18 August Saturday

ഓർമകളിൽ ജ്വലിച്ച് രക്തതാരകം

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

കെ കെ വിനോദ്‌ രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ചുള്ള പൊതുയോഗം ഇരട്ടയാറിൽ വൈദ്യുതി മന്ത്രി എം എം മണി ഉദ്‌ഘാടനം ചെയ്യുന്നു

ഇരട്ടയാർ 
അനശ്വര രക്തസാക്ഷി കെ കെ വിനോദിന്റെ 17‐ാമത് ഓർമദിനം പുതുക്കി ജന്മനാട്. വിപുലമായ പരിപാടികളോടെയാണ് വിനോദിന്റെ രക്തസാക്ഷിദിനാചരണം ബുധനാഴ്ച ഇരട്ടയാറിൽ സംഘടിപ്പിച്ചത്. ചുവപ്പുസേനാ പരേഡും ഉജ്വല റാലിയും  ഇരട്ടയാർ ടൗണിനെ ചുവപ്പണിയിച്ചു. അനുസ്മരണസമ്മേളനം വൈദ്യുതി മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു. 
 സിപിഐ എം ഇരട്ടയാർ ലോക്കൽ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ വില്ലേജ് കമ്മിറ്റി പ്രസിഡന്റുമായിരുന്ന വിനോദിനെ 2001 മെയ് 16ന് രാഷ്ട്രീയ സംഘർഷങ്ങൾ ഒന്നുമില്ലാതിരുന്ന സമയത്ത് നിഷ്ഠൂരമായി  കൊലപ്പെടുത്തുകയായിരുന്നു. ഇരട്ടയാറിലെ  കോൺഗ്രസ് പ്രവർത്തകരായിരുന്ന കല്ലന്തറ അപ്പച്ചനും മകൻ അഭിലാഷും ചേർന്നാണ് ഇരട്ടയാർ ടൗണിൽ വച്ച് വിനോദിനെ കുത്തിക്കൊലപ്പെടുത്തിയത്. 
നത്തുകല്ലിൽ  നിന്നും ഇരട്ടയാർ ടൗണിലേക്ക് ചുവപ്പുസേന അംഗങ്ങൾ അണിനിരന്ന  പരേഡിന്റെ അകമ്പടിയോടെ അനുസ്മരണ റാലി നടന്നു. വാദ്യമേളങ്ങളുടെ അകമ്പടിയിൽ നടന്ന അനുസ്മരണറാലിൽ നൂറുകണക്കിന്‌ ബഹുജനങ്ങൾ കനത്ത മഴയെയും അവഗണിച്ച്‌ അണിനിരന്നു. 
ചടങ്ങിൽ ചെമ്പകപ്പാറ ലോക്കൽ സെക്രട്ടറി വി എസ് ഷാജി  അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എൻ ശിവരാജൻ, കെ ആർ സോദരൻ, ഏരിയ സെക്രട്ടറി വി ആർ സജി, ഏരിയ കമ്മിറ്റിയംഗങ്ങളായ എം സി ബിജു, ടോമി ജോർജ്, കെ പി സുമോദ്, വി കെ സോമൻ, കെ പി വിനോദ് എന്നിവർ സംസാരിച്ചു. പി ബി ഷാജി സ്വാഗതവും റെജി ജോസഫ്‌ നന്ദിയും പറഞ്ഞു. കെ കെ വിനോദിന്റെ അമ്മ വള്ളിയമ്മ, ഭാര്യ ജയാ വിനോദ്, മക്കളായ വിനീത്, ഗംഗ, സഹോദരൻ കെ കെ വിജയൻ , മറ്റ് കുടുംബാംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. 
പ്രധാന വാർത്തകൾ
Top