22 July Sunday
നിർമാണോദ്ഘാടനം നാളെ

ചിന്നാർ: ജില്ലയിലൊരു വൈദ്യുതി പദ്ധതി കൂടി

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018

 തൊടുപുഴ

കേരളത്തിന്റെ ഊർജസ്രോതസായ ഇടുക്കിയിൽ ഒരു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനു ശേഷം പുതിയൊരു ജലവൈദ്യുതി പദ്ധതി കൂടി വരുന്നു. 24 മെഗാവാട്ട് ശേഷിയുള്ള ചിന്നാർ പദ്ധതിയുടെ നിർമാണോദ്ഘാടനം എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 17 ന് നടത്തും.  മുരിക്കാശേരി കൊന്നത്തടി മങ്കുവയിലാണ് അണക്കെട്ട് നിർമിക്കുന്നത്. 269.87 കോടി രൂപയാണ് പദ്ധതിയുടെ നിർമാണ ചെലവ്.  
ജില്ലയിൽ നിന്നുള്ള മന്ത്രിയും വൈദ്യുതി വകുപ്പിന്റെ അമരക്കാരനുമായ എം എം മണി മുൻകൈയെടുത്ത് നടത്തിയ പ്രവർത്തനങ്ങളെത്തുടർന്നാണ്, സ്ഥലമെടുപ്പിൽ മുടങ്ങിക്കിടന്ന പദ്ധതിക്ക് ജീവൻ വെച്ചത്. മേഖലയുടെ മുക്കും മൂലയുമറിയുന്ന മന്ത്രി തന്നെ പ്രദേശവാസികളുടെ യോഗങ്ങൾ വിളിച്ചുചേർത്തും ജനങ്ങളുമായി നേരിട്ട് ചർച്ച നടത്തിയുമാണ് സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കിയത്.  
പാരിസ്ഥിതിക പ്രശ്നങ്ങളൊന്നുമില്ലാതെ വർഷം മുഴുവൻ വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുമെന്നതാണ് ചിന്നാർ പദ്ധതിയുടെ സവിശേഷത. ചിന്നാർ മങ്കുവയിൽ നിർമിക്കുന്ന 150 മീറ്റർ നീളവും 9.2 മീറ്റർ ഉയരവുമുള്ള ഗേറ്റില്ലാത്ത കോൺക്രീറ്റ് തടയണ, 3125 മീറ്റർ നീളവും കോൺക്രീറ്റ് ലൈനിങ്ങോടെ 3.3 മീറ്റർ വ്യാസമുള്ള തുരങ്കം, പനങ്കുട്ടിയിൽ നിർമിക്കുന്ന പവർഹൗസ്, പവർഹൗസിലേക്ക് വെള്ളമെത്തിക്കാനുള്ള 550 മീറ്റർ നീളവും മൂന്നു മീറ്റർ വ്യാസവുമുള്ള പൈപ്പ് ലൈൻ എന്നിവയാണ് പദ്ധതിയുടെ പ്രധാന ഭാഗങ്ങൾ. 
2007 ൽ നിർമാണം തുടങ്ങിയ 60 മെഗാവാട്ടിന്റെ പള്ളിവാസൽ എക്സ്റ്റൻഷൻ പദ്ധതിയാണ് ഇതിനുമുമ്പ് ജില്ലയിൽ അവസാനമായി ആരംഭിച്ചത്.  ഈ പദ്ധതിയുടെ നിർമാണം 80 ശതമാനത്തോളം പൂർത്തിയായി. കഴിഞ്ഞ യുഡിഎഫ് സർക്കാർ ഈ പദ്ധതി ഉപേക്ഷിച്ചതായിരുന്നു. 
വൻകിട പദ്ധതികളേറെയും നിർമിക്കാൻ തടസ്സങ്ങൾ നേരിടുന്ന സാഹചര്യത്തിൽ പാഴായി പോകുന്ന ജലസമ്പത്ത് പരമാവധി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ചെറുകിട പദ്ധതികൾക്ക് പ്രാധാന്യം നൽകിവരുന്നതെന്ന് മന്ത്രി എം എം മണി വ്യക്തമാക്കി.  ഇപ്പോൾ നിർമാണത്തിലിരിക്കുന്ന ജലവൈദ്യുത പദ്ധതികൾ പൂർത്തിയാകുമ്പോൾ 165 മെഗാവാട്ടിന്റെ സ്ഥാപിതശേഷി കൈവരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.  
വനഭൂമി ആവശ്യമില്ലാത്ത ചിന്നാർ പദ്ധതിക്കായി 109 പേരിൽ നിന്നും 16.03 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഇതിൽ 14.03 ഹെക്ടർ ഏറ്റെടുത്തു. അണക്കെട്ട്, തുരങ്കം തുടങ്ങിയവയുടെ  പ്രാരംഭ നിർമാണ ജോലികൾ ഇതിനോടകം ആരംഭിച്ചു. 
വ്യാഴാഴ്‌ച പകൽ 11 ന് മുരിക്കാശേരി സ്വകാര്യ ബസ് സ്റ്റാൻഡ് അങ്കണത്തിൽ പദ്ധതിയുടെ നിർമാണോദ്ഘാടനം മന്ത്രി എം എം മണി നിർവഹിക്കും. റോഷി അഗസ്റ്റിൻ എംഎൽഎ അധ്യക്ഷനാകും. അഡ്വ. ജോയ്സ് ജോർജ് എംപി മുഖ്യപ്രഭാഷണം നടത്തും.
പ്രധാന വാർത്തകൾ
Top