Top
26
Wednesday, July 2017
About UsE-Paper
സര്‍ക്കാര്‍ ഉടന്‍ ഇടപെടും

രാജാക്കാട്, ശാന്തമ്പാറ മേഖലയില്‍ കാട്ടാനയെ നിയന്ത്രിക്കാന്‍ പ്രത്യേക മാസ്റ്റര്‍പ്ളാന്‍: ജോയ്സ് ജോര്‍ജ് എംപി

Monday Jul 17, 2017
വെബ് ഡെസ്‌ക്‌

 രാജാക്കാട്  > വന്യജീവി ആക്രമണം നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍നടപടികള്‍ സ്വീകരിക്കുമെന്ന് അഡ്വ. ജോയ്സ് ജോര്‍ജ് എം പി പറഞ്ഞു. ശാന്തന്‍പാറ, രാജകുമാരി, ബൈസണ്‍വാലി, സേനാപതി, രാജാക്കാട് പഞ്ചായത്തുകളില്‍ ആന ഇറങ്ങുന്നത് നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക മാസ്റ്റര്‍ പ്ളാന്‍ വനം വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. 

 സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരംലഭിച്ചാലുടന്‍ പദ്ധതി നടപ്പാക്കും. കാട്ടാനയുടെ ആക്രമണത്തില്‍ കൃഷിയും, വീടുകളും തകര്‍ന്ന പൂപ്പാറ, മുളളന്‍തണ്ട്, ചേമ്പാല പ്രദേശങ്ങള്‍ ഞായറാഴ്ച സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
  വനാതിര്‍ത്തികള്‍ക്കുള്ളില്‍ വന്യജീവികളുടെ അമിത വംശവര്‍ധനവ് ഉണ്ടാകുന്നതിലൂടെയാണ് വന്യജീവികള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങി വരുന്നത്. ഇതിന് ശാശ്വതമായ പരിഹാരം കാണേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് വനംവകുപ്പ് മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കി സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്.  ആഗസ്റ്റ് ആദ്യം വനം മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് പ്രത്യേകയോഗം വിളിക്കും. ഈ യോഗത്തില്‍ വന്യജീവി ആക്രമണം നിയന്ത്രിക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും.  വീടുംകൃഷിയും നഷ്ടപ്പെട്ടവര്‍ക്കും, നഷ്ടപരിഹാരം നല്‍കുന്നത് വനം, റവന്യു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി എം പി അറിയിച്ചു. 
കുങ്കി ആനയെ തമിഴ്നാട്ടില്‍ നിന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ എത്തിക്കാമെന്നാണ് വൈല്‍ഡ്ലൈഫ് സിസിഎഫ് അറിയിച്ചിട്ടുള്ളതെന്ന്  എം പി പൂപ്പാറയില്‍ ചേര്‍ന്ന യോഗത്തില്‍ അറിയിച്ചു. അഞ്ച് കുഞ്ഞുങ്ങളുമായി കൂട്ടമായി നടക്കുന്ന ആനയെ കൂടുതല്‍ ആക്രമണം നടത്തുന്ന ചില്ലിക്കൊമ്പനേയും ഈ പ്രദേശത്തു നിന്ന് പിടിച്ചുമാറ്റി കോടനാട് ആന വളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനെക്കുറിച്ചും ആലോചിക്കുന്നതായി എം പി വ്യക്തമാക്കി. 
 
 വന്യജീവി ആക്രമണത്തില്‍ കൃഷി നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് വിള ഇന്‍ഷുറന്‍സിന്റെ ‘ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും, ഇത് ഉടന്‍ തന്നെ നല്‍കുമെന്നും എംപി അറിയിച്ചു. വനം വകുപ്പിന്റെ രണ്ട് ദ്രുതകര്‍മ്മസേനാ വിഭാഗത്തെ ആന ഇറങ്ങുന്നത് നിരീക്ഷിക്കുന്നതിനും ജനങ്ങളെ വിവരം അറിയിക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും എം പി യോഗത്തില്‍ അറിയിച്ചു. 
പൂപ്പാറ മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷാ ദിലീപ് അധ്യക്ഷയാകും. ജനങ്ങള്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് അഡ്വ. ജോയ്സ് ജോര്‍ജ് എം പി മറുപടി നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ടി മുരുകന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ സേനാപതി ശശി, ബിജു വര്‍ഗീസ് വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികളായ വി എന്‍ മോഹനന്‍, ടി ജെ ഷൈന്‍, എന്‍ ആര്‍ ജയന്‍, മൂന്നാര്‍ ഡി എഫ് ഒ എന്‍ സി ബാബു, ഉടുമ്പന്‍ചോല തഹസില്‍ദാര്‍ ഭാനുകുമാര്‍, വനം - റവന്യൂ ഉദ്യോഗസ്ഥര്‍, മര്‍ച്ചന്റ്സ് അസോസിയേഷന്‍ ‘ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.