Top
26
Wednesday, July 2017
About UsE-Paper

റേഷന്‍കാര്‍ഡ് പുതുക്കിയപ്പോള്‍ ഹൃദ്രോഗികള്‍ ഉള്‍പ്പെടെ നിരവധി സാധാരണക്കാര്‍ എപിഎല്ലില്‍

Tuesday Jul 18, 2017
വെബ് ഡെസ്‌ക്‌

 കുമളി > റേഷന്‍ കാര്‍ഡ് പുതുക്കിയപ്പോള്‍ ഹൃദ്രോഗികള്‍ ഉള്‍പ്പെടെ നിരവധി സാധാരണക്കാരാണ് ഇടുക്കിയില്‍ മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടത്. കേരളത്തിലെ ജീവിത നിലവാരത്തിന് യോജിക്കാത്ത വ്യവസ്ഥകളാണ് നിരവധി ആളുകള്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിലേക്ക് എത്തിച്ചത്.

കുമളി റോസാപ്പൂക്കണ്ടത്ത് താമസിക്കുന്ന മണി(70) വര്‍ഷങ്ങളായി ഹൃദ്രോഗത്തിന് ചികിത്സയിലാണ്. ഉണ്ടായിരുന്ന സ്ഥലം മക്കള്‍ക്ക് വീതം വെച്ചതോടെ ഭാര്യയുമൊത്ത് തനിച്ചാണ് താമസിക്കുന്നത്. മുമ്പ് കുമളിയില്‍ ബസിലും മറ്റും കടല വില്‍പന ചെയ്തായിരുന്നു ജീവിച്ചിരുന്നത്. അതോടൊപ്പം ബിപിഎല്‍ ആയിരുന്നതിനാല്‍ കുറഞ്ഞ നിരക്കില്‍ അരിയും മറ്റും ലഭിച്ചിരുന്നു. കാര്‍ഡ് പുതുക്കല്‍ വന്നതോടെ ഉള്ള ആനുകൂല്യം പോലും നിഷേധിച്ചു. ദീര്‍ഘകാലമായ ഹൃദ്രോഗത്തിന് ചികിത്സയിലാണ് മണി. റേഷന്‍കാര്‍ഡിലെ അപാകത മൂലം സര്‍ക്കാരില്‍ നിന്നും റേഷനരി ഉള്‍പ്പെടെയുള്ള ഒരു ആനുകൂല്യവും ലഭിക്കാതെയായെന്ന് മണി പറഞ്ഞു. മണിയുടെ ഭാര്യ ശാന്തമ്മ(60)യും രോഗിയാണ്. കലക്ടര്‍ക്കും മറ്റും പരാതി കൊടുക്കാനൊരുങ്ങുകയാണ് മണിയും കുടുംബവും.
കുമളി തേക്കിന്‍കാട് കുളംഭാഗത്ത് താമസിക്കുന്ന നൈനമ്മ(70) നേരത്തെ ബിപിഎല്‍ റേഷന്‍ കാര്‍ഡായിരുന്നു. രണ്ട് ആണും രണ്ട് പെണ്‍ മക്കളുമാണുള്ളത്. നൈനമ്മ തനിയെയാണ് താമസിക്കുന്നത്. ഇപ്പോള്‍ എപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനല്‍ ഒരു ആനുകൂല്യവും ലഭിക്കില്ലെന്ന ആശങ്കയിലാണ് നൈനമ്മ. അടുത്ത കാലത്ത് വീണ് നടുവിന് പരിക്കേറ്റ് ചികിത്സയിലാണ്. അതിന് മുമ്പ് ഏലക്കാ തരംതിരിക്കല്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ക്ക് പോയിരുന്നു. നൈനമ്മയും ആനുകൂല്യം നിഷേധിച്ചതിനെതിരെ പരാതി കൊടുക്കാന്‍ ഒരുങ്ങുകയാണ്. റോസാപ്പൂക്കണ്ടം ഭാഗത്ത് താമസിക്കുന്ന രാജേന്ദ്രന്‍(55) ഏതാനും വര്‍ഷങ്ങളായി ഹൃദ്രോഗത്തിന് ചികിത്സയിലാണ്. മുമ്പ് ബിപിഎല്‍ ആയിരുന്നു. പുതിയ റേഷന്‍ കാര്‍ഡ് എത്തിയപ്പോള്‍ എപിഎല്ലിലായി.
കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യ ഭദ്രതാ നിയമത്തിലെ മാനദണ്ഡത്തിലെ അപാകത മൂലമാണ് ജില്ലയില്‍ നൂറുകണക്കിന് അര്‍ഹരായവര്‍ പിന്തള്ളപ്പെട്ടത്. ഇതുവരേയും ബിപിഎല്‍ ലിസ്റ്റിലുള്‍പ്പെട്ടിരുന്ന നിരവധി പേര്‍ക്കാണ് ഇതുമൂലം സൌജന്യ ചികിത്സ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നത്.

Related News

കൂടുതൽ വാർത്തകൾ »