17 November Saturday

മൂന്നാറിൽ വ്യാപക മണ്ണിടിച്ചിൽ; പുഴയിലെ വെള്ളം റോഡിൽകയറി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 17, 2018
മൂന്നാർ
കനത്ത മഴയെ തുടർന്ന് മൂന്നാർ പൊലീസ് സ്റ്റേഷനു സമീപം വ്യാപക മണ്ണിടിച്ചിൽ. കൂറ്റൻ പാറകളും മരങ്ങളും കുണ്ടളയാറിൽ പതിച്ചു. നൂറ് മീറ്റർ നീളത്തിൽ റോഡിനോട് ചേർന്നുള്ള കുന്നാണ് ഇടിഞ്ഞത്. തിങ്കളാഴ്ച പകൽ 11.30 ഓടെയാണ് സംഭവം. മണ്ണും പാറയും പുഴയിലേക്ക് പതിച്ചതിന്റെ ആഘാതത്തിൽ മറുകരയിൽ റോഡിലേക്ക‌് വെള്ളം ഇരച്ചുകയറി. ദേവികുളത്തേക്ക് പോകുന്ന റോഡിന്റെ സംരക്ഷണ ഭിത്തിയും തകർന്നു. സംഭവ സമയത്ത് ഇതുവഴി വാഹനങ്ങൾ പോകാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. മണ്ണിടിച്ചിലിൽ കുണ്ടളയാറിന്റെ ഇരുവശത്തുമുള്ള റോഡ് അപകടാവസ്ഥയിലാണ‌്. 
    കൊച്ചി‐ മധുര ദേശീയപാതയിൽ പഴയ മൂന്നാറിൽ രണ്ടടി ഉയരത്തിൽ റോഡിൽ വെള്ളം കയറി. ഹെഡ്വർക്ക്സ് ഡാമിനു സമീപം മണ്ണിടിഞ്ഞതിനെ തുടർന്ന് ഒരു മണിക്കൂർ നേരം ഗതാഗതം തടസ്സപ്പെട്ടു. ഫയർ ഫോഴ‌്സ‌് മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. കെഎസ്ആർടിസി ബസ് ഡിപ്പോയ്ക്ക് സമീപം ഗ്രാന്റീസ് മരങ്ങൾ ഭാഗികമായി വെള്ളത്തിനടിയിലായി. മൂന്നാർ എംജി കോളനിയിൽ കറുപ്പയ്യയുടെ വീടിനു പുറകിൽ 50 മീറ്റർ ഉയരത്തിൽനിന്നും മണ്ണിടിഞ്ഞുവീണു. വീടിനു ചെറിയ തോതിൽ കേടുപാടുകൾ സംഭവിച്ചു. തൊട്ടടുത്ത് തോടരുകിൽ താമസിക്കുന്ന ചന്ദ്രന്റെ വീടിനുള്ളിൽ വെള്ളം കയറി. മൂന്നാർ സർക്കാർ കോളേജ് മുതൽ ദേവികുളം സിഗ്നൽ പോയിന്റ് വരെ നാലിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. മാട്ടുപ്പെട്ടിയിലേക്ക് തിരിയുന്ന ഭാഗത്തും മണ്ണിടിഞ്ഞു. കെഡിഎച്ച്പി കമ്പനി കന്നിമല ടോപ്പ് ഡിവിഷനിലുണ്ടായ മഴവെള്ളപ്പാച്ചലിൽ ആയിരത്തോളം തേയിലച്ചെടികൾ കടപുഴകി. കർക്കിടകം പ്രമാണിച്ച് തൊഴിലാളികൾക്ക് രണ്ടുദിവസം കമ്പനി അവധി നൽകിയതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല.
      മുതിരപുഴയാർ കവിഞ്ഞൊഴുകുന്ന സാഹചര്യം മുൻനിർത്തി ഹെഡ്വർക്ക്സ് ഡാമിന്റെ ഒരു ഷട്ടർ നാലടി ഉയർത്തി. കഴിഞ്ഞ രണ്ടുദിവസത്തിനിടെ 34.59 സെ. മീറ്റർ മഴയാണ് മൂന്നാറിൽ രേഖപ്പെടുത്തിയത്. മാട്ടുപ്പെട്ടിയിൽ ഡിടിപിസി, ഹൈഡൽ ടൂറിസം കീഴിൽ നടത്തുന്ന ബോട്ടിങ് അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവച്ചു.
 
 
പ്രധാന വാർത്തകൾ
Top