൂ പുറമ്പോക്ക് സ്ഥലം വനം വകുപ്പ് കൈവശം വച്ചിരിക്കുകയാണ്.  നാട്ടുകാര്‍ ഇതിനെ എതിര്‍ത്ത് പാര്‍ക്കിങ്ങിനായി സൌകര്യമുണ്ടാക്കിയെങ്കിലും അതും നടപ്പിലായില്ല. ഇതോടെ പ്രദേശവാസികളുടെ ഏക പ്രതീക്ഷയും അസ്ഥാനത്തായി.  
ഈ സ്ഥലം വെയിറ്റിംഗ് ഷെഡും കംഫര്‍ട്ട് സ്റ്റേഷനും പണിയാന്‍ സാധിക്കുമെന്നിരിക്കെ അധികൃതര്‍  താല്‍പര്യമെടുക്കാത്തത് ടൂറിസം മേഖലയുടെ വളര്‍ച്ചയെ തടയിടാനാണെന്ന്  നാട്ടുകാര്‍ ആരോപിച്ചു.   ഇവിടെ നിരവധി ഓട്ടോ ടാക്സികളും ഉണ്ട്.   ഈ സ്ഥലം പഞ്ചായത്ത് ഏറ്റെടുത്താല്‍ വാഹനങ്ങള്‍ പാതയോരത്ത് പാര്‍ക്ക് ചെയ്ത് സഞ്ചാരികളുടെ സുഗമയാത്രയ്ക്ക് വഴിതെളിയുമെന്ന്  ഡ്രൈവര്‍മാരും പറയുന്നു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top