13 December Thursday

സർക്കാർ ഭൂമിയിലെ കൈയേറ്റം റവന്യൂ അധികൃതർ ഒഴിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018

മൂന്നാറിൽ സർക്കാർ ഭൂമിയിൽ നടത്തിയ കൈയേറ്റം റവന്യൂ അധികൃതർ ഒഴിപ്പിക്കുന്നു

മൂന്നാർ 
കേരള വാട്ടർ അതോറിറ്റിയുടെ കിണറിനു സമീപം സർക്കാർ വക ഭൂമിയിൽ നടത്തിയ കൈയേറ്റം ഒഴിപ്പിച്ചു. സർവേ നമ്പർ 62 ൽ കെഡിഎച്ച്പി കമ്പനി സെവൻമല എസ്റ്റേറ്റ് സ്വദേശി പി രാജൻ എന്നയാളാണ് 10 സെന്റ് സ്ഥലം കൈയേറി വേലികെട്ടിത്തിരിച്ചത്. വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയാണ് കൈയേറ്റം. 1989‐96 കാലഘട്ടത്തിൽ ദേവികുളം വില്ലേജ് ഓഫീസിൽ നിന്നും സ്ഥലം സംബന്ധിച്ച രജിസ്റ്റർ നഷ്ടപ്പെട്ടിരുന്നു. ഈ കാലയളവിലുള്ള വ്യാജ സർട്ടിഫിക്കറ്റാണ് ഇയാളുടെ കൈവശമുള്ളത്. 
വില്ലേജ് ഓഫീസിലെ രേഖകൾ പ്രകാരം സർട്ടിഫിക്കറ്റിൽ സൂചിപ്പിച്ചിരിക്കുന്ന തീയതിയിൽ തഹസിൽദാർ അവധിയിലായിരുന്നു. മുമ്പ് ഈ ഭാഗത്ത് നാല് പേർ കൈയേറിയ 40 ഓളം സെന്റ് സ്ഥലം റവന്യൂ സംഘം ഒഴിപ്പിച്ചിരുന്നു. സ്ഥലം കൈയേറി വൻ തുകയ്ക്ക് മറിച്ചു വിൽക്കുന്ന സംഘമാണ് കൈയേറ്റത്തിനു പിന്നിൽ. ദേവികുളം സ്പെഷ്യൽ തഹസിൽദാർ ശ്രീകുമാർ, റവന്യൂ ഇൻസ്പെക്ടർ പ്രസാദ് എന്നിവർ ചേർന്ന് ഭൂസംരക്ഷണ സേനയുടെ സഹായത്തോടെയാണ് കൈയേറ്റം ഒഴിപ്പിച്ചത്.
പ്രധാന വാർത്തകൾ
Top