22 July Sunday

മൂന്നാറിൽ ശുചിമുറി നിർമിക്കണമെന്ന ആവശ്യം ശക്തമായി

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018
മൂന്നാർ  
മൂന്നാറിൽ ആധുനിക സൗകര്യത്തോടു കൂടിയുള്ള ശുചിമുറി നിർമിക്കണമെന്ന ആവശ്യം ശക്തമായി. ആയിരക്കണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന ഇവിടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കാണുന്നത്. പഞ്ചായത്ത് കരാറിൽ സ്വകാര്യ വ്യക്തി നടത്തിവരുന്ന ഒരു ശൗചാലയം മാത്രമാണ് ടൗണിലുള്ളത്. തികച്ചും വൃത്തിഹീനമായി കിടക്കുന്ന ഈ ശൗചാലയത്തിൽ പ്രവേശിക്കുന്നവർ മൂക്കുപൊത്തേണ്ട ഗതികേടിലാണ്. ഉപഭോക്താക്കളിൽ നിന്നും ഫീസ് ഈടാക്കുന്നുെണ്ടങ്കിലും വൃത്തിയായി സൂക്ഷിക്കുന്നതിൽ കരാറുകാരന്റെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടാകുന്നതായി ആക്ഷേപമുണ്ട്. 
   മൂന്നാറിൽ വർധിച്ചുവരുന്ന ടൂറിസം സാധ്യത കണക്കിലെടുത്ത് ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള ശൗചാലയം സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മൂന്നാറിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള സഞ്ചാരികൾക്ക് മറ്റ് പ്രദേശങ്ങളിൽ ഉള്ളതുപോലെ കുളിമുറി, കക്കൂസ്, മൂത്രപ്പുര തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് നിരന്തരമായി ആവശ്യം ഉയർന്നു വരുന്നുണ്ടെങ്കിലും പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാകാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. തിരക്ക് കൂടുതലായി അനുഭവപ്പെടുന്ന മാട്ടുപ്പെട്ടി റോഡിൽ ശൗചാലയം ഇല്ലാത്തതും ജനങ്ങൾക്ക് ദുരിതമാകുന്നു. റോഡരുകിൽ മൂത്ര വിസർജനം നടത്തുന്നത് മൂലം ഇതു വഴി നടന്നുപോകുന്നവർക്ക് വളരെയധികം ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. 
  പെരിയവരൈ കവലയിൽ ശുചിമുറി പണിത് മാസങ്ങൾ പിന്നിട്ടിട്ടും പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിട്ടില്ല. വെള്ളം ഇല്ലെന്ന കാരണം പറഞ്ഞ് അധികൃതർ വൈകിപ്പിക്കുകയാണ്. 
മൂന്നാർ ടൗണിലുണ്ടായിരുന്ന ശുചിമുറി പൊളിച്ചു നീക്കി പുതിയ കെട്ടിടം പണി ആരംഭിച്ചെങ്കിലും ഒരു വർഷം കഴിഞ്ഞെങ്കിലും ഒച്ചിഴയുന്ന പോലെയാണ് നിർമാണ പ്രവർത്തനം നടക്കുന്നത്. രാജമലയിൽ ജൂലൈ അവസാനത്തോടെ പൂക്കുന്ന നീലക്കുറിഞ്ഞി കാണാൻ മൂന്നാറിലെത്തുന്ന ആയിരക്കണക്കിന് വരുന്ന വിനോദസഞ്ചാരികൾക്ക് പ്രാഥമികാവശ്യം നിറവേറ്റാൻ നെട്ടോട്ടം ഓടേണ്ടതായി വരുമെന്ന കാര്യത്തിൽ സംശയമില്ല.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top