19 July Thursday

കണിയൊരുക്കി മലയോരം; ശുഭപ്രതീക്ഷയുടെ വിഷു

വെബ് ഡെസ്‌ക്‌Updated: Sunday Apr 15, 2018

 തൊടുപുഴ > കണിയൊരുക്കാൻ മഞ്ഞപ്പൂക്കൾ. രാത്രിയെ വർണാഭമാക്കാൻ പൂത്തിരികൾ. മലയോരം ഒരിക്കൽക്കൂടി വിഷുവിനെ വരവേറ്റു. ആഘോഷങ്ങൾ സ്നേഹം പങ്കിടാനുള്ളതാണെന്ന ഓർമപ്പെടുത്തലുമായാണ് കടുത്ത പ്രതസന്ധികൾക്കിടയിലും ഇടുക്കി വിഷുവിനെ വരവേറ്റത്. പട്ടയമടക്കമുള്ള പ്രശ്നങ്ങളിൽ സംസ്ഥാനസർക്കാർ നൽകുന്ന ശുഭപ്രതീക്ഷയുടെ സാന്ത്വനവും ആഘോഷത്തിന് നിറച്ചാർത്തായി. 

വൈകുന്നേരങ്ങളിൽ തിമിർക്കുന്ന മഴ ചേനയും ചേമ്പുമടക്കമുള്ള നടുതലകൾക്ക് നന്നെന്ന് കർഷകർ പറഞ്ഞു. മുൻ വർഷത്തെ വിളവിൽനിന്ന് നല്ല വിത്തുകൾ കരുതിവച്ച കർഷകർ കൃഷിയിടങ്ങളിൽ അവ നേരത്തെ നട്ടു. കൊടിയ വേനലിൽ കൂമ്പുകൾ കരിഞ്ഞ് കൃഷിയിടം നശിച്ചുപോകുമെന്ന് ആശങ്കയാണ് വേനൽ മഴയോടെ ശമിച്ചത്. 
പടക്കക്കടകൾക്കുമുമ്പിൽ ശനിയാഴ്ച് വൈകിയും വലിയ തിരക്കായിരുന്നു. ഓലപ്പടക്കങ്ങളും പൂത്തിരികളുമായിരുന്നു പ്രധാന ആകർഷണം. ചൈനീസ് പടങ്ങങ്ങൾക്കും ആവശ്യക്കാരുണ്ടായി. വിലക്കുറവുണ്ടെന്നതായിരുന്നു പ്രത്യേകത. പൂത്തിരിയുടെ വിവിധ ശ്രേണികളുണ്ടായിരുന്നു വിൽപ്പനകേന്ദ്രങ്ങളിൽ. നൂറ് രൂപ വരെയായിരുന്നു വില. പല വലിപ്പത്തിലുള്ള കമ്പിത്തിരികൾ വിൽപ്പനയ്ക്കുണ്ടായിരുന്നു. വിലയിലുമുണ്ടായിരുന്നു വ്യത്യാസം. കണിക്കൊന്നകൾ കൊടിയ വേനലിൽ നേരത്തെ പൂത്തു. എങ്കിലും നാട്ടുവഴികളിൽ മഞ്ഞപ്പൂക്കൾ ബാക്കിനിന്നു.  
  നാട്ടിൻപുറത്തുനിന്ന് ശേഖരിച്ച കണിക്കൊന്നപ്പുക്കൾ പട്ടണങ്ങളിൽ വിൽക്കാവനെത്തിയവർ നല്ല ലാഭം കൊയ്തു. ഒരു പിടി കണിക്കൊന്നപ്പുവിന് 30 രൂപയായിരുന്നു വില. 
കരിമരുന്നുൽപ്പന്നങ്ങളുടെ വിൽപ്പനകേന്ദ്രങ്ങളിൽ കാഴ്ചയുടെ വിസ്മയം തീർക്കുന്ന നിരവധി ഇനങ്ങൾ ഇക്കുറി വിൽപ്പനയ്ക്കെത്തി. പടക്കങ്ങൾക്കായിരുന്നു ആവശ്യക്കാരേറെ. കുട്ടികൾ പടക്കങ്ങളും കണിക്കാഴ്ചയുമായി രാത്രിയിൽ വീടുകൾ തോറും സഞ്ചരിച്ചു. വിളവെടുപ്പുത്സവത്തിന്റെ ആഘോഷരാവിനെ നാട് വരേവേറ്റത് ഗൃഹാതുരത്വത്തോടെ. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top