Top
26
Wednesday, July 2017
About UsE-Paper

140 രാജ്യങ്ങളിലെ അപൂര്‍വ കറന്‍സി-നാണയ ശേഖരവുമായി കര്‍ഷകന്‍

Monday Jul 17, 2017
വെബ് ഡെസ്‌ക്‌
ഷാജി തന്റെ കറന്‍സി ശേഖരവുമായി

 നെടുങ്കണ്ടം > അപൂര്‍വ കറന്‍സി - നാണയ ശേഖരവുമായി കര്‍ഷകനായ യുവാവ്. മഞ്ഞപ്പാറ ക്രിസ്തുരാജ് പള്ളിയിലെ കപ്യാര്‍ കൂടിയായ പാറക്കടവില്‍ ഷാജി എന്ന യുവ കര്‍ഷകനാണ് ഈ അപൂര്‍വ നാണയ ശേഖരത്തിനുടമ. 140 രാജ്യങ്ങളുടെ രണ്ടായിരം നാണയങ്ങളും, 60 രാജ്യങ്ങളുടെ കറന്‍സികളുമാണ് ഷാജിയുടെ ശേഖരത്തിലുള്ളത്്. ഇവര്‍ക്ക്്് അഞ്ചു ലക്ഷത്തില്‍പ്പരം രൂപയുടെ മൂല്യമുണ്ടെന്നാണ്് കണക്കാക്കപ്പെടുന്നത്.

ഓട്ടക്കാലണ മുതല്‍ തിരുവിതാംകൂര്‍ ശംഖ്ചക്രങ്ങളും രാജഭരണകാലത്തെ ഇടിച്ചുകൂട്ടിയ ലോഹനാണയങ്ങളും ഉള്‍പ്പടെ നിരവധി രാജ്യങ്ങളില്‍നിന്നുമുള്ള അഞ്ഞൂറുവര്‍ഷത്തില്‍പ്പരം വര്‍ഷത്തെ പഴക്കമുള്ളവയാണ് ഷാജിയുടെ ശേഖരത്തിലുള്ളത്്. 
 അമൂല്യമായി നിധിപോലെ സൂക്ഷിക്കുകയാണ് ജീവിത പ്രയാസങ്ങള്‍ക്കിടയിലും ഈ യുവാവ്.  പുതിയ തലമുറക്ക്് അന്യമായ  ഒന്ന്, രണ്ട്്് , നാല്, എട്ട്്് കാശുകള്‍, ഒന്ന്, രണ്ട്, നാല്  അണകള്‍, വെള്ളിക്കാശുകള്‍ , ശംഖുചക്രം , തിരുവിതാംകൂര്‍ ചക്രം, ജോര്‍ജ് അഞ്ചാമന്റെയും ആറാമന്റെയും കാലത്ത് ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങള്‍ എന്നിവയുടെ വിപുലമായ ശേഖരമാണ് ഈ 34 കാരന്റെ ശേഖരത്തിലുള്ളത്. 
പത്തുവര്‍ഷം മുമ്പ് മഞ്ഞപ്പാറയില്‍ സ്വന്തമായി നടത്തിവന്ന പലചരക്ക് കടയില്‍ ലഭിച്ച അപൂര്‍വയിനം നാണയങ്ങളില്‍ ഷാജിക്ക് കൌതുകംതോന്നി.ഇതോടെ പഴയ നാണയങ്ങളും കറന്‍സികളും ശേഖരിച്ചുതുടങ്ങി.നാണയ ശേഖരത്തിനുപുറമെ ഗ്രാമഫോണ്‍, പഴയ ടേപ്പ്്് റെക്കോര്‍ഡര്‍, ക്യാമറ, റാന്തല്‍തുടങ്ങിയവയും ഷാജിയുടെ ശേഖരത്തിലുണ്ട്്്. 
കഴിഞ്ഞ 20 വര്‍ഷമായി മഞ്ഞപ്പാറ ക്രിസ്തുരാജ് പള്ളിയിലെ കപ്യാരാണ് ഷാജി. മാറിമാറി എത്തിയ പള്ളിയിലെ വൈദികരും കന്യാസ്ത്രീയായ സഹോദരിയും സുഹൃത്തുക്കളുടെയും സഹകരണത്തോടെയാണ് നാണയശേഖരം ഒരുക്കിയത്്്. ഭാര്യ ഷീനയുടേയും മക്കളായ ആന്‍മരിയയുടെയും ആല്‍ബിന്റെയും പൂര്‍ണ പിന്തുണയും ഈ അപൂര്‍വശേഖരം ഒരുക്കുന്നതിന് പിന്നിലുണ്ടെന്ന് ഷാജി പറഞ്ഞു.  
രണ്ട് വര്‍ഷമായി പാന്‍ക്രിയാസ് രോഗത്തിന് ചികിത്സയിലാണ് ഷാജി.  ശസ്ത്രക്രിയയിലൂടെ മാത്രമേ രോഗം ഭേദമാകു എന്നാണ്  ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ഇതിനായി അഞ്ച് ലക്ഷത്തോളം രൂപ വേണ്ടിവരും. 
ഈ തുക കണ്ടെത്താനാകാതെ വിഷമിക്കുമ്പോഴും നാണയശേഖരം നിധിപോലെ കാത്തുസൂക്ഷിക്കുകയാണ് ഷാജിയും കുടുംബവും.