18 September Tuesday

പാറക്കുളം മീൻകുളമാക്കി ഡോക്ടർ

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

മീൻകുളത്തിന്‌ സമീപം ഡോക്ടർ ടി എൽ മാത്യു

 എരുമേലി 

പാഴായി പോകുകയായിരുന്ന ലക്ഷക്കണക്കിന് ലിറ്റർ ജലം കെട്ടിനിറുത്തി മീൻകുളമായി രൂപപ്പടുത്തി ലക്ഷം മീനുകളെ വളർത്തുകയാണ് ഡോക്ടർ ടി എൽ മാത്യു. മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലെ തിരക്കേറിയ ഒപിയിൽ നിന്നും എല്ലാദിവസവും ഡോക്ടർ പകൽ ഒന്നരയാവുമ്പോൾ മീൻകുളക്കരയിലെത്തും .ഡോക്ടറുടെ സ്വരം കേൾക്കുമ്പോൾ ഗിഫ്റ്റ് ഫിലോപ്യ ഇനത്തിൽപെട്ട മീനുകൾ ഓടിയെത്തും. പതിമൂന്നരയേക്കർ സ്ഥലത്തിലെ ഒന്നരയേക്കർ വരുന്ന പാറമടയാണ് കുളമായി രൂപപ്പടുത്തിയത്. അഞ്ചാൾ താഴ്ചയുള്ള പാറമടക്കുളത്തിലെ ഉറവ വെള്ളവും മഴവെള്ളവും പറമ്പിലേക്ക് ഒഴുകിപ്പോകുകയായിരുന്നു . ഇപ്പോഴും ഒരു നിശ്ചത അളവിൽ വെള്ളം പറമ്പിലേക്കൊഴുകുന്നുണ്ട് . 35 ലക്ഷത്തോളം രൂപമുടക്കിയാണ് മീൻകുളമായി രൂപപ്പടുത്തിയത്. പാറമടയുടെ നാലുവശവും കോൺക്രീറ്റിട്ടു കെട്ടിയെടുത്തപ്പോൾ ഉഗ്രൻ ജലസംഭരണിയായി . ഒരുലക്ഷത്തോളം ഫിലോപ്യ വിഭാഗത്തിൽപ്പട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് കുളത്തിൽ നിക്ഷേപിച്ചത്. മീനുകൾക്ക് ഓക്സിജൻ കുറവ് വന്നതിനെത്തുടർന്ന് മീനുകൾക്കായി ഓക്സിജൻ പാർലറുകളും സ്ഥാപിച്ചു. മത്സ്യങ്ങൾ പരുന്തും മറ്റു പക്ഷികളും ഭക്ഷണമാക്കാൻ തുടങ്ങിയതോടെ ഒന്നരയേക്കർ പാറമടകുളം ഗ്രീൻനെറ്റിനാൽ മൂടി സംരക്ഷിച്ചു. ഇന്ന് മീനുകൾ വളർന്നുപാകമായി. ദിവസവും ഒന്നരക്ക് നാട്ടുകാർക്ക് ഡോക്ടർ നേരിട്ടെത്തി കുളത്തിൽ നിന്ന് മീൻ പിടിച്ചു നൽകും കിലോക്ക് നൂറ്റമ്പതു രൂപമാത്രം, അമോണിയ ഇടാത്ത ശുദ്ധമായ മത്സ്യം, ഇതിന് ആവശ്യക്കാർ ഏറെയാണ്. ഈ മീനുകൾ തീരുന്നതിനു ശേഷം കരിമീൻ കുഞ്ഞുങ്ങളെ കുളത്തിൽ വളർത്താനൊരുങ്ങുകയാണ് ഡോക്ടർ. നല്ലൊരു ജൈവ കർഷകൻ കൂടിയായ ഡോക്ടർ മീൻകുളത്തിനരുകിൽ പാവൽ, പയർ, വെണ്ട തുടങ്ങി പച്ചക്കറി കൃഷിയും നടത്തുന്നുണ്ട് . സംസ്ഥാനത്തെങ്ങും പാഴായിക്കിടക്കുന്ന പാറമടക്കുളങ്ങൾ ഇത്തരത്തിൽ സംരക്ഷിച്ചാൽ ജലസംഭരണിയായും , മികച്ച വരുമാനദായകവും ആക്കി മാറ്റാൻ കഴിയുമെന്ന് ഡോക്ടർ മാത്യു സ്വന്തം അനുഭവത്തിൽ നിന്നും സാക്ഷ്യപ്പടുത്തുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top