16 November Friday
ഞങ്ങള്‍ക്കും ജീവിക്കണം

അതിജീവന പോരാട്ട വേദിയുടെ ദേശീയപാത ഉപരോധം നാളെ

വെബ് ഡെസ്‌ക്‌Updated: Sunday Jun 17, 2018

 

 
മൂന്നാർ/ അടിമാലി
ജില്ലയിലെ മലയോര ജനതയുടെമേൽ അധികാര കേന്ദ്രങ്ങൾ അടിച്ചേൽപ്പിക്കുന്ന കരിനിയമങ്ങൾക്കെതിരെ അതിജീവന പോരാട്ട വേദിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ആയിരങ്ങൾ ദേശീയപാത ഉപരോധിക്കും. മൂന്നാറുമായി ബന്ധപ്പെട്ട എട്ട് വില്ലേജുകൾക്കായി പ്രത്യേക നിയമ നിർമാണത്തിനുള്ള ഒരുക്കങ്ങൾ ധൃതഗതിയിൽ നടന്നു വരികയാണ്. പത്ത് സെന്റിൽ കൂടുതൽ സ്ഥലം വാണിജ്യ ആവശ്യത്തിന് ഉപയോഗപ്പെടുത്തിയാൽ പട്ടയം റദ്ദ് ചെയ്യുക, ആയിരം ചതുരശ്ര അടിയിൽ കൂടുതൽ വിസ്‌തീർണമുള്ള കെട്ടിടങ്ങൾ സർക്കാർ എറ്റെടുക്കുക തുടങ്ങിയ നിയമങ്ങൾ അതിഗുരുതര വിപത്തിലേക്ക് കർഷകരെ തള്ളിവിടും.  എട്ട് വില്ലേജുകൾക്ക് മാത്രമായി ബാധകമാക്കിയിട്ടുള്ള എല്ലാ കരിനിയമങ്ങളും പിൻവലിക്കുക, മൂന്നാർ ട്രിബൂണൽ പിരിച്ചുവിടുക, 1986 ലെ കെപിടി ആക്ടിന്റെ അഞ്ചാം വകുപ്പിന്റെ പരിധി ഏലത്തോട്ടങ്ങൾക്ക് മാത്രം ബാധകമാക്കുക വഴി കൃഷി ഭൂമിയിൽ നട്ടുവളർത്തിയ മരം മുറിക്കുന്നതിനുള്ള തടസ്സം നീക്കം ചെയ്യുക. ദേശീയപാതകൾ, ഗ്രാമീണ റോഡുകൾ, കുടിവെള്ള സ്രോതസ്സുകൾ എന്നിവ നിരന്തരമായി തടസ്സപ്പെടുത്തുന്ന വനം വകുപ്പ് ഉദ്യോഗസ്ഥന്മാരെ നിലയ്ക്ക് നിർത്തുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചും മൂന്നാർ നിയമം നടപ്പാക്കുന്നതിലൂടെ ജോലി നഷ്ടപ്പെടാൻ ഇടയാകുന്ന തൊഴിലാളികളുടെ പ്രശ്നങ്ങൾ മുൻനിർത്തിയുള്ള സമരത്തിനാണ് അതിജീവന പോരാട്ട വേദി തയ്യാറെടുക്കുന്നത്. 
തിങ്കളാഴ്ച രാവിലെ 10 മുതൽ അടിമാലി സെൻട്രൽ ജങ്ഷൻ മുതൽ ആയിരങ്ങൾ അണിനിരക്കുന്ന ഉപരോധത്തിൽ വാഹനങ്ങൾ നിരത്തിലിറക്കാതെയും കടകൾ അടച്ചിട്ടും സഹകരിക്കണമെന്ന് സമരസമിതി നേതാക്കൾ അഭ്യർഥിച്ചു. പകല്‍ 10 മുതല്‍ ആറ്‌ വരെയാണ് ഉപരോധം. അടിമാലി, വെള്ളത്തൂവല്‍, പള്ളിവാസല്‍, മാങ്കുളം, ബൈസൺവാലി പഞ്ചായത്തുകളില്‍ നിന്നുള്ളവരും സമരത്തില്‍ പങ്കെടുക്കും.  സെന്‍ട്രല്‍ ജംഗ്ഷനില്‍ പകല്‍ പത്ത് മുതല്‍ ഉപരോധം ആരംഭിക്കും.  വാളറ, ഇരുമ്പുപാലം ഭാഗത്ത് നിന്നുള്ളവര്‍ ടൗണ്‍ മുസ്ലിം പള്ളിക്ക് സമീപത്തു നിന്നും, വെള്ളത്തൂവല്‍, കല്ലാര്‍കുട്ടി ഭാഗത്ത് നിന്ന് വരുന്നവര്‍ കാര്‍ഷിക വികസന ബാങ്കിന്റെ മുമ്പില്‍ നിന്നും, ബൈസൺവാലി, പള്ളിവാസല്‍, മാങ്കുളം ഭാഗത്ത് നിന്നമുള്ളവര്‍ സര്‍ക്കാര്‍ സ്കൂളിന്റെ പരിസരത്തു നിന്നും പ്രകടനമായി സെന്‍ട്രല്‍ ജങ്‌ഷനില്‍ എത്തിയാണ് ദേശീയപാതകള്‍ ഉപരോധിക്കുന്നത്. വാർത്താസമ്മേളനത്തിൽ ജനറൽ കൺവീനർ കെ വി ശശി, ചെയർമാൻ എ കെ മണി, കെ കെ വിജയൻ, ഡി കുമാർ, പി പഴനിവേൽ എന്നിവർ പങ്കെടുത്തു.
 
പ്രധാന വാർത്തകൾ
Top